SignIn
Kerala Kaumudi Online
Saturday, 20 April 2024 7.55 AM IST

പദ്ധതി നടത്തിപ്പ് ഇനി വേഗത്തിലാകും

industry

വികസനപാതയിൽ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്കാണ്. നടപടിക്രമങ്ങളുടെ കുടുക്കുകളിൽപ്പെട്ട് മുന്നോട്ടു നീങ്ങാനാവാതെ കിടന്നുപോകുന്ന മെഗാ പദ്ധതികളുണ്ട്. ഇതുകൊണ്ടുള്ള ദോഷം പലതാണ്. ഒന്നാമത് ഇത്തരം പദ്ധതികൾ കൊണ്ടു ജനങ്ങൾക്ക് ഗുണം ലഭിക്കാൻ ഏറെക്കാലം വേണ്ടിവരും. രണ്ടാമത് നടത്തിപ്പ് കാലാവധി നീളുന്തോറും അധികച്ചെലവുണ്ടാകും. ഒരു ദിവസം വൈകിയാൽ പോലും ഉണ്ടാകുന്ന അധികച്ചെലവ് ലക്ഷങ്ങളോ കോടികളോ ആണ്. ദ്രുതഗതിയിലുള്ള വളർച്ച സാദ്ധ്യമാകണമെങ്കിൽ ചെറുതും വലുതുമായ എല്ലാ പദ്ധതികളും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതു മനസിലാക്കിയാണ് വൻകിട പദ്ധതികളെ ഒറ്റവകുപ്പിനു കീഴിൽ കൊണ്ടുവരാനും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അവയ്ക്കു മേൽനോട്ടം വഹിക്കാനുമുള്ള അതിപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വതന്ത്ര അധികാരത്തോടുകൂടി നിലവിൽ വരുന്ന വികസനവകുപ്പിന് സംസ്ഥാനത്തെ മെഗാപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ ഇതോടെ വഴിതെളിയുകയാണ്. മുഖ്യമന്ത്രിയുടെ മുഖ്യ പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പുതിയ വികസന വകുപ്പിന്റെ നിയന്ത്രണം കൈയാളുമ്പോൾ ഭരണരംഗത്തും അതു പുതിയ തുടക്കമാകും. വമ്പൻ പദ്ധതികൾക്ക് പണം ഒരുക്കുന്ന കിഫ്‌ബിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിട്ടയോടും വേഗത്തിലും കൊണ്ടുപോകാൻ വഴിയൊരുക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്.

സംസ്ഥാനത്തിന്റെ തലവര മാറ്റാനുതകുന്ന നിരവധി വമ്പൻ പദ്ധതികൾ വിവിധ ദശകളിലായുണ്ട്. വിവിധ വകുപ്പുകൾ ഒന്നിച്ചുനിന്നാലേ അവ പ്രവൃത്തിപഥത്തിലെത്തിക്കാനാവൂ. വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയും സർവോപരി അലസ മനോഭാവവും പദ്ധതികൾ സ്ഥിരമായി നേരിടുന്ന പ്രതിബന്ധങ്ങളാണ്. തീരുമാനമെടുക്കാൻ വൈകിയതുകൊണ്ടു മാത്രം അനന്തമായി നീളുന്ന പദ്ധതികളുണ്ട്. നിർമ്മാണ ഘട്ടത്തിൽ ഏതെങ്കിലുമൊരു വകുപ്പിന്റെ അനുമതിക്കായി ദീർഘനാൾ കാത്തിരിക്കേണ്ടിവരുന്ന അനുഭവങ്ങൾ വിരളമല്ല. റോഡ് വികസന പദ്ധതി നടപ്പാക്കുന്നതിനിടയിൽ പാതയോരത്തെ വൈദ്യുതി ലൈനുകളും കേബിളും പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സംവിധാനങ്ങളും മാറ്റാൻ വൈകുന്നതുകൊണ്ടു മാത്രം വർഷങ്ങൾ നീണ്ടുപോയ അനുഭവങ്ങളുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയാൽ എളുപ്പം പരിഹാരം കാണാവുന്ന പ്രശ്നങ്ങളാണിത്. വൻകിട പദ്ധതികളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ഏകോപനവും ലക്ഷ്യബോധവും ഒഴിച്ചുകൂടാനാവാത്തതാണ്. മുഖ്യമന്ത്രി തലവനായുള്ള പുതിയ വികസന വകുപ്പിന്റെ പ്രസക്തി ഏറെ നിർണായകമാണ്. ലൈറ്റ് മെട്രോ, സാധാരണക്കാർക്കും സൗജന്യമായി ഇന്റർനെറ്റ് സൗകര്യം നൽകാനുള്ള കെ - ഫോൺ, അർദ്ധ - അതിവേഗ റെയിൽ, കൊച്ചി സ്മാർട്ട്സിറ്റി, വിഴിഞ്ഞം തുറമുഖം, പ്രകൃതിവാതക പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ, വ്യവസായ ഇടനാഴി, ദേശീയപാത വികസനം, ദേശീയ ജലപാത, മലയോര - തീരദേശ പാതകൾ എന്നിങ്ങനെ വികസനക്കുതിപ്പിനു സഹായകമായ ഒട്ടേറെ പദ്ധതികൾ വികസന വകുപ്പിനു കീഴിൽ വരുന്നത് ഏറെ പ്രതീക്ഷ പകരുന്നു. ഈ മന്ത്രിസഭയുടെ കാലത്ത് അവയൊക്കെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ മുഖച്ഛായ പാടേ മാറുമെന്നതിൽ സംശയം വേണ്ട.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ വികസനവകുപ്പ് വരുന്നതുപോലെ മറ്റു ചില സുപ്രധാന വകുപ്പുകളിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രിമാർ ശ്രമമാരംഭിച്ചത് ശുഭോദർക്കമാണ്. പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ്, ഭക്ഷ്യ-സിവിൽ സപ്ളൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ, കൃഷിവകുപ്പുമന്ത്രി പി. പ്രസാദ് എന്നിവരാണ് ജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരമാർഗവുമായി ഇതിനകം മുന്നോട്ടു വന്നിരിക്കുന്നത്. ജനങ്ങളുമായി ഏറ്റവുമടുത്ത് ഇടപെടുന്ന വകുപ്പുകളുടെ ചുമതലക്കാരായ മറ്റു മന്ത്രിമാർക്കും മാതൃകയാക്കാവുന്നതാണ് ഇവർ തുടങ്ങിവയ്ക്കുന്ന പരിഷ്കാര നടപടികൾ. മരാമത്തു റോഡുകളുടെ അവസ്ഥയെക്കുറിച്ച് പരാതിയുള്ളവർ വിവരം മന്ത്രിയെ അറിയിക്കാൻ മരാമത്തു വകുപ്പ് ഒരു 'ആപ്പ് ' ഒരുക്കുമെന്നാണ് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. പൊതുനിരത്തുകളുടെ ദയനീയാവസ്ഥ സംസ്ഥാനത്തെവിടെയും ജനങ്ങൾ നേരിടേണ്ടിവരുന്ന സജീവ പ്രശ്നമാണ്. റോഡിൽ വാഴയും തെങ്ങുമൊക്കെ വച്ചാണ് മുൻകാലങ്ങളിൽ ആളുകൾ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നത്. പൊതുനിരത്തുകൾ പൊതുവേ മെച്ചപ്പെട്ടതോടെ ആ സ്ഥിതി ഇന്നു ഗണ്യമായി മാറിയിട്ടുണ്ട്. എന്നിരുന്നാലും അടിയന്തര അറ്റകുറ്റപ്പണി വേണ്ട അനവധി പൊതുനിരത്തുകൾ ഇവിടെയുണ്ട്. മഴക്കാലം വരാനിരിക്കെ സ്ഥിതി കൂടുതൽ മോശമായേക്കാം. മരാമത്തുവകുപ്പിനു കീഴിലുള്ള റോഡിന്റെ കാര്യത്തിലേ മന്ത്രിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളൂ. മറ്റു റോഡുകളുടെ കാര്യത്തിൽ അതതു തദ്ദേശ സ്ഥാപനങ്ങളാണ് നടപടിയെടുക്കേണ്ടത്. അവയുടെ കാര്യത്തിലും ഇടപെടലുണ്ടായാലേ ആശ്വാസത്തിനു വകയുള്ളൂ.

