SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.04 PM IST

നിർമ്മാണ പെർമിറ്റ് അഴിമതി മുക്തമാകും

permitt

കെട്ടിടനിർമ്മാണ പെർമിറ്റ് നൽകുന്നതിനുള്ള വ്യവസ്ഥകൾ ഇന്നലെ മുതൽ ഉദാരമാക്കിയിരിക്കുകയാണ്. ഇതിനുമുമ്പും പലകുറി ഈ വഴിക്കു ചില നടപടികളെടുത്തിരുന്നെങ്കിലും ആത്യന്തികമായി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മനോഗതിയനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. നിർമ്മാണ പെർമിറ്റും കംപ്ളീഷൻ സർട്ടിഫിക്കറ്റുമൊക്കെ കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യകൾ വരെ നടക്കാറുള്ള നാടാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ കെട്ടിടനിർമ്മാണ നിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായ ചട്ടങ്ങൾക്ക് ജൂലായ് ഒന്നു മുതൽ പ്രാബല്യം നൽകിയതു വഴിയാണ് നിർമ്മാണാനുമതിക്കായി ഇനിമുതൽ കാത്തിരിക്കേണ്ടതില്ലെന്ന നില വരുന്നത്. ജനങ്ങൾ ഇത്തരത്തിലൊരു മാറ്റത്തിനായി ഏറെനാളായി കാത്തിരിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട വിഭാഗത്തിൽ നടമാടുന്ന കൊടിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ക്രമക്കേടുകൾക്കും എത്രകണ്ട് അറുതിയാകുമെന്ന് പുതിയ ചട്ടങ്ങൾ പൂർണമായും പ്രാബല്യത്തിലാകുന്ന മുറയ്ക്കേ അറിയാനാകൂ. ഏതു വിധത്തിലും ജനനന്മ ഉദ്ദേശിച്ചു കൊണ്ടുവന്ന പരിഷ്കാരങ്ങൾ അതിന്റെ യഥാർത്ഥ ഉദ്ദേശ്യശുദ്ധിയോടെ നടപ്പാകണമെന്നു തന്നെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ശമ്പളത്തോടൊപ്പം വലിയ തോതിൽ കിമ്പളത്തിനുള്ള മാർഗം കൂടിയാണ് നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ. സാധാരണ കെട്ടിടങ്ങൾക്ക് അഞ്ചുദിവസത്തിനകം അനുമതി ലഭിക്കുമെന്നു വന്നാൽ അഴിമതിക്കുള്ള വഴിയാണ് അടയാൻ പോകുന്നത്. നിർമ്മാണാനുമതിക്കുള്ള അപേക്ഷയോടൊപ്പം സ്ഥലമുടമ രജിസ്റ്റർ ചെയ്ത ലൈസൻസി തയ്യാറാക്കിയ പ്ളാനും ആവശ്യമായ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ ഔപചാരിക അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ നിർമ്മാണം ആരംഭിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന മാറ്റം. അപേക്ഷ നൽകി അഞ്ചുദിവസത്തിനകം തദ്ദേശ സ്ഥാപനത്തിന്റെ പെർമിറ്റ് ലഭിക്കുന്നില്ലെങ്കിൽ അതു സ്വയമേവ ലഭിച്ചതായി കണക്കാക്കാമെന്നാണ് പുതിയ ചട്ടം. സംസ്ഥാനത്ത് ഒരു വർഷം രണ്ടരലക്ഷത്തോളം കെട്ടിട നിർമ്മാണങ്ങൾക്കുള്ള അപേക്ഷകളാണ് തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഇവയിൽ രണ്ടുലക്ഷം അപേക്ഷകളിലും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാനാവും.

കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട പല നിയമങ്ങളും സാധാരണ ജനങ്ങൾക്ക് പലപ്പോഴും കഷ്ടപ്പാടുകൾ സൃഷ്ടിക്കുന്നവയാണ്. അനുമതികൾക്കായി അധികാര കേന്ദ്രങ്ങളിൽ പലതവണ കയറിയിറങ്ങേണ്ടിവരും. കാലതാമസത്തിനു പിന്നിൽ പ്രധാനമായും അഴിമതി തന്നെയാകും ഹേതു. സാധാരണക്കാരുടെ കാര്യത്തിൽ കാർക്കശ്യം കാണിക്കുന്നവർ കനമേറിയ മടിശീലക്കാരുടെ ഏതു ചട്ടലംഘനത്തിനു നേരെയും മുഖം തിരിക്കും. നല്ല പരിജ്ഞാനവും ലൈസൻസുമുള്ള ലൈസൻസികൾ തയ്യാറാക്കുന്ന പ്ളാനുകൾ പ്രായേണ നിയമാനുസൃതം തന്നെയാകും. കെട്ടിട ഉടമയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ നിർമ്മാണം അനുവദിക്കാവുന്ന തരത്തിലാണ് ഇപ്പോൾ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അടിസ്ഥാന നിർമ്മാണം പൂർത്തിയാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് ചട്ടലംഘനമൊന്നുമില്ലെന്നു ഉറപ്പാക്കിയാൽ മതി. നിർമ്മാണമേഖലയ്ക്കും പുതിയ ഉണർവ് നൽകാൻ പര്യാപ്തമാണ് ഈ മാറ്റങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.