SignIn
Kerala Kaumudi Online
Friday, 19 April 2024 5.00 AM IST

വല്ലാതെ വളരുന്ന ലഹരി മാഫിയ

wah

നിരോധനവും നിയന്ത്രണവുമാണ് എപ്പോഴും ലഹരി മാഫിയകളുടെ ചാകരക്കാലം. ചാരായം നിരോധിച്ചപ്പോഴും ബാറുകൾക്ക് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടു വീണപ്പോഴുമെല്ലാം ഇതു കണ്ടതാണ്. ഇപ്പോഴിതാ ലഹരി മാഫിയകൾക്ക് വിലസാൻ പറ്റിയ അവസരമാണ് ലോക്ക‌്‌‌ഡൗൺ കാലം സമ്മാനിച്ചിരിക്കുന്നത്. മദ്യശാലകളും മദ്യവില്പന ശാലകളും അടഞ്ഞതോടെ കഞ്ചാവ് വില്പനക്കാർക്കും കള്ളവാറ്റുകാർക്കും മാത്രമല്ല സകലവിധ ലഹരിവസ്തുക്കളുടെയും വില്പനയിലേർപ്പെട്ടിരിക്കുന്നവർക്കെല്ലാം കൊയ്‌ത്തുകാലമാണ്. സംസ്ഥാനത്തുടനീളം ഇവരുടെ കണ്ണികൾ സജീവമാണ്. കഞ്ചാവും ലഹരി ഉത്‌പന്നങ്ങളും പിടികൂടാത്ത ഒറ്റ ദിവസം പോലും ഇല്ലെന്നായിരിക്കുന്നു. സംസ്ഥാനത്തുടനീളം ഇതുതന്നെയാണ് സ്ഥിതി. ലോക്ക് ഡൗൺ സൗകര്യം മുതലാക്കി കഞ്ചാവു വില്പനയും കള്ളവാറ്റും തഴച്ചുവളരുന്നതിന്റെ ചെറിയൊരു ചിത്രമാണ് തലസ്ഥാനത്ത് ഇക്കഴിഞ്ഞ മാസം എക്സൈസുകാർ നടത്തിയ റെയ്‌ഡുകളിൽ തെളിഞ്ഞുവന്നത്. ഈ ഒരു മാസം നടന്ന പരിശോധനകളിൽ 6625 കിലോ കഞ്ചാവ് പിടികൂടിയെന്നാണു വിവരം. 210 ലിറ്റർ വാറ്റുചാരായം, 15880 ലിറ്റർ കോട, 415 ലിറ്റർ വിദേശമദ്യം എന്നിങ്ങനെയാണ് പിടിച്ചെടുത്ത മറ്റു ലഹരിവസ്തുക്കളുടെ കണക്ക്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ലഹരികേന്ദ്രങ്ങളിൽ നിന്നുള്ള സ്ഥിതിവിവരങ്ങളാണിത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ ഇതിന്റെ എത്രയോ മടങ്ങ് ഉത്പന്നങ്ങളും വില്പനയും നടന്നിട്ടുണ്ടാകണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന പൊലീസിന് കഞ്ചാവും കള്ളച്ചാരായവും പിടിക്കാൻ പണ്ടേപ്പോലെ ഇപ്പോൾ സമയമില്ല. അതുകൊണ്ടാകണം കൂടുതൽ കണക്കുകൾ പുറത്തുവരാത്തത്.

