SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.54 PM IST

നെല്ലുത്‌പാദനത്തിലെ വർദ്ധനവ്

rice-prodction-

കേരളത്തിലെ നെല്ലുത്‌പാദനത്തിൽ മികച്ച വർദ്ധനവുണ്ടായി എന്ന റിപ്പോർട്ട് ആശാവഹമാണ്. 2015- 16ൽ 19,6870 ഹെക്ടറിലായിരുന്ന നെൽകൃഷി ഇപ്പോൾ 23,0941 ഹെക്ടറിലേക്ക് വളർന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാലും സംസ്ഥാനത്തിന് വേണ്ടതിന്റെ പകുതി പോലും ഇവിടെ ഉത്‌പാദിപ്പിക്കാനാവുന്നില്ല. അതേസമയം മൂന്ന് വർഷം തുടർച്ചയായി കൃഷി ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം അനുവദിച്ചുകൊണ്ട് കൃഷി കൂടുതൽ വ്യാപകമാക്കി നെല്ലുത്‌പാദനത്തിൽ സ്വയം പര്യാപ്തതയാണ് സർക്കാർ ലക്ഷ്യം.

പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവർക്ക് സഹായവും നെൽവയലുടമകൾക്ക് റോയൽറ്റിയും ഉള്ളതിനാൽ നെൽകൃഷി ഇനി കുറയില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വരുംനാളുകളിൽ കൂടുതൽ പേർ കാർഷികരംഗത്തേക്കിറങ്ങുമെന്ന് കാർഷിക രംഗത്തെ പ്രമുഖരും പ്രതീക്ഷിക്കുന്നു. നെൽകൃഷിയുടെ വ്യാപനവും ഉത്‌പാദനവളർച്ചയും ലക്ഷ്യമിട്ട് കേരള സർക്കാർ പല പദ്ധതികളും നടപ്പാക്കിയിരുന്നു. പദ്ധതികളുടെ നടത്തിപ്പിന് കൃഷിമന്ത്രി എന്ന നിലയിൽ വി.എസ്. സുനിൽകുമാർ ഭാവനാപൂർണമായ നേതൃത്വമാണ് നൽകിയത്. അതിന്റെ കൂടി ഫലമായി വേണം ഇപ്പോഴത്തെ നെല്ലുത്‌പാദന വളർച്ചയെ വിലയിരുത്തേണ്ടത്.

ഇഷ്ടം കൊണ്ട് മാത്രം ആർക്കും നെൽകൃഷി മുന്നോട്ട് കൊണ്ടുപോകാനാവില്ല. തുടർച്ചെ നഷ്ടമുണ്ടായാൽ ഇഷ്ടം അവസാനിപ്പിക്കാൻ ആരും നിർബന്ധിതരാകും. പാടശേഖര സംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും മറ്റും പാട്ടത്തിനെടുത്ത് നടത്തുന്നതാണ് ഭൂരിപക്ഷം നെൽകൃഷിയും. പ്രളയം കാരണം പതിനായിരക്കണക്കിന് ഹെക്ടർ വയലുകൾ കേരളത്തിൽ നശിച്ചുപോയി. പഴയകാലത്തെ നെൽകൃഷി രീതി ഇനി മടങ്ങിവരില്ല. യന്ത്രവത്‌കൃതവും പുതിയ കാലത്തിന്റെ സാങ്കേതികതകളും ഉപയോഗപ്പെടുത്തിയുള്ള രീതികൾക്കേ ഇനി നിലനില്പുള്ളൂ. അന്യസംസ്ഥാനങ്ങളിൽ നിന്ന് നെല്ലും പച്ചക്കറികളും മറ്റും യഥേഷ്ടം വരുന്നുണ്ടെങ്കിലും അതിൽ ഉപയോഗിച്ച കീടനാശിനിയുടെ അളവിനെ സംബന്ധിച്ച് ഊഹിക്കാനേ കഴിയൂ. പലരും നെൽകൃഷിയിലേക്കും പച്ചക്കറി വളർത്തലിലേക്കും മറ്റും തിരിഞ്ഞിരിക്കുന്നത് തന്നെ വിഷം കലർന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക എന്ന താത്‌പര്യത്തോടുകൂടിയാണ്. പണം കൊടുത്ത് രോഗം വരുത്തിവയ്ക്കാൻ വയ്യെന്ന നിലപാടെടുത്തവരാണ് സ്ഥലമില്ലെങ്കിൽ ടെറസിൽ പോലും പച്ചക്കറികൾ നടുന്നത്. ഇതൊരു ട്രെൻഡായും മാറിയിട്ടുണ്ട്. അത്രയും നല്ലത്.

അതേസമയം കൊയ്‌ത്ത് കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും നെല്ല് സംഭരിക്കാൻ പലയിടത്തും നടപടികളായിട്ടില്ലെന്നും റിപ്പോർട്ടുകൾ വരുന്നു. കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നത് 30000 ടൺ നെല്ലാണ്. വില കുറഞ്ഞതിനാൽ പാലക്കാട് നഷ്ടത്തിൽ വിൽക്കേണ്ടിയും വന്നു. കൃഷി ഓഫീസറുടെ സാക്ഷ്യപത്രം അടിസ്ഥാനമാക്കി എടുക്കുമെന്ന് സപ്ളൈകോ അധികൃതർ പറഞ്ഞെങ്കിലും അതു നടന്നിട്ടില്ല. ഇതിനാലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. രണ്ടാം വിളക്കാലത്ത് സംഭരണത്തിലെ കാലതാമസവും വില വിതരണത്തിലെ നിശ്ചയമില്ലായ്മയും കർഷകരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുകയാണ്. പല കാരണങ്ങൾ പറഞ്ഞ് സംഭരണം വൈകിപ്പിക്കാൻ മില്ലുകാരുടെ ഇടനിലക്കാരും രംഗത്തുണ്ട്. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടൽ ശക്തമായി ഉണ്ടായാൽ മാത്രമേ ഇതൊക്കെ പരിഹരിക്കാൻ കഴിയൂ. അതുണ്ടായില്ലെങ്കിൽ ബാങ്കിൽ നിന്ന് കടമെടുത്ത് കൃഷിയിറക്കുന്ന കർഷകന് ആത്മഹത്യയിൽ അഭയം തേടേണ്ടിവരും. നെൽകൃഷി വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അതിനിട വരുത്തരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.