SignIn
Kerala Kaumudi Online
Thursday, 25 April 2024 8.53 PM IST

സമ്പാദ്യശീലത്തെ തളർത്തരുത്

money

കെ.എസ്.ആർ.ടി.സിയിൽനിന്നു വിരമിച്ചവർക്ക് പെൻഷൻ നൽകുന്നതിന് കാർഷിക സഹകരണ സംഘങ്ങളിൽ നിന്ന് വായ്‌പ എടുക്കുന്നതിനുള്ള പുതിയ കരാർ ഒപ്പുവച്ചിരിക്കുകയാണ്. എട്ടരശതമാനം പലിശയാണ് സംഘങ്ങൾക്ക് നൽകേണ്ടത്. പെൻഷനു വേണ്ടി ഓരോ മാസവും അലഞ്ഞുകൊണ്ടിരിക്കുന്ന മുൻ ജീവനക്കാർക്ക് വളരെയധികം ആശ്വാസം നൽകുന്ന തീരുമാനമാണിത്. ഒരു വർഷമാണ് വായ്‌പാ കാലാവധി. 2022 ജൂൺ കഴിയുമ്പോൾ പുതിയ വായ്‌പ തരപ്പെടുത്തേണ്ടിവരും. കെ.എസ്.ആർ.ടി.സിയുടെ തനതു വരുമാനം കൊണ്ട് പലിശ നൽകാൻ സാദ്ധ്യമല്ലെന്നു തെളിഞ്ഞ സ്ഥിതിക്ക് പെൻഷൻതുക കണ്ടെത്താൻ പെടാപ്പാടു പെടേണ്ടിവരുന്നു. നിലവിൽ പത്തുശതമാനം പലിശയ്ക്ക് വായ്‌പയെടുത്താണ് പെൻഷൻ നൽകിവന്നത്. പലിശ എട്ടരശതമാനമായി കുറയുന്നതു കൊണ്ട് അത്രയെങ്കിലും ആശ്വാസമാകും. എഴുപതുകോടിയോളം രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ ഒരുമാസത്തെ പെൻഷൻ ചെലവ്. പലിശയിൽ ഇനി ഒന്നര ശതമാനം കുറയുന്നത് നേട്ടം തന്നെയാണ്.

ഇതേസമയം നിക്ഷേപങ്ങൾക്കും വായ്‌‌പയ്ക്കുമുള്ള പലിശയുടെ കാര്യത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വലിയ അന്തരം ചർച്ചാവിഷയമാകേണ്ടതു തന്നെയാണ്. സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വികസനം ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് കൂടക്കൂടെ നിരക്കുകൾ പരിഷ്കരിക്കുന്നത്. പരമാവധി പണം വിപണിയിലെത്തണമെന്നതാണു വായ്‌പാനിരക്കിന് അടിസ്ഥാനം. ഉത്തേജന പാക്കേജുകളിൽപ്പെടുത്തി പുതിയ സംരംഭങ്ങൾക്ക് വായ്‌പാനിരക്ക് നാലുശതമാനം വരെ താഴ‌്‌ത്തിയത് ഇതിന്റെ ഭാഗമാണ്. ഭവനവായ്‌പയും വാഹന വായ്‌പയുമൊക്കെ ഏഴു ശതമാനത്തിലും കുറഞ്ഞ നിരക്കിൽ വരെ എത്തിയിരിക്കുന്നു. ആളുകൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്.

മിച്ച സമ്പാദ്യമുള്ള വിഭാഗമാണ് കഷ്ടത്തിലായിരിക്കുന്നത്. അവരുടെ നിക്ഷേപത്തിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന പലിശയിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നു. ബാങ്കുകളെക്കാൾ രണ്ടോ അതിലധികമോ ശതമാനം പലിശ നൽകിയിരുന്ന സഹകരണ സ്ഥാപനങ്ങളും നിരക്ക് കുറച്ചിരിക്കുന്നു. നിക്ഷേപത്തിലെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വലിയൊരു വിഭാഗത്തിന് ഈ മാറ്റങ്ങൾ തിരിച്ചടിയായിട്ടുണ്ട്. പ്രത്യേകിച്ചും മുതിർന്ന പൗരന്മാർ. കെ.എസ്.ആർ.ടി.സിക്ക് എട്ടരശതമാനം പലിശയ്ക്കു വായ്‌പ നൽകുന്ന സംഘങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള നിക്ഷേപത്തിനു പരമാവധി നൽകുന്ന പലിശ ഏഴോ ഏഴേകാലോ ആണ്. മറ്റു വായ്‌പകൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്കാകും. താരതമ്യേന ആകർഷകമായിരുന്ന ട്രഷറി നിക്ഷേപങ്ങൾ പോലും ഇപ്പോൾ ആകർഷകമല്ലാതായി മാറിയിരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കുമ്പോഴാണ് ഉയർന്ന നിരക്ക് നൽകി കെ.എസ്.ആർ.ടി.സിയെപ്പോലുള്ള സ്ഥാപനങ്ങൾ കടമെടുത്ത് കൂട്ടി നിലനില്പുതന്നെ കൂടുതൽ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ സഹായിക്കാൻ വേണ്ടിയാണ് കെ.ടി.ഡി.എഫ്.സി നിലവിൽ വന്നത്. എന്നാൽ അത് കൂടുതൽ വിനയാകുകയാണുണ്ടായത്.

ദേശീയസമ്പാദ്യ പദ്ധതികളടക്കം പലിശ നിരക്കുകൾ കുറച്ചത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കാണ് ഗുണകരമാകുന്നത്. കർക്കശ നിയന്ത്രണങ്ങളുണ്ടെങ്കിലും കൂടുതൽ പലിശ നൽകി പരമാവധി നിക്ഷേപങ്ങൾ ശേഖരിക്കാൻ അവർ ശ്രമിക്കുന്നു. കെട്ടുറപ്പില്ലാത്ത സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നവരിൽ കുറെപ്പേരെങ്കിലും കബളിപ്പിക്കപ്പെടുന്നു. വൻ നിക്ഷേപങ്ങളുമായി ഒരു സുപ്രഭാതത്തിൽ പൂട്ടിപ്പോയ സ്ഥാപനങ്ങൾ നിരവധിയാണ്. അമിത പലിശ വാഗ്ദാനത്തിൽ കുടുങ്ങിപ്പോയവരാണ് ഇത്തരത്തിൽ കഷ്ടത്തിലായത്.

നാടിന്റെ വികസനത്തോടൊപ്പം സമ്പാദ്യവും എന്നതാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുദ്രാവാക്യം. നിക്ഷേപമായി എത്തുന്ന സമ്പത്ത് വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉതകുകതന്നെ വേണം. അതോടൊപ്പം നിക്ഷേപകന് ന്യായമായ ലാഭം ഉറപ്പുതരുന്ന നിക്ഷേപ പദ്ധതികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. ജനങ്ങളുടെ സമ്പാദ്യശീലത്തെ തളർത്തുകയല്ല വളർത്തുകയാണു വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.