SignIn
Kerala Kaumudi Online
Thursday, 25 April 2024 12.54 PM IST

സാധാരണക്കാരുടെ അന്തസ് ഉയർത്തുന്നു

kk

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര ചാർത്തി വ്യാഴാഴ്ച അധികാരത്തിലേറിയ രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനങ്ങൾ തന്നെ ജനങ്ങളിൽ പുതിയ പ്രതീക്ഷകളും മോഹങ്ങളും പകരുന്നതാണ്. 2016-ലെ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഏതാണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ അഭിമാന റെക്കാഡുമായാണ് എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളെ നേരിട്ടത്. ഇത്തവണയും അനവധി വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രകടന പത്രിക. അതിൽ എണ്ണമിട്ടു പറയുന്ന തൊള്ളായിരം വാഗ്ദാനങ്ങളും അഞ്ചുവർഷത്തിനകം നടപ്പാക്കാനുള്ള കർമ്മ പരിപാടികളുമായാണ് ഭരണം തുടങ്ങാൻ പോകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് തരിമ്പും അവിശ്വസിക്കേണ്ടതില്ല. കാരണം പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നൂറുശതമാനം ആർജ്ജവവും ഇച്ഛാശക്തിയും അദ്ദേഹത്തിന്റെ സവിശേഷതയാണ്.

ആദ്യ മന്ത്രിസഭായോഗം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ തന്നെ ഈ സർക്കാരിന്റെ ജനാഭിമുഖ്യ നയസമീപനത്തിനു തെളിവാണ്. സംസ്ഥാനത്തെ പാവപ്പെട്ടവരും മദ്ധ്യവർഗ വിഭാഗവും നേരിട്ടുകൊണ്ടിരിക്കുന്ന ജീവൽ പ്രശ്നങ്ങളിലൊന്നായ ജപ്തിഭീഷണിയിൽ നിന്ന് അവർക്കു സംരക്ഷണം നൽകാൻ പര്യാപ്തമായ പുതിയൊരു നിയമം കൊണ്ടുവരാനുള്ള തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതമെന്നു മാത്രമല്ല, വിപ്ളവകരം കൂടിയാണ്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്തിനേറെ ബ്ളേഡ് പലിശക്കാരിൽ നിന്നുപോലും പലരും കടം കൊള്ളാറുള്ളത് ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുടെ പേരിലാണ്. കിടപ്പാടം വരെ പണയപ്പെടുത്തി വാങ്ങുന്ന പണം പല കാരണങ്ങളാൽ സമയത്തിനു തിരിച്ചടയ്ക്കാൻ കഴിയാതെ വരും. അതിന്റെ പേരിൽ അവരെ വീടുകളിൽ നിന്ന് ഇറക്കിവിടുന്നത് സാധാരണമായിട്ടുണ്ട്. കയറിക്കിടക്കാൻ വേറൊരിടമില്ലാതെ തെരുവിലേക്കിറങ്ങേണ്ടി വരുന്ന നിസഹായരുടെ കണ്ണീരും ഒടുങ്ങാത്ത വേദനയും ധാരാളം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ് നാം. ജപ്തി സൃഷ്ടിക്കുന്ന ലജ്ജാഭാരത്താൽ എത്രയോ പേർ ജീവനൊടുക്കുന്നു. കൃഷിയ്‌ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹാവശ്യത്തിനും എടുക്കുന്ന വായ്‌പയുടെ പേരിൽ അനേകർക്ക് കിടപ്പാടം നഷ്ടമാകാറുണ്ട്. ഈടു വസ്തു കൈവശപ്പെടുത്തി വായ്പത്തുക ഈടാക്കാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്ന നിയമം കൂടി വന്നതോടെ ബാങ്കുകൾ ഒരു കരുണയുമില്ലാതെയാണ് ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. കുടിയിറക്കു ഭീഷണി ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പ്രതികൂല തീരുമാനങ്ങൾ നേരിടേണ്ടിവരുന്ന സാധാരണക്കാർക്ക് സംസ്ഥാന സർക്കാരിന്റെ പുതിയ നിയമം മൃതസഞ്ജീവനിയാകുമെന്നതിൽ സംശയമില്ല. പുതിയ സർക്കാരിന്റെ ഏറ്റവും ഹൃദയസ്പർശിയായ തീരുമാനവും ഇതായിരിക്കും.

ജപ്തിയിൽ കിടപ്പാടം നഷ്ടപ്പെടുന്നത് തടയാൻ പുതിയ നിയമം കൊണ്ടുവരുന്നതിനൊപ്പം പാർപ്പിടം ഒരവകാശമായി പ്രഖ്യാപിച്ച് വീടില്ലാത്തവർക്കെല്ലാം വീടുനിർമ്മിച്ച് നൽകാനുള്ള വിപുലമായ പദ്ധതിക്കും സർക്കാർ മുൻഗണന നൽകും. ഇതും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ്. വിവിധ ഭവനനിർമ്മാണ പദ്ധതികളുണ്ടായിട്ടും സംസ്ഥാനത്തിപ്പോഴും രണ്ടുലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം കിടപ്പാടത്തിനായി കാത്തിരിപ്പുണ്ട്. ഒരു സെന്റിലും അരസെന്റിലുമൊക്കെയായി ഓലയും പ്ളാസ്റ്റിക് ഷീറ്റുമൊക്കെ മറച്ച കൂരകളിൽ അന്തിയുറങ്ങുന്നവരുടെ നിസഹായതയും ഒടുങ്ങാത്ത വേദനയും ഭരണകൂടം കാണുക തന്നെ വേണം. അഞ്ചുവർഷം കൊണ്ട് ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടു നിർമ്മിച്ചു നൽകാൻ കഴിഞ്ഞാൽ അതായിരിക്കും ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വാഴ്‌ത്തപ്പെടുക.

