SignIn
Kerala Kaumudi Online
Thursday, 25 April 2024 9.54 PM IST

കോടതിയുടെ കനിവ് ഒരിക്കൽക്കൂടി

supreme-court

കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാണെന്ന ഉത്തരവിലൂടെ പരമോന്നത കോടതി അതിപ്രധാനമായ സാമൂഹ്യ ദൗത്യമാണ് നിറവേറ്റിയിരിക്കുന്നത്. രോഗംപിടിപെട്ടു മരിക്കുന്നവരുടെ കുടുംബങ്ങൾക്കാകമാനം നഷ്ടപരിഹാരം അനുവദിക്കാൻ തുടങ്ങിയാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കുത്തുപാളയെടുക്കുമെന്നായിരുന്നു കേന്ദ്ര അഭിഭാഷകർ വാദിച്ചുവന്നത്. എന്നാൽ മഹാദുരന്തം ജനങ്ങളെ വേട്ടയാടുമ്പോൾ അവരെ സഹായിക്കാനുള്ള ചുമതല ഭരണകൂടത്തിനു തന്നെയാണെന്ന് സുപ്രീംകോടതി അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തങ്ങളുണ്ടാകുമ്പോൾ അതിൽപ്പെട്ടവരുടെ രക്ഷയ്ക്കും സഹായത്തിനും വേണ്ടിയാണ് ദേശീയ ദുരന്തനിവാരണ അതോറിട്ടി സ്ഥാപിതമായത്. ദുരന്തങ്ങളെന്നാൽ പ്രകൃതികോപങ്ങൾ മാത്രമല്ല. അനേകം പേരെ ഒന്നായി ബാധിക്കുന്ന ഏതു മഹാവ്യാധിയും ദേശീയദുരന്തം തന്നെയാണ്. ജനങ്ങളിൽനിന്ന് നിരന്തരം മുറവിളി ഉയർന്നിട്ടും കൊവിഡ് മരണങ്ങൾ ദുരന്തപട്ടികയിൽ പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാരും ദുരന്തനിവാരണ അതോറിട്ടിയും. എന്നാൽ ദുരന്ത നിവാരണ നിയമത്തിൽത്തന്നെ ഇത്തരം കേസുകളിൽ അർഹമായ നഷ്ടപരിഹാരം നൽകാൻ വകുപ്പുകളുണ്ടെന്ന വസ്തുത അതോറിട്ടിയും സർക്കാരും സൗകര്യപൂർവം വിസ്മരിക്കുകയായിരുന്നു. ഈ വിഷയത്തിൽ കടുത്ത ഉദാസീനത പുലർത്തിയ ദേശീയ ദുരന്തനിവാരണ അതോറിട്ടിയെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തു.

കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് നാലുലക്ഷം രൂപ വീതം സഹായം നൽകണമെന്നായിരുന്നു കോടതി വിധിക്കാധാരമായ ഹർജികളിലെ ആവശ്യം. സഹായത്തുക എത്രയായിരിക്കണമെന്നതിൽ കോടതി നിർദ്ദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല. അക്കാര്യം സർക്കാരിന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണ്. സഹായം നൽകണമെന്ന കാര്യത്തിൽ എന്തായാലും കോടതി ഖണ്ഡിതമായ തീരുമാനമാണെടുത്തിരിക്കുന്നത്. ആറാഴ്ചയ്ക്കകം സഹായധനത്തോത് നിശ്ചയിച്ച് സർക്കാർ തീരുമാനം കോടതിയെ അറിയിക്കാനാണു നിർദ്ദേശം.

കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ നാലുലക്ഷത്തോളം പേർ മരണമടഞ്ഞതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ മരണകാരണം ശരിയായി രേഖപ്പെടുത്താതെ, ഇതിലുമധികം പേർ കൊവിഡിന് ഇരയായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും മരണ നിരക്ക് രേഖപ്പെടുത്തുന്നതിൽ യാതൊരു സൂക്ഷ്മതയും പുലർത്തിയിട്ടില്ലെന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്തായിക്കൊണ്ടിരിക്കുകയാണ്. മഹാമാരി താണ്ഡവമാടിയ നാളുകളിൽ ആശുപത്രികളിലും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലും സർവത്ര കുത്തഴിഞ്ഞ അവസ്ഥയായിരുന്നു. മരണക്കണക്കുകൾ രേഖപ്പെടുത്താൻ വേണ്ടപോലെ ശ്രമമുണ്ടായില്ല. ഈ അനാസ്ഥയ്ക്കും ഗുരുതരമായ കൃത്യവിലോപത്തിനും എത്രയോ കുടുംബങ്ങൾ ഇരകളാകേണ്ടി വന്നിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന ധനസഹായം ഈ ഗണത്തിൽപ്പെടുന്ന ആശ്രിതർക്ക് പ്രാപ്തമാകാതെ പോവുകയാണ്. മരണകാരണം രേഖപ്പെടുത്താതിരുന്ന മരണ സർട്ടിഫിക്കറ്റ് നൽകിയ ആയിരക്കണക്കിനു കേസുകളുമുണ്ട്. ഇത്തരക്കാർക്ക് സർട്ടിഫിക്കറ്റ് തിരുത്തി വാങ്ങാനുള്ള അവസരം നൽകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.

സർക്കാരിന്റെ പക്കൽ ഇപ്പോഴുള്ള കണക്കുപ്രകാരം നാലുലക്ഷം പേരുടെ കുടുംബങ്ങളാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളവർ. നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചാൽ പോലും പതിനാറായിരം കോടി രൂപയേ ആവുകയുള്ളൂ. കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്നാൽ ഇത് അത്ര വലിയ ബാദ്ധ്യതയൊന്നുമല്ല. ഏതു നിലയിലും സഹായം ലഭ്യമാക്കുകയെന്നതാണു പ്രധാനപ്പെട്ട കാര്യം. മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിന് ഉന്നത നീതിപീഠമാണ് തുണയായത്. ഇപ്പോൾ സഹായധനം ലഭ്യമാക്കാനും കോടതി തന്നെ മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.