പതിവായി ലഭിച്ചിരുന്ന മദ്യം പെട്ടെന്നു ലഭ്യമല്ലാതെ വരുമ്പോൾ ആളുകളിൽ ഒരു വിഭാഗം ബദൽ വഴികളിലേക്കു തിരിയുന്നത് എവിടെയും പതിവാണ്. മദ്യശാലകളും അടച്ചിടേണ്ടിവന്നത് കൊവിഡ് വ്യാപനം തടയുകയെന്ന സദുദ്ദേശ്യത്തോടെയാണ്. അതിന് ഇപ്പോൾ കാണുന്നതു പോലുള്ള ഒരു വിപരീത ദിശ കൂടി ഉണ്ടാകുമെന്ന് അറിയേണ്ടതായിരുന്നു. മദ്യം ഉപയോഗിച്ച് ശീലിച്ചവർ അതു കിട്ടാതെ വരുമ്പോൾ രഹസ്യമായി ലഭിക്കുന്ന ഏതുതരം ലഹരിയും തേടിപ്പോകും. അതിനായി പുറത്തു പോകണമെന്നു തന്നെയില്ല. ആവശ്യക്കാരെ തേടി രഹസ്യസംഘങ്ങൾ എത്തിക്കൊള്ളും. ലഹരി മാഫിയയുടെ കണ്ണികൾ അത്രയേറെ വിപുലമാണ്. മദ്യത്തിൽ നിന്നു മാറി പുതിയ ലഹരികളിലേക്കു തിരിയുന്നവരിൽ കുറേപ്പേരെങ്കിലും പിന്നീട് മദ്യലഭ്യത പഴയ പടിയായാലും പുതിയ ശീലം വിടാൻ മടികാണിക്കും. സംസ്ഥാനത്തെങ്ങും കഞ്ചാവ് കടത്തും വില്പനയും ഇത്രയധികം ആഴത്തിൽ വേരുപിടിക്കാൻ കാരണമിതാണ്. ജനങ്ങളിലെ മദ്യാസക്തി നിയന്ത്രിക്കാൻ പാടുപെടുന്ന സർക്കാരിനും സാമൂഹ്യചിന്തകന്മാർക്കും കടുത്ത വെല്ലുവിളിയാണിത്. കൗമാരപ്രായക്കാരും വിദ്യാർത്ഥികളുമൊക്കെ ലഹരിയിലേക്കു ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണം എവിടെയും അവ യഥേഷ്ടം ലഭിക്കുമെന്നതു തന്നെയാണ്. ലഹരി വില്പന ശൃംഖലയുടെ അടിവേരുകൾ വരെ കണ്ടെത്തി തകർക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം ഭാവിയിൽ അതിനു വലിയ വില നൽകേണ്ടിവരികതന്നെ ചെയ്യും. എക്സൈസിനെയും പൊലീസിനെയും കൂടുതൽ ശക്തിപ്പെടുത്തി ലഹരിവേട്ടയ്ക്കു മാത്രമായി ഒരു വിഭാഗത്തെ ചുമതലപ്പെടുത്തിയാൽ ഒരു പരിധി വരെ ലഹരി വില്പന നിയന്ത്രിക്കാനാകും. എക്സൈസ് വിഭാഗം ഇതിനു വേണ്ടിയുള്ളതാണെങ്കിലും ആളുകളുടെയും വാഹനങ്ങളുടെയും പരിശീലനത്തിന്റെയും കുറവ് വളരെ പ്രകടമാണ്. റെയ്‌ഡ് വിവരങ്ങൾ ചോരുന്നതും ലഹരി സംഘങ്ങൾ പിടിയിൽ പെടാതിരിക്കാൻ സഹായിക്കാറുണ്ട്. സാധാരണ ലഹരിവസ്തുക്കൾക്കു പുറമെ വൻ ആദായം നൽകുന്ന ലഹരി ഉത്‌പന്നങ്ങളുടെ രഹസ്യ വിപണനവും ഉപയോഗവും വർദ്ധിച്ചുവരികയാണ്. എല്ലാത്തരം ലഹരിവസ്തുക്കളുടെയും നല്ലൊരു വിപണി കൂടിയായി കേരളം മാറിയിട്ടുണ്ട്. കൊവിഡ് വ്യാപനം ലഹരി സംഘങ്ങൾക്ക് തങ്ങളുടെ ഇടപാടുകൾ കൊഴുപ്പിക്കാനുള്ള മറയായി. പരിശോധനകൾ കടുപ്പിച്ചാൽ മാത്രമേ ഇത്തരം സംഘങ്ങളെ കുറച്ചെങ്കിലും നിയന്ത്രിക്കാനാവൂ. അംഗീകൃത മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുകയും പുറത്ത് വ്യാജമദ്യവും ലഹരി ഉത്പന്നങ്ങളുടെയും രഹസ്യ വില്പന പൊടിപൊടിക്കുകയും ചെയ്യുന്ന വിരോധാഭാസമാണു ഇവിടെ നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.