SignIn
Kerala Kaumudi Online
Saturday, 20 April 2024 4.02 AM IST

കഥയില്ലാത്ത വിവാദത്തിന് പിറകേ പോകരുത്

mukesh

ചലച്ചിത്ര നടനും നിയമസഭാംഗവുമായ മുകേഷിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾ പതിയെ കെട്ടടങ്ങുകയാണ്. ഒരു പൊതുപ്രാധാന്യവുമില്ലാത്ത ചെറിയൊരു സംഭവത്തിന്റെ പേരിലാണ് ഈ പുകിലൊക്കെയുണ്ടായത്. എന്തിലും ചാടിവീണ് രംഗം കൊഴുപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന സൈബർ പോരാളികളും ചാവേറുകളും നാട്ടിൽ ധാരാളമുണ്ടെന്നുള്ളത് മറക്കുന്നില്ല. കേവലം ഒരു ഫോൺ സംഭാഷണത്തിന്റെ പേരിൽ മലയാളികൾ ഒന്നടങ്കം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു നടനെ അപവാദക്കുരുക്കിൽ പെടുത്താനുള്ള ഹീനശ്രമമാണ് അരങ്ങേറിയതെന്നു മനസിലാക്കാൻ വലിയ ഉൾക്കാഴ്ചയൊന്നും വേണ്ട. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും ചുരുക്കംപേർ വിചാരിച്ചാൽ കഴിയും. പണ്ടുമുതലേ ഏതു നാട്ടിലും കണ്ടുവരുന്ന പ്രവണതയാണത്. യോഗത്തിൽ സംബന്ധിച്ചുകൊണ്ടിരിക്കെ തുടർച്ചയായി ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ കുട്ടിയെ അതിന്റെ പേരിൽ ചെറുതായെന്നു ശാസിച്ചത് അത്രവലിയ കുറ്റമാണെന്ന് ബോധമുള്ള ആരും പറയില്ല. പാലക്കാട്ട് ഒറ്റപ്പാലം സ്വദേശിയായ കുട്ടി സതീർത്ഥ്യനു വേണ്ടിയാണത്രെ കൊല്ലം എം.എൽ.എയോട് സ്മാർട്ട് ഫോണിനുവേണ്ടി സഹായാഭ്യർത്ഥന നടത്തിയത്. സ്ഥലം എം.എൽ.എയോടല്ലേ ആവശ്യം ഉന്നയിക്കേണ്ടതെന്ന് ആരാഞ്ഞ മുകേഷ് ആരാണ് ആ എം.എൽ.എ എന്നറിയാമോ എന്നും കുട്ടിയോടു ചോദിച്ചു. മറന്നുപോയി എന്നായിരുന്നു ഉത്തരം. ഇതുകേട്ടപ്പോൾ സ്ഥലം എം.എൽ.എ ആരെന്നറിയാത്തതിന് ചൂരൽകൊണ്ട് നല്ല അടിയാണു തരേണ്ടതെന്ന മുകേഷിന്റെ വാക്കുകളാണ് രാഷ്ട്രീയതലത്തിൽത്തന്നെ കത്തിപ്പടർന്ന വലിയ വിവാദമായി മാറിയത്. കാത്തുനിന്ന സൈബർ പോരാളികൾ ചാടിവീഴാൻ ഒട്ടും താമസമുണ്ടായില്ല. നടൻ സി.പി.എം കാരനായതിനാൽ പ്രതിപക്ഷനിരകളിൽ നിന്നുമുണ്ടായി ശക്തമായ ആക്രമണങ്ങൾ. ബാലാവകാശ ലംഘനമെന്നുവരെ ആരോപണമുയർന്നു. രണ്ടുമൂന്നു ദിവസത്തെ പോരാട്ടം കഴിഞ്ഞപ്പോഴാണ് ഫോൺ വിളിച്ച കുട്ടി ആരാണെന്നും മറ്റുമുള്ള യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. അതോടെ വിവാദങ്ങളും കെട്ടടങ്ങിയിരിക്കുകയാണ്. പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങളോ അധിക്ഷേപമോ ഒന്നും നടന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് വസ്തുതകൾ പരിശോധിക്കുന്ന ആർക്കും ബോദ്ധ്യമാകും. ഈ യാഥാർത്ഥ്യം മറച്ചുവച്ചാണ് പലരും വിവാദത്തിൽ ഭാഗഭാക്കുകളായത്. ജനപ്രതിനിധിയോ സെലിബ്രിറ്റിയോ ആണെങ്കിലും വ്യക്തിയെന്ന നിലയിൽ അവരുടെ സ്വകാര്യത മാനിക്കാനും കടന്നുകയറാതിരിക്കാനുമുള്ള മര്യാദ പുലർത്തുന്നതാണ് ഉചിതം. ഏറ്റുപിടിക്കുന്ന വിവാദത്തിന് എത്രകണ്ട് സാമൂഹ്യപ്രസക്തിയുണ്ടെന്നു പരിശോധിക്കണം. ജനപ്രതിനിധിയായതു കൊണ്ടുമാത്രം ആരോടും ക്ഷോഭിക്കരുതെന്നോ പഞ്ചാരവാക്കുകൾ മാത്രമേ ഉരിയാടാവൂ എന്നോ എങ്ങനെ പറയാനാകും? വികാരവിചാരങ്ങളുള്ള ഒരാൾക്കും എപ്പോഴും അതിനു കഴിഞ്ഞെന്നും വരില്ല. പറയുന്നതൊക്കെ ഫോണിൽ രേഖപ്പെടുത്തി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങിയാൽ ഒരു പൊതുപ്രവർത്തകനും ജനമദ്ധ്യത്തിലിറങ്ങാനാവാത്ത സ്ഥിതി വരുമെന്ന് ഏവരും ഓർക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUKESH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.