SignIn
Kerala Kaumudi Online
Friday, 29 March 2024 3.37 PM IST

സിന്ധു നക്ഷത്രം

p-v-sindhu

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ പി.വി സിന്ധുവിന്റെ വെങ്കല മെഡലിന് സ്വർണത്തിന്റെയല്ല, രത്നത്തിന്റെ തിളക്കമുണ്ട്. സിന്ധു റിയോയിൽ നേടിയ വെള്ളിയും ഇപ്പോഴത്തെ വെങ്കലവും ഇന്ത്യൻ കായികചരിത്രം തന്നെ മാറ്റിയെഴുതും. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാതാരം രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്നത്. സിന്ധുവിനെക്കൂടാതെ ഒരാളേ രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വതന്ത്രഇന്ത്യയിലെത്തിച്ചിട്ടുള്ളൂ; പുരുഷ ഗുസ്തിതാരം സുശീൽ കുമാർ.

പുല്ലേല ഗോപിചന്ദും യു.വിമൽ കുമാറുമൊക്കെയാണ് ഇന്ത്യയിൽ ബാഡ്മിന്റണിന്റെ ജനപ്രീതിക്ക് അടിത്തറയിട്ടത്. 2001ൽ ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പ് നേടി മടങ്ങിയെത്തിയ ഗോപിചന്ദിന് ലഭിച്ച സ്വീകരണങ്ങൾ കണ്ട് വിസ്മയിച്ചാണ് ആറുവയസുകാരിയായ സിന്ധു ഷട്ടിൽ ബാഡ്മിന്റണിൽ ആകൃഷ്ടയാകുന്നത്. ദേശീയ വോളിബാൾ താരങ്ങളായ പി.വി രമണയും പി.വിജയയും മകൾ മറ്റൊരു കായിക ഇനത്തിൽ താത്പര്യം പ്രകടിപ്പിച്ചപ്പോൾ തടഞ്ഞില്ല. പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മെഹ്ബൂബ് അലിയെന്ന പരിശീലകനു കീഴിൽ റാക്കറ്റ് പിടിച്ചുപഠിച്ച സിന്ധു വൈകാതെ ഗോപിചന്ദിന്റെ ശിഷ്യയായി മാറി. സിന്ധുവിലെ പ്രതിഭയും ഗോപിചന്ദിന്റെ ശിക്ഷണവും ചേർന്നാണ് ഇന്നത്തെ ഇരട്ട ഒളിമ്പിക് മെഡലിസ്റ്റിനെ രൂപപ്പെടുത്തിയത്.

ഗോപിചന്ദിന്റെ പാഠശാലയിൽ നിന്ന് ആദ്യം വിസ്മയം തീർത്തത് സൈന നെഹ്‌വാളായിരുന്നു. ബെയ്ജിംഗ് ഒളിമ്പിക്സിൽ ക്വാർട്ടറിൽ പൊലിഞ്ഞുപോയ മെഡൽ സ്വപ്നം സൈന ലണ്ടനിൽ വെങ്കലത്തിൽ സാക്ഷാത്കരിച്ചു. സൈനയുടെ പിൻഗാമിയായി വളർന്നുവന്ന സിന്ധു അത് റിയോയിൽ വെള്ളിയിലേക്കുയർത്തി. ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിക്കുകയായിരുന്നു സിന്ധു. സൈനയെക്കാൾ മുൻപേ ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ നേടിയെടുത്തതും സിന്ധുവായിരുന്നു.

റിയോയിലെ വെള്ളി സ്വർണമാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സിന്ധു ടോക്യോയിൽ പോരാട്ടത്തിനിറങ്ങിയത്. ക്വാർട്ടർ ഫൈനൽ വരെ ഓരോ മത്സരത്തിലും സിന്ധു കാട്ടിയ മികവ് പ്രതീക്ഷകൾക്ക് ചിറകു മുളപ്പിച്ചു. എന്നാൽ സെമിയിൽ തായ് സു ഇംഗ് എന്ന ചെെനീസ് തായ്‌പേയ്‌കാരിക്ക് മുന്നിൽ പിഴച്ചു. എങ്കിലും തളരാതെ ലൂസേഴ്സ് ഫൈനലിൽ ചൈനാക്കാരി ഹി ബിംഗ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോല്‌പിച്ച് തന്റെ രണ്ടാമത്തെ ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞു.

സ്വർണം നേടാനാവാതെ പോയത് സിന്ധുവിന്റെ പ്രഭയ്ക്ക് ഒട്ടും മങ്ങലേൽപ്പിക്കുന്നില്ല. ഇതുവരെ നടന്ന 32 ഒളിമ്പിക്സുകളിൽ നിന്ന് 30 മെഡലുകൾ മാത്രം നേടാനായ ഒരു രാജ്യത്തുനിന്ന് രണ്ട് മെഡലുകൾ സ്വന്തം പേരിലെഴുതിച്ചേർക്കുക എന്നത് നിസാര വെല്ലുവിളിയല്ല. മിൽഖാ സിംഗിനും പി.ടി ഉഷയ്ക്കും പോലും സാധിച്ചിട്ടില്ലാത്ത നേട്ടത്തിനുടമയാണ് സിന്ധു. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസങ്ങൾക്കൊപ്പമാണ് ഇനി സിന്ധുവിന് സ്ഥാനം. 26 വയസിലെത്തിയിട്ടേയുള്ളൂ സിന്ധു. കഠിനാദ്ധ്വാനവും അർപ്പണബോധവും തുടരാനായാൽ മൂന്ന് വർഷത്തിനപ്പുറം പാരീസ് ഒളിമ്പിക്സിൽ സിന്ധു സ്വർണമുയർത്തുന്ന കാഴ്ച അസംഭവ്യമാവില്ല.

എട്ടാംവയസിൽ ദിവസവും അമ്പതിലേറെ കിലോമീറ്റർ യാത്രചെയ്ത് പരിശീലനം നടത്തിയ സിന്ധുവും മണിപ്പൂരിലെ മലമടക്കുകൾ വിറകുകെട്ടുകളുമായി കയറിയിറങ്ങിയ മീരാഭായ് ചാനുവുമാണ് ടോക്യോയിൽ ഇന്ത്യയ്ക്ക് മെഡലുകൾ നേടിത്തന്നത്. ഇവരുടെ നിതാന്തപരിശ്രമത്തിന്റെ ഫലമായി വിടർന്ന വസന്തം ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കുന്നു. ഇരട്ടമെഡലുകൾക്കപ്പുറം ഇരട്ടയക്കത്തിലെ മെഡലുകൾ ഇന്ത്യയെ തേടിയെത്തുന്ന കാലം വരികതന്നെ ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.