SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.35 PM IST

റേഷൻ കാർഡും ജനങ്ങളും

ration-card

റേഷൻകാർഡ് ഇപ്പോൾ അവശ്യവസ്തുവായി മാറിയിരിക്കുന്നു. അതിന്റെ ഒന്നാമത്തെ കാരണം റേഷൻ കടകളിൽ നിന്നും ലഭിക്കുന്നത് ക്വാളിറ്റിയുള്ള സാധനങ്ങളാണെന്നതാണ്. പഴയ കാലത്ത് സമ്പന്ന വിഭാഗങ്ങൾ റേഷൻകടയിൽ പോകാൻ വിമുഖത കാട്ടിയിരുന്നു. സാധനങ്ങളെല്ലാം ഗുണമേന്മ കുറഞ്ഞതും പുഴുവരിച്ചതും മറ്റുമാണെന്ന് ചിലർ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രചാരണത്തിന്റെ മറവിൽ റേഷൻകടക്കാരിൽ ചിലർ സാധനങ്ങൾ മറിച്ച് വിൽക്കുകയും അതേ സാധനം കൂടുതൽ വിലകൊടുത്ത് ജനങ്ങൾ പലചരക്ക് കടകളിൽ നിന്ന് വാങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴതല്ല സ്ഥിതി. വെട്ടിപ്പ് നാമമാത്രമായി. ഗുണമേന്മ നൂറിരട്ടി വർദ്ധിച്ചു. സർക്കാർ സൗജന്യ കിറ്റുകൾ നൽകുന്നത് റേഷൻകട വഴിയായപ്പോൾ അതു വാങ്ങാൻ മത്സരിക്കുന്ന മട്ടിലായി എല്ലാ വിഭാഗക്കാരും. റേഷൻരംഗത്ത് വന്ന വിപ്ളവകരമായ മാറ്റം കാർഡ് ഉടമകൾക്ക് ഏതു റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാമെന്നുള്ളതാണ്. സാങ്കേതിക രംഗത്ത് വന്ന മാറ്റമാണ് ഇതിനിടയാക്കിയത്. ഇത് ജനങ്ങൾക്ക് നൽകിയ പ്രയോജനം ചെറുതല്ല. സംസ്ഥാനത്ത് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് ഭക്ഷ്യ - സിവിൽ സപ്ളൈസ്. സാങ്കേതികതയിൽ വന്ന മാറ്റങ്ങൾ ഈ വകുപ്പ് മാറിമാറി ഭരിച്ചിരുന്നവർ ഉപയോഗിച്ചത് കൊണ്ടാണ് അതിപ്പോൾ എല്ലാവർക്കും സ്വീകാര്യമായ വകുപ്പായി മാറിയിരിക്കുന്നത്. തികച്ചും മന്ദീഭവിച്ചു തുടങ്ങിയ ഒരവസ്ഥയിൽ നിന്നാണ് റേഷൻരംഗം ഇങ്ങനെ സടകുടഞ്ഞ് എഴുന്നേറ്റത്. ഇപ്പോൾ വകുപ്പിന് നേതൃത്വം നൽകുന്ന മന്ത്രി ജി.ആർ. അനിൽ കൗമാരകാലത്ത് റേഷൻകടയിൽ പോയി വീട്ടിലേക്ക് സ്ഥിരം സാധനം വാങ്ങിച്ചിരുന്നു. അതിനാൽ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അദ്ദേഹത്തിന് സ്വാനുഭവമാണ്. നടപടിക്രമങ്ങളുടെ അനാവശ്യ നൂലാമാലകളാണ് ചിലരെങ്കിലും ഇതിൽനിന്ന് അകന്നുനിൽക്കാനുള്ള കാരണമെന്ന് മനസിലാക്കിയിട്ടുള്ള വ്യക്തിയാണ് മന്ത്രി. അതിനാലാവും അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ കാർഡ് നൽകാൻ നടപടിക്രമങ്ങൾ ലളിതമാക്കുമെന്ന് മന്ത്രി ഇന്നലെ നിയമസഭയിൽ പ്രസ്താവിച്ചത്. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻകാർഡ് നൽകുമെന്നും അറിയിച്ചു. അപേക്ഷയോടൊപ്പം ആധാർ വിവരങ്ങൾ നൽകുന്നതിനാൽ മറ്റേതെങ്കിലും കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഉടനെ അറിയാമെന്നും വകുപ്പ് തന്നെ അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞത് സ്വാഗതാർഹമാണ്. മറ്റൊന്ന് വാടകവീട്ടിൽ താമസിക്കുന്നവർക്ക് നൽകിയ പ്രത്യേക പരിഗണനയാണ്. പലപ്പോഴും പല കാരണങ്ങളാൽ വീട്ടുടമ സമ്മതപത്രം നൽകാൻ വിസമ്മതിക്കുന്നതിനാൽ വാടകക്കാരന് റേഷൻ ആനുകൂല്യം ലഭിക്കാൻ പ്രയാസം നേരിട്ടിരുന്നു. വാടകക്കാർക്ക് ഒരേ വീട്ടുനമ്പരിൽ ഒന്നിലേറെ കാർഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. വലിയ മാളുകളും പ്രൊവിഷൻ സ്റ്റോറുകളും മറ്റും വരുമ്പോൾ റേഷൻകടകളും ചെറിയ പലചരക്ക് കടകളും മറ്റും പൂട്ടിപ്പോകുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ നടന്നത് അതിന് വിപരീതമായ കാര്യമാണ്. കാര്യക്ഷമമായും നൂലാമാലകൾ ഒഴിവാക്കിയും ഒരു വകുപ്പ് കൈകാര്യം ചെയ്താൽ അത് ജനപ്രിയമായി മാറുമെന്നതിന് ഉദാഹരണമാണ് ഈ വകുപ്പ്. ഇത് സംസ്ഥാനത്തെ മറ്റ് വകുപ്പുകൾക്കും മാതൃകയാക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.