SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.35 PM IST

പാതയ്ക്കു മുകളിലുമുണ്ട് തടസങ്ങൾ

kk

കഴിഞ്ഞ ഒരാഴ്ചയിലധികമായി കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത അത്യപൂർവമായ ഒരു കാഴ്ചയ്ക്കു സാക്ഷ്യംവഹിക്കുകയാണ്. ഐ.എസ്.ആർ.ഒയുടെ വലിയമല യൂണിറ്റിലേക്ക് പൂനെയിൽ നിന്നു കൊണ്ടുവരുന്ന കൂറ്റൻ യന്ത്രങ്ങളുടെ സഞ്ചാരമാണ് കാഴ്ച. പടുകൂറ്റൻ ചേംബറുകൾ വഹിച്ചുകൊണ്ടുള്ള ഭീമൻ ട്രെയിലറുകൾ വലിയമലയിൽ ഇതുവരെ എത്തിയിട്ടില്ല. ഇഞ്ചു കണക്കിലാണ് അതു നീങ്ങുന്നത്. നമ്മുടെ റോഡിന്റെ പരിമിതി മാത്രമല്ല കാരണം. യാത്രയ്ക്കു പ്രധാന തടസം റോഡിനു മുകളിൽ നീളെയും കുറുകെയുമുള്ള അസംഖ്യം കമ്പികളും കേബിളുമൊക്കെയാണ്. ഇവ വകഞ്ഞുമാറ്റി വേണം ട്രെയിലറുകൾക്ക് ഓരോ അടിയും മുന്നോട്ടുപോകാൻ. ട്രെയിലറുകളുടെ യാത്ര സുഗമമാക്കാൻ ഇതിന്റെ കരാറെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥന്മാർക്കു പുറമെ വൈദ്യുതി ബോർഡ് ജീവനക്കാരും ഗതാഗത നിയന്ത്രണത്തിന് നിരവധി പൊലീസുകാരുമൊക്കെ സദാ ട്രെയിലറിനൊപ്പമുണ്ട്. ഇവരൊക്കെ ഉണ്ടായിട്ടും ദിവസങ്ങളായി കൊല്ലം മുതൽ തിരുവനന്തപുരം നഗരാതിർത്തിവരെയുള്ള ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുകയാണ്. ട്രെയിലറുകൾ വലിയമലയിലെത്തുന്നതുവരെ ഈ അവസ്ഥ തുടരുമെന്നാണു പറയുന്നത്. സാധാരണ ദിവസങ്ങളിൽത്തന്നെ ഗതാഗത തിരക്കും കുരുക്കും രൂക്ഷമായ ദേശീയപാതയിൽ ഈ ട്രെയിലറുകൾക്കു വഴിയൊരുക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന നടപടികൾ വാഹനയാത്രക്കാർക്കു മാത്രമല്ല വ്യാപാര സ്ഥാപനങ്ങൾക്കും വീട്ടുകാർക്കുമെല്ലാം ദുരിതമാണ് വരുത്തുന്നത്. വൈദ്യുതി ലൈനുകൾ ഓഫാക്കി വേണം പല സ്ഥലത്തും വഴി സുഗമമാക്കാൻ.

റോഡുകളുടെ പരിമിതി എന്നതിനപ്പുറം ഇതുപോലുള്ള ചരക്കു നീക്കത്തിന് നേരിടേണ്ടിവരുന്ന ദുർഘടങ്ങളെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന അവസരം കൂടിയാണിത്. ദേശീയപാതയിൽപ്പോലും എന്തൊക്കെ തടസങ്ങളാണ് വാഹനങ്ങളെ കാത്തിരിക്കുന്നത്. റോഡുകളിൽ മാത്രമല്ല റോഡുകൾക്കു സമാന്തരമായും മുകളിലുമൊക്കെ എണ്ണമറ്റ തടസങ്ങൾ സർവസാധാരണമാണ്. റോഡിനിരുവശത്തുമുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും നീളുന്ന വൈദ്യുതി ലൈനുകൾ പലപ്പോഴും തടസം സൃഷ്ടിക്കാറുണ്ട്. വൈദ്യുതി വിതരണത്തിന് ഭൂഗർഭ കേബിളുകൾ ഉപയോഗപ്പെടുത്തി റോഡുകളെ സ്വതന്ത്രമാക്കാനുള്ള പദ്ധതിയെക്കുറിച്ച് പറയാൻ തുടങ്ങിയിട്ട് രണ്ടോ മൂന്നോ പതിറ്റാണ്ടായി. നഗരങ്ങളിലെങ്കിലും ഈ പരിഷ്കാരം കൊണ്ടുവരാൻ കഴിയാത്തത് നിശ്ചയദാർഢ്യമില്ലാത്തതുകൊണ്ടു മാത്രമാണ്. എല്ലാം കടമെടുത്തു ചെയ്യാറുള്ള ഇക്കാലത്ത് വേണമെന്നു വച്ചാൽ ഈ പദ്ധതിയും സമയബന്ധിതമായി ഏറ്റെടുത്തു ചെയ്യാവുന്നതേയുള്ളൂ.

ഐ.എസ്.ആർ.ഒയ്ക്കു വേണ്ടി പൂനെയിലെ കമ്പനിയിൽ നിർമ്മിച്ച പടുകൂറ്റൻ സിൻടാക്സിൻ ചേംബറുകൾ അവിടെ നിന്ന് മുംബയ് തുറമുഖത്തെത്തിച്ച് കപ്പൽ വഴി കൊല്ലത്തു കൊണ്ടുവരികയായിരുന്നു. അവിടെ നിന്നാണ് റോഡുമാർഗം വലിയമലയിലേക്ക് നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം നേരത്തെ കണക്കുകൂട്ടിയതുപോലെ ഇതിനകം പ്രവർത്തനക്ഷമമാക്കിയിരുന്നുവെങ്കിൽ ചരക്ക് അവിടെ ഇറക്കാമായിരുന്നു. അതിനായി ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നാണു തോന്നുന്നത്. യാത്രാവാഹനങ്ങൾക്കു മാത്രമല്ല വലിയ ചരക്കു വാഹനങ്ങൾക്കും ഏതു സമയത്തും ഉതകുന്നതാകണം പൊതുനിരത്തുകൾ. അസാധാരണ വലിപ്പമുള്ള ചരക്കു വാഹനം കൂടി മുന്നിൽ കണ്ടുവേണം ഇനിയുള്ള പാതവികസനവും പാത പരിപാലനവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.