SignIn
Kerala Kaumudi Online
Thursday, 25 April 2024 11.07 AM IST

റോഡിലെ കുഴികളുടെ അധിക ബാദ്ധ്യത

gvr-news-photo

വിവേചനരഹിതമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതു വഴി സംസ്ഥാനത്തിന് ഒരുവർഷം മൂവായിരംകോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകുന്നുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നു. വിവിധ വകുപ്പുകാർ റോഡ് പൊളിക്കുന്നത് സർവസാധാരണമാണ്. പലപ്പോഴും ഇത് ഒഴിവാക്കാനാകാത്തതുമാണ്. എന്നാൽ വെട്ടിക്കുഴിച്ച നിരത്തുകൾ അതേപടി ഇട്ടിട്ടുപോകുന്നതും, ടാർ ചെയ്ത് ഭംഗിയാക്കുന്നതു വരെ അടുത്ത വെട്ടിപ്പൊളിക്കലിന് കാത്തിരിക്കുന്നതും സാധാരണ ബുദ്ധിക്കു നിരക്കുന്നതല്ല. ഒരു വകുപ്പിന്റെ പണി കഴിഞ്ഞുപോയാൽ ദിവസങ്ങൾക്കകം അടുത്ത വകുപ്പുകാരെത്തി റോഡിൽ കുളം തോണ്ടുന്ന കാഴ്ച സംസ്ഥാനത്തെവിടെയും സാധാരണ കാഴ്ചയാണ്. ദേശീയപാത ഒഴികെ മറ്റെല്ലാ നിരത്തുകളും വർഷം മുഴുവൻ നേരിടുന്ന ദുർഗതിയാണിത്. പണിപൂർത്തിയായ റോഡുകൾ തോന്നുന്ന സമയത്തെല്ലാം വെട്ടിക്കുഴിക്കുന്നതു തടയാൻ സർക്കാർ നിബന്ധനകൾ കടുപ്പിക്കാറുണ്ട്. എന്നാൽ വലിയ പ്രയോജനം കാണുന്നില്ല.

റോഡ് കുഴിച്ചുള്ള പണികൾ ഏകോപിപ്പിക്കാനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഉദ്ദേശിച്ച് സർക്കാർ പുതിയൊരു വെബ് പോർട്ടൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യം മുഖ്യമന്ത്രി പറയുകയുണ്ടായി. നവീകരിച്ച ഏതാനും റോഡുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഓൺലൈനിലൂടെ നിർവഹിക്കവെയാണ് പൊതുനിരത്തുകളിൽ നിർബാധം തുടരുന്ന 'അതിക്രമ"ങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയിൽ നിന്ന് അസ്വാസ്ഥ്യജനകമായ പരാമർശങ്ങളുണ്ടായത്. പുതിയ റോഡുകളുടെ നിർമ്മാണത്തിനും നിലവിലെ റോഡുകളുടെ പരിപാലനത്തിനും വലിയ മുതൽമുടക്കു വേണ്ടിവരുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾക്കു വഴിവയ്ക്കുന്ന യാതൊന്നും സൃഷ്ടിക്കാതിരിക്കാൻ സർക്കാർ വകുപ്പുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനമുണ്ടെങ്കിൽ പല പ്രവൃത്തികളും ഒരേസമയം നടത്താനാകും. അതനുസരിച്ച് മുൻകൂട്ടി ആസൂത്രണം ചെയ്താൽ മതിയാകും. അടിയന്തര ഘട്ടങ്ങളിൽ മാത്രമേ റോഡുകൾ വെട്ടിപ്പൊളിക്കാൻ പാടുള്ളൂ എന്ന നിബന്ധന കർക്കശമായി നടപ്പിലാവണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരാമത്തുമന്ത്രിയായിരുന്ന ജി. സുധാകരൻ ഇക്കാര്യത്തിൽ കണിശക്കാരനായിരുന്നു. എന്താവശ്യത്തിനായാലും മരാമത്തു വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല.

റോഡുകൾ ലക്കും ലഗാനുമില്ലാതെ വെട്ടിപ്പൊളിക്കുന്നതു കാരണം ഉണ്ടാകുന്ന ഗതാഗത തടസവും ചെറിയ വാഹനങ്ങൾക്കു നേരിടുന്ന കഷ്ടനഷ്ടങ്ങളും ശ്രദ്ധിക്കപ്പെടാറില്ല. എത്രയോ ഇരുചക്ര വാഹനയാത്രക്കാർ ഇത്തരം കുഴികളിൽ വീണു അപമൃത്യുവിനിരയാകാറുണ്ട്. പരിക്കുകളോടെ രക്ഷപ്പെട്ടവർ പതിനായിരക്കണക്കിനു വരും. ടാറിട്ട റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് നടപടിക്രമങ്ങളും ഫീസുമൊക്കെ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ മറികടന്നുകൊണ്ടാവും പ്രവൃത്തികൾ. പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടിയും ഉണ്ടാകില്ല. അടുത്ത ടാറിംഗ് വരെ അങ്ങനെ കിടക്കും.

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന ദേശീയപാതകൾ വർഷങ്ങളോളം അറ്റകുറ്റപ്പണികൾ വേണ്ടാത്തവിധം നല്ലനിലയിൽ വർത്തിക്കുന്ന ഉദാഹരണം മുന്നിലുണ്ട്. നിലവാരമില്ലാത്ത നിർമ്മാണം കാരണമാണ് ഇവിടത്തെ ഒട്ടുമിക്ക പാതകൾക്കും വർഷത്തിൽ പലതവണ അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നത്. റോഡുകൾ കുഴിക്കുന്നതിൽ ഏകോപനത്തിന് പുതിയ വെബ്‌പോർട്ടൽ വികസിപ്പിക്കുന്നതിനൊപ്പം റോഡുകളുടെ മൊത്തത്തിലുള്ള സംരക്ഷണത്തിനുതകുന്ന നയവും ആവിഷ്കരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.