SignIn
Kerala Kaumudi Online
Friday, 19 April 2024 7.47 PM IST

എല്ലാം സഹിക്കുന്ന ദൈവം ഇതും സഹിക്കും

-high-way-

ദേശീയപാത വികസനം ഇപ്പോഴും കടലാസിൽ നിന്നു താഴെയിറങ്ങാതെ കിടക്കുന്ന കേരളത്തിന് വളരെയധികം ആശ്വാസം നൽകുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ ഒരു സുപ്രധാന വിധി. പാതയുടെ അലൈൻമെന്റിന് തടസമായി ആരാധനാലയങ്ങളുണ്ടെങ്കിൽ അവ നീക്കി മുന്നോട്ടുപോകാൻ നടപടി എടുക്കാമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധി. കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ഏതാനും സ്ഥലമുടമകൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളിക്കളയുകയും ചെയ്തു. ദേശീയപാത വികസനത്തിന് നിലവിലുള്ള അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുത്താൽ രണ്ടു ക്ഷേത്രങ്ങളും രണ്ട് മുസ്ളിം പള്ളികളുമുൾപ്പെടെ പൊളിച്ചുമാറ്റേണ്ടി വരുമെന്നായിരുന്നു ഹർജികളിലെ വാദം. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നമാകയാൽ അലൈൻമെന്റ് മാറ്റിവരയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ അടിസ്ഥാന വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ വിശ്വാസമല്ല രാജ്യത്തിന്റെ പൊതുതാത്പര്യമാണു പ്രധാനമായും കണക്കിലെടുക്കേണ്ടതെന്നാണ് കോടതി ഓർമ്മിപ്പിച്ചത്. അങ്ങനെ വരുമ്പോൾ ക്ഷേത്രങ്ങളും പള്ളികളും പ്രാധാന്യമേറിയ മറ്റു മന്ദിരങ്ങളും ചരിത്രശേഷിപ്പുകളുമൊക്കെ ഉൾപ്പെടുന്ന ഭൂമിയും ഏറ്റെടുക്കേണ്ടിവരും. അതൊന്നും ഒരിക്കലും ദൈവനിഷേധമായോ വിശ്വാസലംഘനമായോ കാണേണ്ടതുമില്ല. ദേശീയപാത നാടിന്റെയും ജനങ്ങളുടെയും വലിയ ആവശ്യമാണ്. നാട്ടിൽ ദ്രുതഗതിയിലുള്ള വികസനം സാദ്ധ്യമാകണമെങ്കിൽ തടസങ്ങളില്ലാത്ത വീതിയേറിയ പാതകൾ അനിവാര്യമാണ്. ദേശീയപാത വികസന പദ്ധതി ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നത് കേരളത്തിലാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഒടുങ്ങാത്ത തടസങ്ങളാണ് ഇതിനു കാരണം. നിശ്ചയദാർഢ്യത്തോടെ പ്രശ്നത്തിൽ ഇടപെടുന്നതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഭൂമി ഏറ്റെടുക്കലിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. എങ്കിലും ഇപ്പോഴും അങ്ങിങ്ങ് ഓരോ തടസവാദങ്ങളുമായി വ്യക്തികളും സംഘടനകളും രാഷ്ട്രീയ കക്ഷികളുമൊക്കെ വരാറുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട തടസവാദങ്ങൾ ജനങ്ങൾക്കിടയിൽ എളുപ്പം ചെലവാകുമെന്നതിനാലാണ് പലരും ആ വഴിക്കു തിരിയുന്നത്. മുട്ടിനുമുട്ടിനു ക്ഷേത്രങ്ങളും പള്ളികളുമുള്ള സംസ്ഥാനത്ത് ഇവ പൂർണമായും ഒഴിവാക്കി ഭൂമിയേറ്റെടുക്കൽ ഒരു കാലത്തും സാദ്ധ്യമല്ലെന്ന് ഓർക്കണം. അതു ഓർത്തുകൊണ്ടാകണം ദേശീയപാത അലൈൻമെന്റ് ക്ഷേത്രങ്ങളുടെയും പള്ളിയുടെയും പേരിൽ മാറ്റിവരയ്ക്കേണ്ട കാര്യമില്ലെന്ന് കോടതി വിധിച്ചത്. ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന ദേശീയപാത അതോറിട്ടിയെയും ഈ വിധി എഴുതുന്ന ജഡ്‌ജിയെയും ദൈവം കാത്തുകൊള്ളുമെന്ന് പറഞ്ഞുകൊണ്ടാണ് താൻ ഈ കേസിൽ വിധി പുറപ്പെടുവിക്കുന്നതെന്ന ജസ്റ്റിസിന്റെ പരാമർശം പാത വികസനത്തിന് അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഏതു വികസന പദ്ധതിക്കും ഭൂമി ഏറ്റെടുക്കൽ വേണ്ടിവരും. ഭൂമി ലഭ്യത നന്നേ കുറവായ കേരളത്തിൽ വലിയ തലവേദന സൃഷ്ടിക്കുന്ന ഏർപ്പാടാണ് ഭൂമി ഏറ്റെടുക്കൽ. പല വൻകിട പദ്ധതികളും നമുക്കു നഷ്ടമായതിനു പിന്നിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഭൂഉടമകൾക്കു ഒരുവിധ ദോഷവും വരുത്താത്തവിധം ഭൂമിക്കടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്ന പദ്ധതിയായിട്ടും ഗെയിലിന്റെ വാതക പൈപ്പ് ലൈൻ പൂർത്തീകരിക്കാൻ എത്രകാലമെടുത്തുവെന്ന് ഏവർക്കുമറിയാം. ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് ഇക്കാലത്ത് പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിലുണ്ടായിരുന്ന എതിർപ്പ് വലിയ തോതിൽ ഇപ്പോൾ ഇല്ലെന്നും പറയാം. എന്നിരുന്നാലും വഴിമുടക്കാൻ തുനിഞ്ഞിറങ്ങുന്നവർ ഇപ്പോഴും ധാരാളമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.