ജനങ്ങളുമായി ഏറെ അടുത്തും പരാതികളും ആക്ഷേപങ്ങളും ഏറെയുള്ളതുമായ ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പു ചുമതലയേറ്റ മന്ത്രി ജി.ആർ. അനിൽ ഫോൺ - ഇൻ പരിപാടിയ്‌ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട എന്തു പരാതിയും പൊതുജനങ്ങൾക്ക് മന്ത്രിയോട് നേരിട്ടു പറയാം. പരിഹാരമുണ്ടാകുമെന്ന് ഉറപ്പുമുണ്ട്. ഫോണിൽ മന്ത്രിയെ ലഭിച്ചില്ലെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അത് നേരിട്ടറിയിക്കാനും സംവിധാനമുണ്ട്. ഫോൺ - ഇൻ പരിപാടി ആഴ്ചയിൽ രണ്ടുദിവസം സ്ഥിരം സംവിധാനമാക്കാനാണ് ആലോചന. ഇതിനായി നീക്കിവയ്ക്കുന്ന സമയവും അദ്ധ്വാനവും ഒരിക്കലും പാഴ്‌വേലയാവില്ലെന്നു തീർച്ചയാണ്. ജനങ്ങളുമായി ഏറെ അടുത്തു ബന്ധമുള്ള മറ്റു വകുപ്പുകളിലും ഇതുപോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തേ തുടങ്ങിവച്ച ഇ - ഗവേണൻസ് സംവിധാനം ഈ സർക്കാരിന്റെ കാലത്ത് പൂർണമാക്കാനും അടിയന്തര നടപടികളുണ്ടാകണം. സർക്കാരാഫീസുകൾ പൂർണമായും ഫയൽ രഹിതമാക്കാൻ സാധിച്ചാൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടം അളവറ്റതായിരിക്കും. സർക്കാർ സേവനങ്ങൾ ദ്രുതഗതിയിൽ ജനങ്ങളിലെത്തിക്കാൻ സാധിച്ചാൽ അതിൽപ്പരം നല്ല കാര്യമില്ല. സാധാരണക്കാരന്റെ അന്തസ് ഉയർത്തുന്ന ഭരണനടപടി കൂടിയാകും അത്. സേവനം നൽകുന്നത് ഔദാര്യമാണെന്ന ധാർഷ്ട്യം ഇല്ലാതാക്കാനും അതു സഹായിക്കും. സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കെ - ഫോൺ പൂർണമായും പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിലാണ് അതിന്റെ വിജയം കുടികൊള്ളുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.