SignIn
Kerala Kaumudi Online
Friday, 19 April 2024 7.22 AM IST

വാടക വസതിയും പുതിയ നിയമവും

kk

രാജ്യത്തൊട്ടാകെ ബാധകമാക്കാവുന്ന മാതൃകാ വാടക നിയമം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുകയാണ്. നിലവിൽ സംസ്ഥാനങ്ങളിൽ പ്രത്യേകം പ്രത്യേകമായി വാടക നിയമങ്ങൾ പ്രാബല്യത്തിലുണ്ടെങ്കിലും ഏകീകൃതമായ നിയമത്തിന്റെ അഭാവം നിലനിൽക്കുകയായിരുന്നു. പുതിയ കേന്ദ്ര നിയമം അതേപടിയോ ആവശ്യമായ മാറ്റങ്ങൾ വരുത്തിയോ സംസ്ഥാനങ്ങൾക്ക് പ്രാബല്യത്തിൽ കൊണ്ടുവരാം. വാടക നിയമം സുതാര്യവും വ്യവസ്ഥകൾ കർക്കശവും ജനസൗഹൃദവും ആകുമെന്നതാണ് മെച്ചം. ഉടമയും വാടകക്കാരനും തമ്മിലുള്ള ബന്ധം കൂടുതൽ ചേർച്ചയുള്ളതാക്കാനും പുതിയ വാടക നിയമം സഹായകമാകും.

വാടക വീടുകളെ ആശ്രയിക്കേണ്ടിവരുന്നവർക്ക് വലിയ ആശ്വാസമാകും അഡ്വാൻസായി രണ്ടുമാസത്തെ വാടകയേ ഈടാക്കാവൂ എന്ന വ്യവസ്ഥ. ഇപ്പോൾ ഇതിന് നിയതമായ കണക്കൊന്നുമില്ല. നഗര പ്രദേശങ്ങളാണെങ്കിൽ ഉടമ നിശ്ചയിക്കുന്നതാണ് വാടകയും അഡ്വാൻസ് തുകയും. ആറും എട്ടും പത്തും മാസത്തെ വാടകയ്ക്കു തുല്യമായ തുക അഡ്വാൻസായി വാങ്ങുന്നവരുണ്ട്. വീട് ഒഴിഞ്ഞുപോകുമ്പോൾ അഡ്വാൻസിൽ നല്ലൊരു ഭാഗം പല കാരണങ്ങൾ പറഞ്ഞ് പിടിച്ചുവയ്ക്കുന്നവരും കുറവല്ല. വാടക വീടുകളെ ആശ്രയിക്കേണ്ടിവരുന്നവരെ സംബന്ധിച്ച് പുതിയ നിയമത്തിലെ വ്യവസ്ഥകൾ മനസമാധാനത്തോടെ വാടക വീടുകളിൽ താമസിക്കാനുള്ള അവസരം നൽകും. അടിക്കടിയുള്ള വാടക വർദ്ധനയിൽ നിന്നു സംരക്ഷണവും ലഭിക്കും. വാടക വീടുകളെ സംബന്ധിക്കുന്ന ഏതു കാര്യവും കരാറിന്റെ പിൻബലത്തോടു കൂടിയേ ആകാവൂ എന്നതാണ് നിബന്ധന. വാടക കരാർ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്. വാടകക്കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് ഉടമയും വാടകക്കാരനും തമ്മിൽ തർക്കമുണ്ടായാൽ പ്രശ്നപരിഹാരത്തിനായി പ്രത്യേക കോടതികൾ എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കണമെന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു പ്രധാന വ്യവസ്ഥ. വാടക കേസുകൾ വേഗം തീർപ്പാക്കാൻ ഇത് സഹായിക്കും. നിലവിൽ ഏറെ കാലദൈർഘ്യമെടുത്താണ് വാടക കേസുകളിൽ തീർപ്പുണ്ടാകുന്നത്. എല്ലാ ജില്ലകളിലും വാടക തർക്ക പരിഹാര അതോറിട്ടി വേണമെന്ന നിബന്ധനയും ഗുണകരമാണ്. വാടക കരാറുകൾക്ക് അംഗീകാരം നൽകേണ്ടത് ഈ അതോറിട്ടികളാകും. അതോറിട്ടി അറിയാതെ കെട്ടിടങ്ങൾ വാടകയ്ക്കു നൽകാൻ പാടില്ല.

വീടുകൾക്ക് അഡ്വാൻസായി രണ്ടുമാസത്തെ വാടക മതിയെങ്കിൽ മറ്റാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ആറുമാസത്തെ വാടകയ്ക്കു തുല്യമായ സംഖ്യ അഡ്വാൻസ് നൽകേണ്ടിവരും. ബിസിനസ് ആവശ്യങ്ങൾക്ക് കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നവർ പിന്നീട് അത് മേൽ വാടകയ്ക്കു നൽകുന്നതും നിയമക്കുരുക്കുകളിൽപ്പെട്ട് ഒഴിപ്പിക്കാനാകാതെ വരുന്നതും ഇപ്പോൾ പതിവാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് ഉടമകൾക്കു സംരക്ഷണം നൽകുന്ന വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉടമയുടെ അനുമതി കൂടാതെ കെട്ടിടങ്ങൾ മൂന്നാമതൊരു കക്ഷിക്ക് കൈമാറാൻ പാടില്ലെന്നത് പ്രത്യേക നിബന്ധനയാണ്. അതുപോലെ ഏതിനം കെട്ടിടങ്ങളുടെയും വാടക കൂട്ടുന്നതുമായി ബന്ധപ്പെട്ടും കൃത്യവും സുതാര്യവുമായ വ്യവസ്ഥകൾ വരുന്നതോടെ അനാവശ്യ തർക്കങ്ങളും ഒഴിവാക്കാനാകും.

രാജ്യത്തൊട്ടാകെ ഒരുകോടിയിൽപ്പരം വീടുകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്നാണു ഏകദേശ കണക്ക്. വീട് വാടകയ്ക്കു കൊടുത്താൽ ഒഴിഞ്ഞില്ലെങ്കിലോ എന്ന സന്ദേഹത്താൽ വീട് അടച്ചിടുന്നവർ അനേകമുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും വാടക വസതികൾ കിട്ടാതെ ആളുകൾ അലയുമ്പോഴാണ് ഈ ദുർഗതി. പുതിയ വാടക നിയമം ഫലപ്രദമായി നടപ്പാക്കാനായാൽ വലിയ അളവിൽ ഇതിനു പരിഹാരമാകേണ്ടതാണ്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും പുതിയ നിയമം ഉണർവ് പകരുമെന്നു തീർച്ചയാണ്. സംസ്ഥാന വാടക നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് കേന്ദ്ര മാതൃകയിൽ നിയമം നടപ്പാക്കിയാൽ സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL2
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.