SignIn
Kerala Kaumudi Online
Friday, 19 April 2024 9.43 PM IST

ക്രൂരമായ ഏപ്രിലും മാദ്ധ്യമപ്രവർത്തകരും

kk

ഏപ്രിൽ ക്രൂരമായ മാസമാണെന്ന് ടി.എസ്. എലിയറ്റ് എഴുതിയത് ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകരെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയായിരിക്കുന്നു. ഈ വർഷം ഏപ്രിൽ ഒന്നിനും 28നും ഇടയിൽ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് ബാധിച്ച് ജീവൻ പൊലിഞ്ഞത് 52 മാദ്ധ്യമപ്രവർത്തകരാണ്. 2020 ജനുവരി മുതൽ ഏപ്രിൽ 28 വരെ 56 പേരാണ് മരണമടഞ്ഞത്. ഇതിൽ 52 പേരും മരിച്ചത് ഏപ്രിലിലായിരുന്നു.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പേഴ്‌സെ‌പ്‌ഷൻ സ്റ്റഡീസ് നടത്തിയ വിശദമായ പഠനത്തിൽ 2020 മുതൽ ഇതുവരെ 101 പത്രപ്രവർത്തകർ മഹാമാരിക്ക് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞ മാദ്ധ്യമപ്രവർത്തകരുടെയും അവർ ജോലി ചെയ്തിരുന്ന മാദ്ധ്യമ സ്ഥാപനങ്ങളുടെയും പേരുവിവരം സഹിതമാണ് അവർ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊവിഡിനെതിരെ പോരാടുന്ന മുന്നണിപ്പോരാളികളെ നിർണയിക്കുന്നതു സംബന്ധിച്ച തീരുമാനം തുടക്കത്തിൽ കേന്ദ്ര സർക്കാരാണ് കൈക്കൊണ്ടത്. ആരോഗ്യ പ്രവർത്തകർക്കാണ് പ്രഥമ പരിഗണന നൽകിയത്. അവർക്കാണത് നൽകേണ്ടതും. കാരണം കൊവിഡ് രോഗിയുടെ ഏറ്റവും സമീപത്തുനിന്ന് പരിചരിക്കുന്നത് അവരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും കൊവിഡിനെതിരെ മുന്നണിയിൽ നിന്ന് പോരാടുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരും മറ്റ് മുന്നണി പോരാളികളായി. അതിനാൽ അവർക്കെല്ലാം വാക്‌സിൻ രണ്ട് ഡോസും ലഭിച്ചു. പക്ഷേ അപ്പോഴൊന്നും ഏറ്റവും മുൻനിരയിൽത്തന്നെ നിൽക്കുകയായിരുന്ന മാദ്ധ്യമ പ്രവർത്തകരെ ആരും ഗൗനിച്ചില്ല. ആശുപത്രികളിലെ അപര്യാപ്തതകൾ വലിയ വാർത്തയാക്കുന്നു എന്ന് പറഞ്ഞ് ചിലരെങ്കിലും അവരെ പഴിക്കുകയും ചെയ്തു. ഈ കൊവിഡ് കാലത്ത് പല സ്ഥലത്തും നടന്ന വീഴ്ചകളും പോരായ്മകളും അതേസമയം ശക്തമായ ചെറുത്തുനില്‌പിന്റെയും മനുഷ്യസ്നേഹത്തിന്റെയും വാർത്തകളും ജനങ്ങളും അധികാരത്തിന്റെ തലപ്പത്തുള്ളവരും അറിഞ്ഞത് വാർത്താമാദ്ധ്യമങ്ങളിലൂടെ തന്നെയായിരുന്നു. പക്ഷേ അപ്പോഴൊന്നും വാക്‌സിൻ കുത്തിവയ്പിൽ പ്രഥമ പരിഗണന നൽകേണ്ട വിഭാഗമാണിവരെന്ന് ആരും പറഞ്ഞില്ല. എല്ലാവരുടെയും കാര്യം പറയുന്ന അവർക്ക് വേണ്ടി പറയാൻ ആരുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. മാദ്ധ്യമപ്രവർത്തകരുടെ വിവിധ സംഘടനകളും പ്രസ് കൗൺസിലും എഡിറ്റേഴ്സ് ഗിൽഡും മറ്റും കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് മാദ്ധ്യമപ്രവർത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

തമിഴ്‌നാട്, കർണാടക, തെലുങ്കാന, മദ്ധ്യപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, ഒറീസ, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാലിൻ അധികാരമേല്‌ക്കുന്നതിന് മുമ്പ് തന്നെ മാദ്ധ്യമപ്രവർത്തകരെ മുന്നണി പോരാളികളായി അംഗീകരിക്കുമെന്ന് പറഞ്ഞു. ബംഗാളിൽ മമത അധികാരമേറ്റതിന് തൊട്ടുപിന്നാലെയും ഈ പ്രഖ്യാപനം നടത്തി.

റിപ്പോർട്ടർമാർ മാത്രമല്ല കൊവിഡ് ഭീതിയിൽ കഴിയുന്നത്. മാദ്ധ്യമ സ്ഥാപനങ്ങളിലെ മുഴുവൻ തൊഴിലാളികളും ആപത്‌ശങ്കയിലാണ്. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് വിവിധ തുറകളിൽ പോയി അച്ചടി - ദൃശ്യ - ശ്രാവ്യ മാദ്ധ്യമങ്ങളിലുള്ളവർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ടിവരും. ഒരു ടീമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. അതിൽ വാഹനമോടിക്കുന്ന ഡ്രൈവർ വരെ ഉൾപ്പെടും. അതിനാൽ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും അടിയന്തര പരിഗണന നൽകി മുന്നണി പോരാളികളായി പ്രഖ്യാപിക്കേണ്ടത് ഏതു വീക്ഷണകോണിൽ നോക്കിയാലും തികച്ചും ന്യായമായ കാര്യമാണ്. ഇതുവരെ അതിന് തയ്യാറായിട്ടില്ലാത്ത കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ മൂന്നാംവരവ് വരെ കാത്തിരിക്കാതെ അതിന് തയാറാകുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.