SignIn
Kerala Kaumudi Online
Friday, 29 March 2024 6.38 PM IST

വാക്സിൻ തന്നെ രക്ഷാമാർഗം

vaccine-

കൊവിഡ് വ്യാപനം ഉത്കണ്ഠാജനകമാം വിധം നിലനിൽക്കുന്ന സാഹചര്യത്തിൽ 533 ജില്ലകൾ ആറുമുതൽ എട്ടാഴ്ച വരെ പൂർണമായും അടച്ചിടണമെന്ന ഐ.സി.എം.ആർ ശുപാർശ കേന്ദ്ര സർക്കാർ മുൻപാകെ ഇരിക്കുകയാണ്. നിയന്ത്രണാതീതമായ തോതിൽ രോഗികൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനകം പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കഠിന നടപടികൾ എടുത്തിട്ടും രോഗവ്യാപനത്തിൽ വലിയ കുറവു കാണുന്നില്ലെന്നതാണ് ആരോഗ്യവിദഗ്ദ്ധരെയും സർക്കാരുകളെയും കുഴയ്‌ക്കുന്നത്. എന്നിരുന്നാലും ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ സ്ഥിതി കൈവിട്ടുപോകും. ജനങ്ങൾ പൊതുവേ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നതും അതുകൊണ്ടാണ്.

പോസിറ്റിവിറ്റി നിരക്ക് ഭൂരിപക്ഷം ജില്ലകളിലും ഇരുപതു ശതമാനവും കടന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ ഐ.സി.എം.ആറിന്റെ ശുപാർശ കേന്ദ്ര സർക്കാർ എങ്ങനെ കാണുന്നു എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. രാജ്യമൊന്നാകെ വീണ്ടുമൊരിക്കൽക്കൂടി പൂർണമായി അടച്ചിടുകയെന്നാൽ എല്ലാം നിശ്ചലമാക്കുക എന്നാണ് അർത്ഥം. കൊവിഡിന്റെ തുടക്കത്തിൽ അതു പരീക്ഷിച്ചതാണ്. രോഗവ്യാപനം ഏറ്റവും കുറഞ്ഞുനിന്ന ഘട്ടത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ അലകൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. അതിന്റെ ഓർമ്മ ഉള്ളതിനാലാണ് പൂർണ ലോക്ക് ഡൗൺ ഇനിയില്ലെന്നും അവസാനത്തെ ഉപാധിയായി മാത്രമേ അതിനു മുതിരുകയുള്ളൂവെന്നും പ്രധാനമന്ത്രി ഈയിടെ പ്രഖ്യാപിച്ചത്. ജനജീവിതം പാടേ സ്തംഭിപ്പിച്ചു കൊണ്ടുള്ള അടച്ചിടൽ സൃഷ്ടിക്കുന്ന കെടുതികൾ രാജ്യം അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു നടപടി ഒഴിവാക്കണമെന്ന ചിന്തയിലാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശവും നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇപ്പോൾ ലോക്ക് ഡൗൺ പ്രാബല്യത്തിലുള്ളത്.

പ്രതിദിന കൊവിഡ് കേസുകൾ മുപ്പത്തയ്യായിരവും നാല്പതിനായിരവുമൊക്കെയായി കുതിച്ചുയർന്ന കേരളവും ഇപ്പോൾ ലോക്ക് ഡൗണിലാണ്. രോഗവ്യാപന നിരക്കിൽ പറയത്തക്ക കുറവൊന്നും കാണാത്ത സ്ഥിതിക്ക് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയല്ലാതെ വേറെ മാർഗമില്ല. അവശ്യ സേവന മേഖലകൾ തടസപ്പെടാത്ത രീതിയിലാണ് അടച്ചിടൽ എന്നതിനാൽ നല്ലൊരു വിഭാഗത്തിന് വലിയ പരാതികളില്ല. എന്നാൽ അടച്ചിടൽ അനിശ്ചിതമായി നീണ്ടാൽ നിത്യവരുമാനം മുടങ്ങുന്ന വളരെയധികം പേരുണ്ടെന്ന കാര്യം വിസ്മരിക്കരുത്. കൂലിപ്പണിക്കാർ, പലവിധത്തിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, യാത്രാനിരോധനം കാരണം ജീവിതമാർഗം മുടങ്ങുന്ന ടാക്സി - ഓട്ടോ ജീവനക്കാർ, ബസ് ജീവനക്കാർ അങ്ങനെ നീണ്ടുപോകുന്നു പട്ടിക. ആദ്യ ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ ജീവിതം കുറെശ്ശെ പച്ചപിടിക്കാൻ തുടങ്ങുന്നതിനിടയിൽ എത്തിയ രണ്ടാംതരംഗം ഒരിക്കൽക്കൂടി എല്ലാം കടപുഴക്കുമോ എന്ന ആശങ്ക തികച്ചും സ്വാഭാവികമാണ്.

