SignIn
Kerala Kaumudi Online
Thursday, 28 March 2024 9.20 PM IST

പഠിക്കാൻ മരത്തിൽ കയറേണ്ടി വരരുത്

jj

കണ്ണൂർ കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥി അനന്തു ബാബുവിനുണ്ടായ ദുരനുഭവം കേരളത്തിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പ്ളസ് വൺ പ്രവേശനത്തിന്റെ വിവരങ്ങൾ അറിയാൻ മൊബൈൽ ഫോണിൽ റേഞ്ച് കിട്ടാൻ മരത്തിൽ വലിഞ്ഞുകയറിയ ഈ വിദ്യാർത്ഥി മരച്ചില്ലയൊടിഞ്ഞ് താഴെവീണ് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ചികിത്സയിൽക്കഴിയുന്ന കുട്ടിയുടെ പിതാവിനെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിളിച്ച് സംസാരിച്ചത് ഉചിതമായെങ്കിലും ജീവിതപരിമിതികളോട് പോരാടി പത്താംക്ളാസ് പാസായ ഈ വിദ്യാർത്ഥിക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാനും ,തുടർപഠനത്തിനുള്ള അവസരം ഒരുക്കാനുമുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് ആദ്യമെ പറയട്ടെ.

കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ ഒന്നരവർഷത്തിലധികമായി വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ഡിജിറ്റൽ പഠനത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ വിദ്യാർത്ഥികൾക്കിടയിലെ ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ സർക്കാർ പല പരിപാടികളും ആവിഷ്‌കരിച്ചെങ്കിലും പൂർണമായും അത് ഫലവത്തായിട്ടില്ലെന്നാണ് അനന്തുബാബുവിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ കണക്ക് പ്രകാരം തന്നെ സംസ്ഥാനത്ത് ഡിജിറ്റൽ പഠന സാമഗ്രികൾ ഇല്ലാത്ത നാലേമുക്കാൽ ലക്ഷം കുട്ടികളുണ്ട്. പാവപ്പെട്ടവരായ ഇവർക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് വിദ്യാകിരണം പദ്ധതി പ്രഖ്യാപിച്ചത്. പൊതുസമൂഹത്തിന്റെ സജീവ പിന്തുണ ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. എന്നാൽ ഉപകരണങ്ങൾ കിട്ടുന്നതിനും മറ്റും ചില പ്രശ്നങ്ങൾ ഉള്ളതിനാൽ വിദ്യാകിരണവും ഇഴഞ്ഞു നീങ്ങുകയാണ്. വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ളാസുകൾ മാത്രമാണ് നിലവിലുള്ളത്. അദ്ധ്യാപകരുമായി സംവദിക്കുന്നതിനുള്ള ജി സ്യൂട്ട് പ്ളാറ്റ് ഫോം ഇപ്പോഴും 400 സ്കൂളുകളിൽ മാത്രമേ പൈലറ്റ് അടിസ്ഥാനത്തിലെങ്കിലും ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

മൊബൈൽ ഫോണോ ലാപ്ടോപ്പോ ഇല്ലാത്ത വിദ്യാർത്ഥികൾ വളരെയധികമുള്ളപ്പോൾത്തന്നെ അവ ഉള്ളവരുടെ കാര്യത്തിൽ കണക്ടിവിറ്റി ഇല്ലായ്മ വലിയൊരു പ്രശ്നമായി ഇപ്പോഴും നിലനിൽക്കുകയാണ്. കുന്നിന്റെ മുകളിലും ഏറുമാടങ്ങളിലുമൊക്കെ കയറി റേഞ്ച് കിട്ടി പഠിക്കാൻ പ്രയാസപ്പെടുന്ന കുട്ടികളുടെ സങ്കടമാകട്ടെ പറഞ്ഞറിയിക്കാനാവില്ല. മരത്തിൽ നിന്നു വീഴുകയും, പാമ്പ് കടിയേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മുദ്രകുത്തി അവഗണിക്കാതെ അടിയന്തര പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടത്. കണക്ടിവിറ്റി കൂട്ടാനായി മൊബൈൽ സേവനദാതാക്കളുമായി സർക്കാർ ചർച്ചനടത്തിയിരുന്നു. അവ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തി പ്രകടമാക്കണം. കണ്ണൂരിൽത്തന്നെ ആദിവാസി മേഖലയിൽ കുട്ടികൾ ഏറുമാടം കെട്ടി പഠിക്കുന്ന ഗതികേടിനെക്കുറിച്ച് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചിരുന്നു. കണ്ണൂരിൽ മാത്രമല്ല കേരളത്തിൽ പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ കുട്ടികൾ അഭിമുഖീകരിക്കുന്നുണ്ട്. ഇങ്ങനെയൊരു അവസ്ഥയിൽ കൊവിഡ് മാനദണ്ഡങ്ങളോടെ സാമൂഹ്യ അകലം പാലിച്ച് ഇത്തരം മേഖലകളിൽ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുമോയെന്നും സർക്കാർ ആലോചിക്കേണ്ടിയിരിക്കുന്നു

ആദിവാസി ക്ഷേമത്തിനായി കോടികൾ വാരിക്കോരി ചെലവഴിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോഴും അവരുടെ ജീവിതസ്ഥിതി അത്യന്തം ദയനീയമായിത്തന്നെ തുടരുന്നു. ഇനിയെങ്കിലും പഠിക്കാനായി ഒരു കുട്ടിക്കും മരത്തിൽ കയറേണ്ടി വരരുത്. ഭാവിതലമുറയെ വാർത്തെടുക്കാൻ ഇറങ്ങിത്തിരിച്ചവർ ഇത് കൂടി ഓർക്കുന്നത് നല്ലത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.