SignIn
Kerala Kaumudi Online
Friday, 19 April 2024 8.55 PM IST

ഒരാൾക്കെതിരെയെങ്കിലും നടപടി എടുത്തോ?

psc

പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ കയറിക്കൂടാൻ ഭാഗ്യം സിദ്ധിച്ച ഉദ്യോഗാർത്ഥികൾ വീണ്ടും സമരപാതയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലും ഭരണസിരാകേന്ദ്രത്തിനു മുമ്പിൽ അവർ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. കഴിയുന്നത്ര പേർക്ക് നിയമനം നൽകാൻ ഉറച്ച നടപടികളുണ്ടാകുമെന്ന സർക്കാർ ഉറപ്പിലാണ് അവർ പിരിഞ്ഞുപോയത്. എന്നാൽ ഉറപ്പു പാലിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സമരനീക്കം. ഈ വരുന്ന ആഗസ്റ്റ് നാലിന് പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ്. അവ ഒരു കാരണവശാലും പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിയമസഭയിൽ വ്യക്തമാക്കി. വിവിധ വകുപ്പുകളിലെ നിലവിലുള്ള ഒഴിവുകളിൽ റാങ്ക് ലിസ്റ്റുകളിൽ നിന്നു പരമാവധി പേരെ നിയമിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ സർക്കാരിന്റെ നയമല്ലെന്ന വിശദീകരണത്തോടെയാണ് നിലവിലെ ലിസ്റ്റുകൾ കാലാവധി തീരുന്ന മുറയ്ക്ക് സ്വയം ഇല്ലാതാകുമെന്ന് അദ്ദേഹം അറിയിച്ചത്.

ഒരു കണക്കിൽ റാങ്ക് ലിസ്റ്റുകൾ നീട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് പുണ്യമൊന്നുമില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുമേധാവികൾ ഉദാസീനത തുടരുന്നിടത്തോളം റാങ്ക് പട്ടിക അലങ്കാരമായിത്തന്നെ ഇരിക്കും. അടുത്തമാസം ആദ്യം ആയുസ് തീരുന്ന 493 റാങ്ക് ലിസ്റ്റുകളിൽ ഒരൊറ്റയാൾക്കു പോലും നിയമനം ലഭിക്കാത്ത പട്ടികയുമുണ്ടെന്നാണ് കേൾക്കുന്നത്. ഒഴിവില്ലാത്തതുകൊണ്ടല്ല വിവരം പി.എസ്.സിയെ അറിയിക്കാത്തതാണ് പ്രശ്നം. തീരെ നിയമനം നടക്കാത്തതും വളരെക്കുറച്ച് നിയമനങ്ങൾ നടന്നതുമായ അനവധി റാങ്ക് പട്ടികകളുണ്ട്. സർക്കാർ ജോലി എന്ന സ്വപ്നവുമായി വർഷങ്ങളായി കാത്തിരിക്കുന്ന യുവതീയുവാക്കളുടെ പ്രതീക്ഷയാണ് ലിസ്റ്റുകൾ ഇല്ലാതാവുന്നതോടെ കൊഴിഞ്ഞുവീഴുന്നത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ശുഷ്കാന്തി കാണിക്കാത്ത വകുപ്പദ്ധ്യക്ഷന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ കൂടക്കൂടെ പറയാറുണ്ട്. എന്നാൽ ഏതെങ്കിലുമൊരു വകുപ്പദ്ധ്യക്ഷൻ ശിക്ഷ നേരിട്ടതായി അറിവില്ല. പല വകുപ്പുകളിലും ധാരാളം ഒഴിവുകളുള്ളപ്പോഴാണ് നിയമനങ്ങൾക്ക് അപ്രഖ്യാപിത നിരോധനം നിലനില്‌ക്കുന്നത്. ഇതിനിടയിലും പിൻവാതിലിലൂടെ താത്‌കാലിക നിയമനങ്ങൾ ധാരാളം നടക്കാറുമുണ്ട്. വർഷങ്ങളായി ഉദ്യോഗാർത്ഥികൾ നേരിടുന്ന ദുരവസ്ഥയാണിത്.

പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം നേടുന്നതു തന്നെ വലിയ ഭാഗ്യമായി കരുതുന്നവരാണ് ഉദ്യോഗാർത്ഥികൾ. കഠിന പ്രയത്നങ്ങൾക്കൊടുവിൽ ലിസ്റ്റിൽ കയറിക്കൂടാൻ ഭാഗ്യം സിദ്ധിച്ചവർ നിയമനത്തിനായി ദീർഘനാൾ കാത്തിരിക്കേണ്ടിവരുന്നു. സർക്കാർ സർവീസിൽ ഓരോ വർഷവും എത്രപേർ റിട്ടയർ ചെയ്യുമെന്ന കൃത്യമായ കണക്കുള്ളതാണ്. മുൻകൂർ ആ വിവരം അറിയുകയും ചെയ്യാം. ഒഴിവുകൾ കണക്കാക്കിയാകും പി.എസ്.സി പരീക്ഷകൾ നടത്തുന്നതും റാങ്ക് പട്ടിക തയ്യാറാക്കുന്നതും. ഇതൊക്കെ മുറ പോലെ നടന്ന ശേഷവും നിയമനം കൃത്യമായി നടക്കുന്നില്ലെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടാകണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതു തന്നെയാണ് പ്രധാന കാരണം. ഇവിടെയാണ് പ്രധാന ഒത്തുകളി നടക്കാറുള്ളത്. സർക്കാർ സ്കൂളുകളിൽ സ്ഥിരം അദ്ധ്യാപകരുടെ നൂറുകണക്കിനു ഒഴിവുള്ളപ്പോഴാകും ഓരോ വർഷവും കരാർ നിയമനങ്ങൾ തകൃതിയായി നടക്കുന്നത്. എല്ലാ വകുപ്പുകളിലുമുണ്ട് ധാരാളം കരാർ നിയമനങ്ങൾ. റാങ്ക് പട്ടികയുള്ളപ്പോഴാണ് പി.എസ്.സി നിയമനം കാത്തുകഴിയുന്ന ഉദ്യോഗാർത്ഥികളോടുള്ള ഈ ദ്രോഹം. താത്കാലിക നിയമനങ്ങൾക്ക് എന്ന് അറുതിയാകുന്നോ അന്നേ ഈ ദുസ്ഥതിക്കു മാറ്റമുണ്ടാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC RANK LIST
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.