SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.41 AM IST

സംവരണ തീരുമാനം സ്വാഗതാർഹം

obc

അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ പ്രവേശനത്തിന് ഈ വർഷം മുതൽ ഒ.ബി.സിക്കാർക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത് വളരെ സ്വാഗതാർഹമാണ്. നിലവിൽ ഒ.ബി.സി സംവരണം ഇല്ലായിരുന്നു. അതേസമയം പത്തു ശതമാനം മുന്നാക്ക സംവരണം നിലനിന്നിരുന്നു. ഈ അനീതിയെ ചോദ്യം ചെയ്ത് സെന്തിൽകുമാർ രാമമൂർത്തി എന്ന വിദ്യാർത്ഥി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതാണ് വഴിത്തിരിവായത്. പിന്നാക്ക സമുദായക്കാർ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനേക്കാൾ ജുഡിഷ്യറിയോടാണ് കടപ്പെട്ടിരിക്കുന്നത്. കാരണം കേന്ദ്ര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കാൻ 2007-ൽ നിയമം നിലവിൽ വന്നതാണ്. അതിന്റെ പുറത്ത് പതിമൂന്ന് വർഷം ഭരണാധികാരികൾ അടയിരുന്നു. ഇതിൽനിന്ന് ഒരുകാര്യം വളരെ വ്യക്തമാണ്. പിന്നാക്കക്കാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ ഒരു സർക്കാരിനും താത്‌പര്യമില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാരുടെ കാര്യം ഞൊടിയിടയിൽ നടപ്പാക്കുകയും ചെയ്തു. വാഗ്ദാനങ്ങൾ നല്കി ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരുടെ വോട്ടുകൾ വാങ്ങിക്കഴിഞ്ഞ് അവരെ മറക്കുക എന്നത് പ്രമുഖ രാഷ്ട്രീയകക്ഷികളുടെ സ്ഥിരം കലാപരിപാടിയാണ്. പ്രക്ഷോഭങ്ങളിലൂടെയും കോടതി വ്യവഹാരങ്ങളിലൂടെയുമാണ് പിന്നാക്കവിഭാഗങ്ങൾ അർഹമായ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. നിയമം നടപ്പിൽ വന്നാലും വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളിൽ നാലാലൊരു നിവൃത്തിയുണ്ടെങ്കിൽ പിന്നാക്കക്കാരുടെ അവസരം അട്ടിമറിക്കുന്ന നിലപടാണ് സാധാരണ നിയമനാധികാരികൾ സ്വീകരിക്കാറുള്ളത്. യൂണിവേഴ്‌സിറ്റികളിലൊക്കെ ഇത് വളരെ പ്രകടമാണ്.

അർഹമായതും യാതൊരു തടസവും കൂടാതെ ലഭിക്കേണ്ടതുമായ പദവികൾ ലഭിക്കാൻ എത്രയോ പിന്നാക്കക്കാർക്ക് വീണ്ടും കോടതികൾ കയറിയിറങ്ങേണ്ട സ്ഥിതിവിശേഷം ഇവിടെയുണ്ട്. പിന്നാക്കക്കാർ വിദ്യാഭ്യാസപരമായി വളരെ മുന്നേറിയിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. ജനറൽ ലിസ്റ്റിൽ വരുന്നവരെക്കാൾ മാർക്ക് നേടുന്ന പിന്നാക്ക വിഭാഗത്തിലുള്ളവരെയും ഒ.ബി.സി ക്വാട്ടയിൽ ഉൾപ്പെടുത്തുകയാണ് ഇപ്പോൾ നിയമനത്തിന് അവലംബിക്കുന്ന ഒരു രീതി. ഇത് ഫലത്തിൽ മറ്റൊരു പിന്നാക്കക്കാരന്റെ അവസരം ഇല്ലാതാക്കുന്നതിന് തുല്യമാണ്. ജാതിയും മതവും നോക്കാതെ വേണം ജനറൽ ലിസ്റ്റ് തയ്യാറാക്കാൻ. അതിനുശേഷം വേണം ഒ.ബി.സി ക്വാട്ട നിശ്ചയിക്കാൻ. അങ്ങനെ വരുമ്പോൾ നിയമനത്തിലെ സംവരണ കാര്യത്തിൽ സുതാര്യത വരും. ഇത് കോടതികൾ പറയാതെ തന്നെ സർക്കാരുകൾ മുൻകൈയെടുത്ത് ചെയ്യേണ്ടതാണ്. ഇത് നടപ്പിലാക്കാൻ വേണ്ടിയാവണം പിന്നാക്ക സംഘടനകളും നേതാക്കളും ഇനി കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടത്. കേന്ദ്രസർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മെഡിക്കൽ - ഡെന്റൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള ഒൻപത് ശതമാനം സംവരണം വർദ്ധിപ്പിക്കേണ്ടി വരുമെന്ന കെ. പ്രസന്നകുമാറിന്റെ പ്രത്യേക റിപ്പോർട്ട് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകുമ്പോൾ ജനസംഖ്യയിലെ 70 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ഒൻപത് ശതമാനം സംവരണം മാത്രം നൽകുന്നത് ഒറ്റനോട്ടത്തിൽത്തന്നെ അനീതിയാണെന്ന് ആർക്കും തിരിച്ചറിയാനാവും. ഈ വിവേചനം പലതവണ വിവിധ റിപ്പോർട്ടുകളിലൂടെ ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കോടതികൾ ആവശ്യപ്പെടുന്നതിന് മുമ്പ് തെറ്റ് തിരുത്താനുള്ള ആർജ്ജവം പിണറായി സർക്കാർ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.