SignIn
Kerala Kaumudi Online
Saturday, 20 April 2024 5.31 AM IST

കുത്തകയ്‌ക്കെതിരെ പോരാട്ടം ശക്തമാകണം

vaccine

കൊവിഡ് മഹാമാരിക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധം കുത്തിവയ്പു തന്നെയാണെന്ന് ലോകാരോഗ്യ സംഘടനയും വൈദ്യസമൂഹവും അംഗീകരിച്ചു കഴിഞ്ഞതാണ്. അതേസമയം ലോകത്ത് ഇതിനകം ലഭ്യമായ വാക്സിനുകൾ ആവശ്യത്തിനു മതിയാകുന്നില്ല. വാക്സിൻ ഉത്‌പാദനം ലോകത്തെ ഫാർമസ്യൂട്ടിക്കൽ ഭീമന്മാർ കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നതിനാൽ ഉത്‌പാദനവും വിതരണവും അവരാണ് നിയന്ത്രിക്കുന്നത്. പേറ്റന്റ് നിയമം അതിശക്തമായതിനാൽ ഒരു കമ്പനി നിർമ്മിക്കുന്ന വാക്സിൻ മറ്റൊരു കമ്പനിക്കു നിർമ്മിക്കാനാവില്ല. നിർമ്മാണവിദ്യ പരമ രഹസ്യവുമാണ്. ഭരണകൂടങ്ങൾക്കു പോലും ഇടപെടാനാകാത്തവിധം ശക്തമാണ് ബൗദ്ധിക സ്വത്തവകാശ നിയമം. അതുകൊണ്ടാണ് വാക്സിൻ നിർമ്മാതാക്കളുടെ ദയാവായ്പിനായി ലോകം ക്ഷമയോടെ കാത്തിരിക്കുന്നത്. ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യങ്ങൾ അതിവിപുലമായ തോതിൽ വാക്സിൻ ആവശ്യം നേരിടുന്നവയാണ്. ഇന്ത്യയിൽ നിലവിൽ രണ്ടു കമ്പനികൾ മാത്രമാണ് വാക്സിൻ നിർമ്മിക്കുന്നത്. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയുടെ ഏതാനും വാക്സിനുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അവയ്ക്കായി ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അതിന്റെ അധികാരം പ്രയോഗിച്ച് നിർബന്ധിത ലൈസൻസ് നൽകി കൊവിഷീൽഡിന്റെയും കൊവാക്സിന്റെയും ഉത്പാദനം വികേന്ദ്രീകരിക്കണമെന്ന അഭിപ്രായം ഉയരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ വിഷയത്തിൽ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജനങ്ങളിൽ ഇതിനകം രണ്ടു ഡോസ് വാക്സിൻ ലഭിച്ചത് കേവലം നാലര ശതമാനം പേർക്കു മാത്രമാണ്. ഒരു കുത്തിവയ്പെങ്കിലും എടുത്തവരെ കൂട്ടിയാൽ മൊത്തം 18 കോടിയോളം പേരിൽ വാക്സിൻ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും വാക്സിനായി കാത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വാക്സിൻ ഉൾപ്പെടെ കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ഉത്‌പന്നങ്ങളെയും പേറ്റന്റ് നിയമ പരിധിയിൽ നിന്ന് അടുത്ത മൂന്നു വർഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന ആവശ്യവുമായി ഇന്ത്യ ഉൾപ്പെടെ നൂറ്റി ഇരുപതു രാജ്യങ്ങൾ ലോകവ്യാപാര സമിതിയിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നത്. ലോകം അതിഭയങ്കരമായ മഹാമാരിയിൽപ്പെട്ടു നട്ടം തിരിയുമ്പോൾ വാക്സിന്റെയും മറ്റ് അനുബന്ധ ഉത്‌പന്നങ്ങളുടെയും ഉത്‌പാദനം കുത്തകയാക്കി വയ്ക്കുന്നത് മനുഷ്യത്വവിരുദ്ധവും അധാർമ്മികവുമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. ലോകത്തെ ഈ ദുരന്തത്തിൽ നിന്ന് സുരക്ഷിതമായി കരകയറ്റാനുള്ള ബാദ്ധ്യത കൂട്ടായി ഏറ്റെടുക്കുന്നതിന് ഒരുവിധ നിയമവും തടസമാകരുത്. ഈ ലക്ഷ്യത്തോടെ ഇന്ത്യ മുന്നിട്ടു നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങൾ വിജയത്തിലെത്തിക്കാൻ എല്ലാ വികസ്വര രാജ്യങ്ങളുടെയും പിന്തുണ ഇതിനകം ലഭിച്ചത് ശുഭോദർക്കമാണ്.

ഇന്ത്യ സ്വന്തമായി നിർമ്മിച്ച കൊവാക്സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നത് ആശങ്കയായി നിലനിൽക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെയും അന്തിമ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഇപ്പോൾ. കൊവാക്സിൻ എടുത്തവർക്ക് യാത്രാനുമതി നൽകാൻ പല വിദേശ രാജ്യങ്ങളും ഇപ്പോൾ തയ്യാറല്ല. എല്ലാവിധ ക്ളിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കി വിദേശ വാക്സിനോളം തന്നെ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട കൊവാക്സിനെതിരെ നടക്കുന്ന ഉപജാപങ്ങൾ ഔഷധ നിർമ്മാണ മേഖലയിൽ പുത്തരിയൊന്നുമല്ല. ഫലപ്രാപ്തിയിൽ കൊവിഷീൽഡിനെക്കാൾ ഒരുപടി മുന്നിലാണ് കൊവാക്സിനെന്നു തെളിഞ്ഞിട്ടുള്ള സ്ഥിതിക്ക് ഇപ്പോഴും അതിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ലോകസംഘടനകളുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL2
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.