SignIn
Kerala Kaumudi Online
Friday, 29 March 2024 9.27 PM IST

നിയന്ത്രണങ്ങൾ കുറയ്ക്കാൻ സമയമായില്ല

lock

കൊവിഡ് രണ്ടാംതരംഗം ക്രമേണ കെട്ടടങ്ങുന്നതിന്റെ വലിയ ആശ്വാസത്തിലാണ് രാജ്യം. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാജ്യമൊട്ടാകെ നാല്പത്താറായിരത്തിനടുത്ത് പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. കേരളം മാത്രമാണ് ഇതിന് അപവാദം. നിയന്ത്രണങ്ങൾ ഏറെ കടുപ്പിച്ചതിനു ശേഷവും തുടർച്ചയായി ദിവസേന പതിനായിരത്തിനു മുകളിലാണ് രോഗബാധിതരുടെ സംഖ്യ. ചൊവ്വാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയ വിദഗ്ദ്ധരുടെ അവലോകന സമിതി ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ ഒരുവിധ ഇളവുകളും വേണ്ടെന്നാണ് സർക്കാരിനു ശുപാർശ നൽകിയത്. ശനി, ഞായർ ദിവസങ്ങളിലെ പൂർണ ലോക്ക് ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും തുടരാനാണു തീരുമാനം. രോഗവ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കും. പുതുക്കിയ മാനദണ്ഡ പ്രകാരമാകും ഓരോ പ്രദേശത്തുമുള്ള നിയന്ത്രണങ്ങൾ. രോഗവ്യാപനം ആറ് ശതമാനത്തിൽ കുറഞ്ഞ ഇടങ്ങൾ സംസ്ഥാനത്ത് 165 മാത്രമാണെന്ന യാഥാർത്ഥ്യം മുമ്പിലുള്ളപ്പോൾ കൂടുതൽ ജാഗ്രതയും കരുതലും കർക്കശമായി പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാകും. വീടുകളാണ് ഇപ്പോൾ കൂടുതൽ രോഗവ്യാപന കേന്ദ്രങ്ങളാകുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് ചൂണ്ടുപലകയായി കാണണം. വീട്ടിൽ ഒരാൾക്കു രോഗം പിടിപെട്ടാൽ നിർബന്ധമായും ക്വാറന്റൈനിൽ പോകണം. മറ്റുള്ളവരിലേക്കു രോഗപ്പകർച്ച തടയാൻ ഇതാവശ്യമാണ്. അതുപോലെ നിയന്ത്രണങ്ങൾ മറന്ന് പൊതുസ്ഥലങ്ങളിലും കടകമ്പോളങ്ങളിലും കൂട്ടം കൂടുന്നതും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും രോഗവ്യാപനം തടഞ്ഞുനിറുത്തുന്നതിന് തടസമാകുന്നുണ്ട്. ജനങ്ങൾ പൂർണമായി സഹകരിച്ചാൽ മാത്രമേ കൊവിഡ് വ്യാപനം തടയാനാവൂ. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഇവിടത്തെക്കാൾ എത്രയോ അധികമായിരുന്നു രോഗവ്യാപനം. കർക്കശ നിയന്ത്രണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ഇവിടങ്ങളിലെല്ലാം പുതിയ രോഗികളുടെ എണ്ണം വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ചൊവ്വാഴ്ച 13550 പുതിയ രോഗികളുണ്ടായപ്പോൾ തമിഴ്‌നാട്ടിൽ 4512 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കർണാടകയിൽ 3222, ആന്ധ്ര‌യിൽ 3620, തെലങ്കാന 987 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ പുതിയ കേസുകൾ.

നിയന്ത്രണങ്ങൾ ഊർജ്ജിതമായി നടപ്പാക്കുന്നതിനൊപ്പം തന്നെ പ്രതിരോധ കുത്തിവയ്‌പിന്റെ വേഗതയും ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇതിനകം നാല്പതുശതമാനം പേർക്കേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളൂ. രണ്ട് ഡോസും കിട്ടിയതാകട്ടെ കേവലം പന്ത്രണ്ടു ശതമാനം പേർക്ക്. വാക്സിൻ വിതരണം ഇന്നത്തേതിന്റെ പലമടങ്ങ് വേഗത്തിലായാലേ ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് എന്ന ലക്ഷ്യമെങ്കിലും പൂർത്തീകരിക്കാനാവൂ. വാക്സിൻ ലഭ്യത കൂടുതൽ സുഗമമായിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടു കഴിഞ്ഞ മുഴുവൻ പേർക്കും ഡിസംബറോടെ ഒരു ഡോസ് കുത്തിവയ്പു പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതിനായുള്ള മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജൂലായ് അവസാനം വരെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. മൂന്നാം വ്യാപന ഭീഷണി ഉള്ളതിനാൽ പരമാവധി ജാഗ്രത നിലനിറുത്തിയില്ലെങ്കിൽ ഒരിക്കൽക്കൂടി രാജ്യം വലിയ വില നൽകേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.