SignIn
Kerala Kaumudi Online
Friday, 29 March 2024 3.35 AM IST

അവരെ വളർത്തുന്നതും രാഷ്ട്രീയക്കാർ തന്നെ

sudhakaran

സത്യം വെട്ടിത്തുറന്നു പറയുന്ന ആളാണ് മരാമത്തു വകുപ്പുമന്ത്രി ജി. സുധാകരൻ. എൽ.ഡി.എഫ് സർക്കാരിൽ മരാമത്തുവകുപ്പിന്റെ ദുഷ്‌കീർത്തി മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ഏറെ ചിന്തിപ്പിക്കുന്നതാണ്. രാഷ്ട്രീയത്തിലെ ക്രിമിനൽ സംഘങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചില വസ്തുതകളാണ് മാദ്ധ്യമ ലേഖകരുടെ മുന്നിൽ അദ്ദേഹം വിവരിച്ചത്. സ്വന്തം പാർട്ടിയിൽ മാത്രമല്ല എല്ലാ പാർട്ടികൾക്കും ബാധകമായ അപകടകരമായ പുതിയൊരു സ്ഥിതിവിശേഷത്തിലേക്കാണ് അദ്ദേഹം വിരൽചൂണ്ടിയത്. ഈ രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾക്ക് രാത്രിയായാൽ പാർട്ടി ഭേദമൊന്നുമില്ലെന്ന സുധാകരന്റെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്നു ബോദ്ധ്യപ്പെടുത്തുന്ന അനവധി സംഭവങ്ങൾ ചുറ്റിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകാലത്തും വോട്ടെടുപ്പിനുശേഷവും തനിക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെയുള്ള അപവാദങ്ങളാണ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് നിമിത്തമായതെങ്കിലും അതിനെക്കാൾ വലിയ അർത്ഥതലങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടെന്നു വ്യക്തമാണ്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം ഇന്ന് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യം തന്നെയാണ്. എല്ലാ പാർട്ടികളിലും ഏറിയും കുറഞ്ഞും ഇരുട്ടിന്റെ ഈ ശക്തികൾ സജീവവുമാണ്. നേരിട്ടു ചെയ്യാനാകാത്ത പല ദുഷ്‌കർമ്മങ്ങളും പാർട്ടി നേതൃത്വങ്ങൾക്കു വേണ്ടി ഇരുട്ടിന്റെ മറവിൽ ചെയ്തുകൂട്ടുന്നത് ഇത്തരം സംഘങ്ങളാണ്. പ്രതിയോഗികളെ വകവരുത്താനോ മറ്റു പല നിലകളിലും തകർക്കാനോ നേതൃത്വം ചുമതലപ്പെടുത്തുന്നത് ഇത്തരം സംഘങ്ങളെയാണ്. തൊഴിലില്ലായ്മ ഏറ്റവും വലിയ സാമൂഹ്യപ്രശ്നമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത് ക്രിമിനൽ സംഘങ്ങളിൽ പ്രവർത്തിക്കാനായി യുവാക്കളെ ലഭിക്കാൻ ഒരു പ്രയാസവുമില്ല. അവിടവിടെ ഇടയ്ക്കിടെ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പരിശോധിച്ചാലറിയാം അതിന്റെ പൊതുസ്വഭാവം.

രാത്രികാലങ്ങളിൽ ഹോട്ടലുകളിലോ മറ്റു താവളങ്ങളിലോ ഒത്തുകൂടുന്ന സംഘങ്ങളിൽ എല്ലാ കക്ഷിക്കാരുമുണ്ടെന്നും ഇത്തരം കൂടിച്ചേരലിലാണ് ടാർഗറ്റ് നിശ്ചയിക്കപ്പെടാറുള്ളതെന്നും മന്ത്രി സുധാകരൻ പറയുമ്പോൾ കേരളം ഭയപ്പെടേണ്ട വലിയൊരു രാഷ്ട്രീയ യാഥാർത്ഥ്യമാണത്. അതേസമയം തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം നാഥനില്ലാതെ ഇത്തരം സംഘങ്ങൾ ഒരിടത്തും വളർന്നു വലുതാകാൻ പോകുന്നില്ല എന്നതാണ്. ഇവിടെയാണ് രാഷ്ട്രീയ നേതൃത്വങ്ങളും പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നത്. സംരക്ഷിക്കാൻ മുകളിൽ ആളുകളുണ്ടെന്നു വന്നാൽ നിർഭയം പ്രവർത്തിക്കാൻ ക്രിമിനൽ സംഘങ്ങൾക്കു സാധിക്കും. അതിന് ഏറെ വളക്കൂറുള്ള മണ്ണ് പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. ആദ്യകാലത്ത് മണൽ മാഫിയകളാണ് വളർന്നതെങ്കിൽ പിന്നീടത് ക്വാറികളിലേക്കും സ്പിരിറ്റിലേക്കും ഏറ്റവുമൊടുവിൽ ലഹരി കടത്തിലേക്കുമൊക്കെ വളർന്നു വലുതായിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലെ അദൃശ്യ ചരടുകൾ ചെന്നെത്തുന്നത് എവിടെയൊക്കെയാണെന്നത് അത്ര രഹസ്യമൊന്നുമല്ല.

രാഷ്ട്രീയത്തിൽ ക്രിമിനൽ സംഘങ്ങളുടെ വളർച്ച തടയാനുള്ള മുഖ്യ ചുമതല രാഷ്ട്രീയ നേതൃത്വങ്ങൾക്കു തന്നെയാണ്. നിർഭാഗ്യവശാൽ ഒരു കക്ഷിയും പൂർണമായി ആ ചുമതല ഏറ്റെടുക്കാറില്ല. ഒരു സംഭവമുണ്ടായാൽ എങ്ങനെ അതിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാകും നോക്കുക. ക്രിമിനലുകളെ ക്രിമിനലുകളായി കണ്ട് നിർദ്ദാക്ഷിണ്യം നടപടി എടുക്കാനുള്ള ആർജ്ജവമാണ് ഉണ്ടാകേണ്ടത്. സർക്കാരിന് അതിന് ഉറച്ച പിന്തുണ നൽകുകയും വേണം. അവിടെ രാഷ്ട്രീയം കലർത്തിയാൽ ക്രിമിനൽ സംഘങ്ങളെ വളർത്തുന്നതിനു തുല്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.