SignIn
Kerala Kaumudi Online
Friday, 19 April 2024 9.20 AM IST

നിർദ്ദേശം നല്‌കാനല്ലേ കോടതിക്ക് കഴിയൂ

photo

പൊതുനിരത്തുകളിലെ മനുഷ്യക്കുരുതി ആവർത്തിക്കാതിരിക്കാൻ പൊലീസ് കർക്കശ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടത് എറണാകുളം നഗരത്തിൽ വെള്ളിയാഴ്ച രാവിലെ ബൈക്ക് യാത്രികന്റെ തലയിലൂടെ സ്വകാര്യബസ് കയറിയിറങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടതുകൊണ്ടാകണം. അത്രമേൽ ദാരുണവും പേടിപ്പെടുത്തുന്നതുമായ അപകടദൃശ്യമായിരുന്നു അത്. നഗരത്തിലെ ഒരു കാർ കമ്പനിയിലെ തൊഴിലാളിയായ വൈപ്പിൻ സ്വദേശിയായ ആന്റണി രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥത്തേക്ക് പുറപ്പെട്ടതാണ്. തിരക്കേറിയ കവലയിൽ സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് മുന്നോട്ടു പാഞ്ഞ സ്വകാര്യ ബസ് ബൈക്കിൽ തട്ടി റോഡിൽ വീണ ആന്റണിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ നാൽക്കവലകളിലും ഇതുപോലുള്ള അലക്ഷ്യമായ ഡ്രൈവിംഗ് പതിവു കാഴ്ചയാണ്. വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ അവശ്യം പാലിക്കേണ്ട ഡ്രൈവിംഗ് മര്യാദകൾ പാടേ വിസ്മരിച്ചുകൊണ്ടാണ് ഒട്ടുമിക്ക സ്വകാര്യ ബസുകളും ചീറിപ്പായുന്നത്.

എറണാകുളം നഗരത്തിലുണ്ടായ വാഹനാപകടം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെട്ട ഉടനെ പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അപകടങ്ങൾ തടയാൻ കർക്കശ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശം നല്‌കിയത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. തുടരെത്തുടരെ ഉണ്ടാകുന്ന റോഡപകടങ്ങൾ എത്രയോ കുടുംബങ്ങളെയാണ് നിത്യദുഃഖത്തിലേക്കു തള്ളിവിട്ടിട്ടുള്ളത്. അതുപോലെ അപകടത്തിൽപ്പെട്ട് എണീക്കാൻ പോലുമാകാതെ ജീവിതം നരകമായിത്തീർന്നവരുടെ കഥകളും മുന്നിലുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ അല്പമൊന്നു ശ്രദ്ധിച്ചാൽ തീർച്ചയായും അപകട നിരക്കു കുറയ്ക്കാനാകും. റോഡിന്റെ ശോച്യാവസ്ഥയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മികച്ച നിലവാരത്തിലുള്ള റോഡുകളിലും അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്. സഹജീവികളോട് ഒട്ടും പരിഗണനയില്ലാതെ വാഹനങ്ങൾ ഓടിക്കുമ്പോഴാണ് അപകടത്തിൽ ചെന്നു ചാടാറുള്ളത്.

വെള്ളിയാഴ്ച തന്നെ വൈകിട്ട് ബൈപാസിൽ ഇൻഫോസിസിനു മുന്നിൽ ഉണ്ടായ അപകടത്തിനു പിന്നിലും വാഹനം ഓടിച്ച യുവാവിന്റെ അഹങ്കാരം കാണാം. സ്റ്റോപ്പ് സിഗ്‌നൽ കടന്ന് അമിതവേഗത്തിൽ പാഞ്ഞ കാറിടിച്ച് യുവതിയായ ഐ.ടി ജീവനക്കാരിക്ക് ഗുരുതരമായ നിലയിൽ പരിക്കേറ്റിരുന്നു. ഇത്രയും വലിയ അപകടത്തിനുശേഷവും വാഹനം നിറുത്താതെ പോവുകയായിരുന്നു. പിന്തുടർന്നുപോയ നാട്ടുകാരാണ് ഒടുവിൽ വാഹനം പിടികൂടി പൊലീസിൽ ഏല്‌പിച്ചത്. ഗതാഗത നിയമങ്ങളെ മാത്രമല്ല ഇതുപോലുള്ളവർ വകവയ്ക്കാത്തത്. മറ്റു മനുഷ്യരോടും ഇക്കൂട്ടർക്ക് തെല്ലും പരിഗണന കാണുകയില്ല. അലക്ഷ്യമായി വാഹനമോടിച്ച് മനുഷ്യരുടെ ജീവനെടുക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് ശാശ്വതമായി റദ്ദാക്കാൻ നിയമ ഭേദഗതി ചെയ്യുകയാണു വേണ്ടത്.

പ്രധാന നിരത്തുകളിലെല്ലാം കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി സീബ്രാലൈനുകളിടണമെന്ന് കോടതിയിൽ നിന്ന് നിർദ്ദേശമുണ്ടായത് സമീപ ദിവസമാണ്. ഒരു വാഹനത്തിൽ നിന്നും അവർക്ക് അശേഷം പരിഗണന ലഭിക്കാറില്ല. നഗരങ്ങളിൽ പോലും കാൽനടക്കാരെ നിരത്തുകളിലെ ശല്യക്കാരായിട്ടാണ് വാഹനങ്ങൾ ഓടിക്കുന്നവർ കാണുന്നത്. സീബ്രാലൈനിൽ കാൽനടക്കാർ നില്‌ക്കുന്നതു കണ്ടാൽ വാഹനങ്ങൾ നിറുത്തണമെന്നത് ലോകമൊട്ടാകെ പാലിക്കപ്പെടുന്ന ഗതാഗത നിയമമാണ്. ഇവിടെയാകട്ടെ ഒരിക്കലും പാലിക്കപ്പെടാത്ത ഗതാഗത നിയമങ്ങളിലൊന്നാണത്.

റോഡുകളുടെ അപര്യാപ്തതകളും വാഹനപ്പെരുപ്പവും അപകട കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാറുണ്ട്. ഇതൊന്നും പക്ഷേ അപകടങ്ങൾക്ക് ന്യായീകരണങ്ങളാകുന്നില്ല. ഉള്ളിലെ അഹങ്കാരം മാറ്റിവച്ച് ഡ്രൈവിംഗ് സീറ്റിലിരിക്കാനുള്ള വിവേകം സ്വായത്തമാക്കുകയാണു വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.