ഒന്നാകെ അടച്ചിട്ടുകൊണ്ട് മഹാമാരിയെ വരുതിയിലാക്കാൻ എളുപ്പമല്ലെന്നു തെളിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഫലപ്രദമായ മറ്റ് ഉപായങ്ങൾക്കു പരമാവധി പ്രാധാന്യം നൽകാനുള്ള അടിയന്തര നടപടികളാണു വേണ്ടത്. ഇതിൽ ആദ്യ ഇനം പ്രതിരോധ കുത്തിവയ്പ് സാർവത്രികമാക്കുക എന്നതു തന്നെയാണ്. എല്ലാ പ്രായക്കാർക്കും ആദ്യ ഡോസ് കുത്തിവയ്പെങ്കിലും എത്രയും വേഗം പൂർത്തിയാക്കാൻ കഴിഞ്ഞാൽ രോഗവ്യാപനം ഗണ്യമായി നിയന്ത്രിക്കാനാകുമെന്നാണ് വിദഗ്ദ്ധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ കുത്തിവയ്പ് ഇപ്പോഴും ആശിച്ച വേഗത്തിലായിട്ടില്ല. വാക്സിൻ ഉത്പാദന ശേഷി മൂന്നു നാലു മാസങ്ങൾ കഴിയുമ്പോൾ വർദ്ധിക്കുമത്രെ. 135 കോടി ജനങ്ങളുള്ള രാജ്യത്ത് കുത്തിവയ്പ് പൂർത്തിയാക്കാൻ ഏറെ സമയമെടുക്കുമെന്നത് യാഥാർത്ഥ്യമാണ്. അതു ബോദ്ധ്യപ്പെട്ട് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതായിരുന്നു. കൂടുതൽ കമ്പനികൾക്ക് ലൈസൻസ് നൽകി ഉത്‌പാദനം കൂട്ടാൻ നടപടിയായിട്ടുണ്ട്. ഇതോടൊപ്പം ലഭ്യമായ ഇടങ്ങളിൽ നിന്നെല്ലാം വാക്സിൻ ഇറക്കുമതി ചെയ്യാൻ കഴിയണം. യുദ്ധകാലാടിസ്ഥാനത്തിൽ ആദ്യ ഡോസെങ്കിലും പൂർത്തിയാക്കാൻ സാധിച്ചാൽ രോഗവ്യാപനം ഗണ്യമായി കുറയുമെന്നു തന്നെയാണ് പറയുന്നത്. അതിനായുള്ള കഠിന പരിശ്രമമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. വാക്സിന്റെ വില ആരു വഹിക്കുമെന്നും മറ്റുമുള്ള വിവാദങ്ങളിൽ സമയം കളയാതെ എങ്ങനെ എത്രയും വേഗം കുത്തിവയ്പ് പൂർത്തിയാക്കാമെന്നാണു നോക്കേണ്ടത്. നിർബന്ധ ലൈസൻസ് നൽകി കൂടുതൽ കമ്പനികളെ വാക്സിൻ ഉത്പാദനത്തിലക്കു കൊണ്ടുവരാൻ കേന്ദ്രം ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വാക്സിൻ ഉത്‌പാദനത്തിനാവശ്യമായ പണം കണ്ടെത്താൻ ധാരാളം മാർഗങ്ങളുണ്ട്. സർക്കാർ അതൊക്കെ ഉപയോഗപ്പെടുത്തിയാൽ മതി. വാക്സിൻ നയം സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് പുനരാവിഷ്കരിക്കാനും കേന്ദ്രം തയ്യാറാകണം. കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസിന് പന്ത്രണ്ടാഴ്ച കഴിഞ്ഞാലും കുഴപ്പമില്ലെന്നാണു പുതിയ അറിയിപ്പ്. അങ്ങനെയാണെങ്കിൽ അതനുസരിച്ച് രണ്ടാം ഡോസുകാരെ റീ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. ആദ്യ ഡോസുകാരെ ആ ഒഴിവിൽ പരിഗണിക്കുകയുമാകാം. പതിനെട്ടു കഴിഞ്ഞവർക്കും കുത്തിവയ്പ് തുടങ്ങാനിരിക്കെ വാക്സിൻ ആവശ്യം പതിന്മടങ്ങായി ഉയരും. അതനുസരിച്ച് ഉത്‌പാദനവും ഇറക്കുമതിയും ഉറപ്പാക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പുതിയ മരുന്നായ 2- ഡി.ജിയുടെ ഉപയോഗം വ്യാപകമാക്കാനും നടപടി ഉണ്ടാകണം. രോഗാവസ്ഥ മൂർച്ഛിക്കുന്നതു മൂന്നുദിവസം കൊണ്ടുതന്നെ തടയാനാവുമെന്ന് ക്ളിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഈ മരുന്നിനെതിരെ തുടക്കത്തിൽത്തന്നെ ഉപജാപങ്ങൾ വളരാൻ തുടങ്ങിയത് വിസ്മരിക്കുന്നില്ല. ആദ്യമായി വാക്സിൻ ഇറങ്ങിയപ്പോഴും അതിനെതിരെ ദുഷ്‌പ്രചാരണങ്ങൾ നടത്താൻ നിക്ഷിപ്ത താത്‌പര്യക്കാർ ഏറെ ഉണ്ടായിരുന്നു. അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ഭീമന്മാരും ഇന്ത്യയിലെ അവരുടെ ദല്ലാൾമാരുമാണ് ഇതിനു പിന്നിലുള്ളത്. കൊവിഡ് പ്രതിരോധ യത്നങ്ങൾക്കായി നടപ്പു ബഡ്ജറ്റിൽ കേന്ദ്രം 35000 കോടി രൂപ വകയിരുത്തിയിരുന്നു. വാക്സിൻ ഉത്‌പാദനത്തിനും മരുന്നു നിർമ്മാണത്തിനുമായി പണം കണ്ടെത്താൻ അതുകൊണ്ടുതന്നെ പ്രയാസമില്ല. ഉചിതമായ തീരുമാനം ഉടനുടൻ എടുക്കുക എന്നതാണു പ്രധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.