SignIn
Kerala Kaumudi Online
Saturday, 20 April 2024 6.20 AM IST

ഇനി അതോറിട്ടി വക കുഴികുത്തൽ

photo

സംസ്ഥാനത്തെ റോഡുകളുടെ അത്യധികം പരിതാപകരമായ അവസ്ഥയെക്കുറിച്ച് വീണ്ടും പറയേണ്ടിവരികയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികളൊന്നും നടക്കാതെ തകർന്നുകിടക്കുന്ന റോഡുകൾ ഒരുവശത്ത്. നീണ്ടുപോയ മഴക്കാലവും ഇടയ്ക്കിടെയുണ്ടായ പ്രളയവും നാശം വരുത്തിയ റോഡുകൾ മറ്റൊരു വശത്ത്. പോരാഞ്ഞിട്ടെന്നോണം വലിയ കേടുപാടുകളൊന്നുമില്ലാത്ത അപൂർവം റോഡുകളിൽ വാട്ടർ അതോറിട്ടി വക താണ്ഡവം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള മഹായജ്ഞമാണ് അതോറിട്ടി ഏറ്റെടുത്തിരിക്കുന്നതെന്നത് ശരിതന്നെ. അതേസമയം കുഴിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ അവർ യാതൊരു താത്‌പര്യവും കാണിക്കുന്നില്ല. സംസ്ഥാനത്തുടനീളം ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പൈപ്പിടൽ കഴിഞ്ഞ് എല്ലാം നേരെ പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കാൻ സാവകാശം വേണ്ടിവരുമെന്നതു മനസിലാകും. ചിലപ്പോൾ വർഷങ്ങൾ തന്നെ റോഡുകൾ കുഴിയായിത്തന്നെ കിടക്കണമെന്ന വാശിയാണു മനസിലാകാത്തത്. കുഴിക്കുന്ന ജോലിയേ തങ്ങൾക്കുള്ളൂ റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ചുമതല മരാമത്തു വകുപ്പിനാണെന്ന വാട്ടർ അതോറിട്ടി നിലപാടിനെതിരെ മരാമത്തുമന്ത്രി ശബ്ദമുയർത്തിയിട്ട് അധിക ദിവസമായില്ല.

വാട്ടർ അതോറിട്ടിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകും. ഇന്നത്തെക്കാലത്ത് കുറഞ്ഞ സമയമെടുത്ത് പൂർത്തിയാക്കാൻ പറ്റുന്നവയാണ് ഒട്ടുമിക്ക പ്രവൃത്തികളും. റോഡുകൾ കുഴിയ്‌ക്കാനും പൈപ്പിടാനുമൊക്കെ ആധുനിക സംവിധാനങ്ങൾ ലഭ്യമാണ്. എന്നാൽ പൈപ്പിടാൻ വേണ്ടി കുഴിക്കുന്ന നിരത്തുകൾ എത്രകാലം അപകടഭീഷണി ഉയർത്തി കിടക്കുമെന്ന് പറയാനാവില്ല. മാൻഹോളുകൾ സ്ഥാപിക്കാനുള്ള കുഴികൾ പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. അവയിൽ വീണ് ആരെങ്കിലും ജീവൻ വെടിയുമ്പോഴാകും മുന്നറിയിപ്പു ബോർഡെങ്കിലും സ്ഥാപിക്കുന്നത്. നഗരങ്ങളിൽ കുടിവെള്ള പൈപ്പ് ജോലികൾക്കു പുറമെ സ്വീവേജ് സംവിധാനങ്ങൾ സ്ഥാപിക്കാനും റോഡുകൾ കുത്തിപ്പൊളിക്കേണ്ടിവരാറുണ്ട്. കൃത്യമായ പ്ളാൻ ഇല്ലാത്തതുകൊണ്ട് പണികൾ ചിലപ്പോൾ മാസങ്ങൾ നീളും.

തലസ്ഥാന നഗരിയിൽ ഇപ്പോൾ ധൃതഗതിയിൽ വാട്ടർ അതോറിട്ടി വക പണികൾ നടക്കുകയാണ്. പല പ്രധാന റോഡുകളിലും പൈപ്പ് പണി നടക്കുന്നതിനാൽ ഗതാഗതം താറുമാറായിട്ടുണ്ട്. കുഴിച്ചിട്ടിരിക്കുന്ന റോഡുകളുടെ സമീപമെത്തുമ്പോഴായിരിക്കും മുന്നോട്ടുപോകാനാവില്ലെന്ന് വാഹനയാത്രക്കാർ അറിയുന്നത്. വഴിതിരിച്ചുവിടുന്നെന്ന് കാണിച്ച് ഒരു ബോർഡെങ്കിലും സ്ഥാപിക്കാറില്ല. ഇത്തരം കാര്യങ്ങളിൽ കുറെക്കൂടി പ്രായോഗിക സമീപനം അധികൃതർ സ്വീകരിക്കണം.

നിരത്തുകളിലെ ഏതു പണിക്കും കൃത്യമായ സമയ പട്ടിക അത്യാവശ്യമാണ്. അത് പണിനടക്കുന്ന സ്ഥലത്ത് പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തണം. അനിശ്ചിതമായി പണി നീണ്ടുപോയാൽ സമീപിക്കേണ്ട ഉദ്യോഗസ്ഥരുടെ പേരുവിവരവും ഫോൺ നമ്പരുമൊക്കെ പരസ്യ ബോർഡുകളിലുണ്ടാവണം. പണിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടുതൽ കർമ്മോന്മുഖരാക്കാനും പ്രതിബദ്ധത ഉറപ്പാക്കാനും ഇത് ഉപകരിക്കും. മരാമത്തു പ്രവൃത്തികൾക്ക് ജനകീയ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്ന പുതിയൊരു സംവിധാനം കൊണ്ടുവരാൻ ഈയിടെ മരാമത്തു മന്ത്രി നടപടിയെടുത്തിരുന്നു. പണി നടക്കുന്ന ഇടങ്ങളിൽ പൊതുജനങ്ങളിൽ നിന്നുള്ളവരെക്കൂടി മേൽനോട്ട ചുമതല ഏല്പിക്കുമ്പോൾ കൂടുതൽ ഗുണനിലവാരം ഉറപ്പാക്കാം. കരാറുകാരെ ഒരു പരിധി വരെ നേർവഴിക്കു കൊണ്ടുപോകാനും സാധിക്കും. ഈ സംവിധാനം നിശ്ചയമായും വാട്ടർ അതോറിട്ടിയിലും സ്വീകരിക്കാം. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. പൈപ്പിടാൻ കുഴിക്കുന്ന റോഡുകൾ നിശ്ചിത ദിവസത്തിനകം പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ പിടി വീണാൽ എല്ലാം കൃത്യമായി നടക്കും. ഒരേസമയം അവിടവിടെ റോഡുകൾ കുഴിച്ച് ഗതാഗതം തടസപ്പെടുത്തുന്ന സമ്പ്രദായവും ആശാസ്യമല്ല. നിരത്തുകളോടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരോടും വാട്ടർ അതോറിട്ടി അല്പം കരുണ കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.