അതിദാരിദ്ര്യം ഇല്ലാതാക്കൽ, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള സ്മാർട്ട് കിച്ചൻ, ഗാർഹിക ജോലിയിലേർപ്പെട്ടിട്ടുള്ള സ്ത്രീകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള വിവിധ പദ്ധതികളും നടപ്പാക്കും. അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂർണ മാലിന്യരഹിതമാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. ശുചിത്വ നിലവാരത്തിൽ ഏറെ പിന്നിലാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ നില.

ഏതൊരു സർക്കാരിനെയും ആത്യന്തികമായി സാധാരണക്കാർ വിലയിരുത്താറുള്ളത് സർക്കാർ സേവനങ്ങളുമായി ബന്ധപ്പെടുത്തിയാകും. അപേക്ഷയുമായി സർക്കാർ ഓഫീസുകളെ സമീപിക്കുന്നവർക്ക് സേവനം ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം പരോക്ഷമായി ബാധിക്കുന്നത് സർക്കാരിനെത്തന്നെയാണ്. ഇതു തിരിച്ചറിഞ്ഞാണ് ആദ്യം അധികാരമേറ്റ ദിനം തന്നെ സെക്രട്ടേറിയറ്റ് ജീവനക്കാരെ വിളിച്ചുകൂട്ടി സേവനം നൽകുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. ഓരോ ഉദ്യോഗസ്ഥന്റെയും മുമ്പിലെത്തുന്ന ഫയൽ ഓരോ ജീവിതമാണെന്നും അതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. ഓരോ സർക്കാർ ജീവനക്കാരനും എന്നും ഓർക്കേണ്ട കാര്യമാണത്. ഒട്ടനവധി വകുപ്പുകൾ ഇ - ഗവേണൻസിനു കീഴിലായിട്ടും കാര്യം നടന്നുകിട്ടാൻ കയറിയിറങ്ങേണ്ട അവസ്ഥ ഇപ്പോഴുമുണ്ട്. സർക്കാർ സേവനങ്ങൾ ഓൺലൈനായി വീടുകളിലെത്തിക്കുമെന്ന് ഇപ്പോഴും പ്രഖ്യാപനം വന്നിട്ടുണ്ട്. അതു പൂർണമായും സാദ്ധ്യമാകട്ടെയെന്ന് പ്രത്യാശിക്കാം.

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കായി സംസ്ഥാനം കാത്തിരിക്കുകയാണ്. ഇരുപതുലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയാണ് ആലോചനയിൽ. അതിനായി ഉന്നത വിദ്യാഭ്യാസ മേഖല കാര്യമായി ഉടച്ചുവാർക്കേണ്ടിവരും. കലാശാലകൾ ബിരുദ ഉത്പാദനശാലകൾ എന്ന നില വിട്ട് ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

സർക്കാർ വിവിധ വകുപ്പുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും മുഖ്യമന്ത്രി അക്കമിട്ട് മാദ്ധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും വളർച്ചയ്ക്കും ഉതകുന്നവയാണ് അവയൊക്കെത്തന്നെ. ഇതോടൊപ്പം സംസ്ഥാനം ഏറെ നാളായി കാത്തിരിക്കുന്ന ഏതാനും വമ്പൻ പദ്ധതികൾ കൂടിയുണ്ട്. ദേശീയപാത ഉൾപ്പെടെയുള്ള പാതവികസന പദ്ധതികൾ, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോകൾ, അർദ്ധവേഗ റെയിൽ പദ്ധതി, ഇനിയും തീരാത്ത വിഴിഞ്ഞം തുറമുഖം, ദേശീയ ജലപാത തുടങ്ങിയവ. ഇവയുടെ പൂർത്തീകരണം വമ്പിച്ച വികസന സാദ്ധ്യതകളായിരിക്കും തുറന്നിടുക.

മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും നവാഗതരാകയാൽ ഊർജ്ജത്തിനും ആവേശത്തിനും ഒട്ടും കുറവുണ്ടാകില്ല. സംസ്ഥാനത്തിന്റെ ഭരണചരിത്രത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ കഴിയുന്ന മികച്ച സംഭാവനകൾ നൽകാൻ അവർക്കു തീർച്ചയായും കഴിയേണ്ടതാണ്. മുഖ്യമന്ത്രിയും ജനങ്ങളും അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും അവർ കാത്തുസൂക്ഷിക്കുമെന്നു തന്നെ കരുതാം. ശുഭാശംസകൾ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.