SignIn
Kerala Kaumudi Online
Friday, 19 April 2024 11.51 AM IST

ടൂറിസം രംഗത്തെ പുത്തൻ പ്രതീക്ഷകൾ

kk

പ്രകീർത്തിക്കപ്പെടാവുന്ന വിനോദസഞ്ചാരനയമോ പ്രോത്സാഹനമോ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാനത്തിന്റെ ടൂറിസം വരുമാനം മുപ്പത്തയ്യായിരം കോടി രൂപവരെ എത്തിയിരുന്നു. കൊവിഡിൽ മറ്റു പല മേഖലകൾക്കുമെന്നപോലെ ടൂറിസം മേഖലയും വലിയ ആഘാതം ഏറ്റുവാങ്ങേണ്ടിവന്നു. കൊവിഡ് ഭീതിയൊഴിയാൻ തുടങ്ങിയതോടെ സ്ഥിതി മെച്ചപ്പെടുന്നു. കൊവിഡാനന്തര കാലത്തേക്ക് ടൂറിസം മേഖലയിൽ നവീനാശയങ്ങൾ പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വ്യക്തമായ ആശയങ്ങളും കർമ്മപദ്ധതികളുമുണ്ടെങ്കിൽ അക്ഷയഖനിയായി മാറ്റാവുന്ന വിധത്തിൽ അതിവിപുലമായ വിനോദസഞ്ചാര സാദ്ധ്യതകളാണ് സംസ്ഥാനത്തുടനീളമുള്ളത്. ഗ്രാമങ്ങളെയും കൃഷിമേഖലകളെയും കേന്ദ്രീകരിച്ചുള്ള വില്ലേജ് ടൂറിസം പദ്ധതി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. അംഗീകൃത വിനോദസഞ്ചാരകേന്ദ്രങ്ങളും പട്ടണക്കാഴ്ചകളും മറ്റുമാണ് ടൂറിസത്തിന്റെ ആണിക്കല്ലെന്ന സങ്കല്പം എന്നേ മാറിക്കഴിഞ്ഞു. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഇടങ്ങൾ പോലും വിനോദസഞ്ചാര സാദ്ധ്യതകൾ നിറഞ്ഞവയാണെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ കാണാം. കേരളത്തിന്റെ കാര്യമെടുത്താൽ ഇത്തരം സാദ്ധ്യതകളില്ലാത്ത സ്ഥലങ്ങൾ വിരളവുമാണ്. ആഭ്യന്തര - വിദേശ സഞ്ചാരികൾക്ക് കൗതുകവും വിനോദവും പകരുന്ന അത്തരം ഇടങ്ങൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയണം. അടിസ്ഥാന വികസനകാര്യങ്ങൾ കൂടി നല്ലനിലയിൽ വികസിപ്പിക്കാനായാൽ ചെന്നുപറ്റാൻ പ്രയാസമുള്ള ഒരിടവും സംസ്ഥാനത്തുണ്ടാവില്ല.

സംസ്ഥാനത്തിനു പരിചിതമല്ലാത്ത കാരവൻ ടൂറിസം പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ് രംഗത്തുവരികയാണ്. മറുനാടുകളിൽ പണ്ടേ നടപ്പിലായതാണെങ്കിലും നമുക്ക് ഏറെ പുതുമയുള്ളതു തന്നെ. ആലപ്പുഴയിലും കൊല്ലത്തുമുള്ള ഹൗസ് ബോട്ട് മാതൃകയിൽ വിനോദസഞ്ചാരികൾക്ക് ഉണ്ടുറങ്ങാനുള്ള സൗകര്യത്തോടെയുള്ള വലിയ വാഹനങ്ങളാണ് കാരവൻ . വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാനും അതേ വാഹനത്തിൽത്തന്നെ രാത്രിയിൽ ഉറങ്ങാനും സാധിക്കും. ഹോട്ടൽമുറി തേടി അലയേണ്ടിവരില്ലെന്നതു മാത്രമല്ല വേറെയും ഒട്ടധികം സൗകര്യങ്ങളുമുണ്ട് കാരവനുകൾക്ക്. കാരവൻ ടൂറിസം നയം വിനോദസഞ്ചാര വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടുത്ത ജനുവരിയോടെ കാരവൻ ടൂറിസം പദ്ധതി നിലവിൽ വരത്തക്കവിധമുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി . കാരവൻ നിർമ്മാണത്തിനു പുറമെ അവയ്ക്കാവശ്യമായ പാർക്കിംഗ് കേന്ദ്രങ്ങളും നിർമ്മിക്കേണ്ടിവരും. ഇത്തരം പാർക്കിംഗ് കേന്ദ്രങ്ങൾ നിശ്ചിത മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നവയായിരിക്കണം. എൺപതു സെന്റ് വരെയുള്ള സ്ഥലത്ത് നാലോ അഞ്ചോ കാരവനുകൾ പാർക്ക് ചെയ്യാനാകണം. വൈദ്യുതിയും വെള്ളവും ചുറ്റുമതിലും സുരക്ഷാ സൗകര്യങ്ങളും ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ പാർക്കിംഗ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ജി.പി.എസ് ബന്ധവും നിർബന്ധമാണ്. കാരവൻ വാങ്ങാനും പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും സംരംഭകർക്ക് സർക്കാർ സബ്സിഡിയും ലഭിക്കും.

ടൂറിസം രംഗത്ത് നവോന്മേഷം പകരുന്ന ഇതുപോലുള്ള പദ്ധതികൾ വഴി അനേകം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. പുതിയ വരുമാന സ്രോതസ് കണ്ടെത്താൻ പാടുപെടുന്ന സർക്കാരിനും വിനോദസഞ്ചാര മേഖലയിലെ വൈവിദ്ധ്യമാർന്ന പുത്തൻ പരീക്ഷണങ്ങൾ മുതൽക്കൂട്ടാകും. ഗ്രാമടൂറിസത്തിന് ഇണങ്ങുന്ന അഞ്ഞൂറോളം ഗ്രാമങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്കൊപ്പം ജലടൂറിസം വികസനത്തിനും അപാര സാദ്ധ്യതയുള്ള നാടാണ് നമ്മുടേത്. നാല്പത്തിനാല് നദികളും അനവധി കായലുകളും നൂറുകണക്കിന് ചെറുനദികളുമൊക്കെയുള്ള കേരളത്തിൽ വ്യക്തമായ ആസൂത്രണവും പദ്ധതികളുമുണ്ടെങ്കിൽ ജലടൂറിസം രംഗത്ത് കുതിച്ചുചാട്ടം തന്നെ സൃഷ്ടിക്കാം. സാദ്ധ്യതയുടെ പത്തുശതമാനം പോലും പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പരമ്പരാഗത സങ്കല്പങ്ങൾ തിരുത്തിയെഴുതാനായാൽ വരുമാനത്തിലും തൊഴിൽ ലഭ്യതയിലും ടൂറിസം മേഖല അക്ഷയഖനിയാകുമെന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.