SignIn
Kerala Kaumudi Online
Thursday, 25 April 2024 6.22 PM IST

സസ്‌പെൻഷനല്ല, ശിക്ഷ മാതൃകാപരമാകണം

kk

സംസ്ഥാന സർക്കാരിനെ നാണം കെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത രണ്ടു സംഭവങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പിലെയും പൊലീസിലെയും രണ്ട് ഉന്നത ഉദ്യോഗസ്ഥന്മാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കേവലം സസ്‌പെൻഷനിൽ ഒതുങ്ങേണ്ട കുറ്റമല്ല ഇവരുടേതെന്ന് വ്യക്തം. പക്ഷേ സർവീസ് ചട്ടങ്ങളുടെ സംരക്ഷണമുള്ളതിനാൽ ആദ്യ നടപടി എന്ന നിലയിൽ സസ്‌പെൻഡ് ചെയ്യാനേ വകുപ്പുള്ളൂ. മുല്ലപ്പെരിയാറിലെ മരം മുറി അനുമതിയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സർക്കാരിനെ വെട്ടിലാക്കിയ ഉത്തരവിറക്കിയത് ഈ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തോടൊപ്പം ഈ കള്ളക്കളിയിൽ പങ്കാളിയായ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമുണ്ട്. ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലെ തീരുമാനപ്രകാരമാണ് മുഖ്യവനപാലകൻ മരങ്ങൾ മുറിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഈ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയും വനം മന്ത്രിയും പരസ്പരവിരുദ്ധമായ വസ്തുതകളാണ് പറഞ്ഞുകൊണ്ടിരുന്നത്. ഈ രക്തത്തിൽ തങ്ങൾക്കു പങ്കില്ലെന്നു വരുത്താനുള്ള വൃഥാശ്രമമായിരുന്നു അതെന്ന് സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഗുരുതരമായ നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിഷയത്തിൽ അതിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥ പ്രമുഖരിൽ ഒരാൾക്കെതിരെ മാത്രം നടപടി എടുത്തതിലെ യുക്തി മനസിലാവുന്നില്ല. മരം മുറി അനുമതി വിവാദത്തിൽ ജലവിഭവ വകുപ്പിലെ ഉന്നതനും വനം വകുപ്പിലെ ഉന്നതനും ഒരേപോലെ ഉത്തരവാദികളാണ്. ഇതുമായി ബന്ധമുള്ള വേറെയും ആൾക്കാരുണ്ടാകുമല്ലോ. അവരുടെ പങ്കും പുറത്തുകൊണ്ടു വരേണ്ടതല്ലേ? ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം സത്യാവസ്ഥ പൂർണമായും പുറത്തുകൊണ്ടുവരാൻ പര്യാപ്തമാണെന്നു തോന്നുന്നില്ല.സംസ്ഥാനാന്തര വിഷയത്തിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ചിരിക്കണമെന്നാണു ചട്ടം. മരംമുറി അനുമതി പ്രശ്നത്തിൽ ഇതുണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട മന്ത്രിമാർ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ ശിക്ഷാർഹൻ തന്നെയാണ്.വിവാദം കത്തിപ്പടരുമ്പോൾ ഒന്നും അറിഞ്ഞില്ലെന്നു കൈമലർത്തുന്ന മന്ത്രിമാർ നാടിനു അപമാനമാണ്.

സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന് എല്ലാ ഒത്താശകൾ നൽകിയതിനും ഐ.ജി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് അയാൾക്കുവേണ്ടി വിടുപണി ചെയ്തതിനുമാണ് ഐ.ജി പദവിയിലിരിക്കുന്ന ലക്ഷ്‌മണിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അടുത്ത ജനുവരിയിൽ അഡിഷണൽ ഡി.ജി.പി പദവിയിലേക്ക് ഉയർത്തപ്പെടാനിരിക്കെയാണ് ഉന്നതനായ ഈ പൊലീസ് ഓഫീസർ വഞ്ചനയും തട്ടിപ്പും ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട ഉന്നതൻ തന്നെ ഇത്തരത്തിൽ നിയമലംഘനങ്ങൾക്കു മുതിർന്നാൽ ഉണ്ടാകാവുന്ന അപകടം നേരത്തെ തന്നെ കണ്ടെത്തി തടയേണ്ടതായിരുന്നു. ഐ.ജിയുടെ വേഷമിട്ടുകൊണ്ട് ഈ ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ള നിയമലംഘനങ്ങൾ കണ്ടെത്തിക്കഴിഞ്ഞ നിലയ്ക്ക് ഇത്തരത്തിലൊരാൾ ഇനി പൊലീസ് സേനയിൽ വേണോ എന്ന് സർക്കാർ ഗൗരവമായി ചിന്തിക്കണം. സത്യസന്ധതയും അച്ചടക്കവും കൃത്യനിർവഹണത്തിലെ ആത്മാർത്ഥതയുമാണ് പൊലീസ് സേനയുടെ മുഖമുദ്ര. ഇതൊന്നുമില്ലാത്തവർ സർവീസിൽ തുടരുന്നത് സേനയ്ക്കു മാത്രമല്ല ജനങ്ങൾക്കും വലിയ ആപത്താണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.