SignIn
Kerala Kaumudi Online
Saturday, 20 April 2024 8.08 AM IST

രാജ്യത്തെ നടുക്കിയ അപകടം

rawat-

ചില അപകടങ്ങളും ദുരന്തങ്ങളും രാജ്യത്തിന്റെ മനഃസാക്ഷിയെത്തന്നെ പിടിച്ചുലയ്ക്കും. അത്തരത്തിൽ ഒന്നാണ് ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലിക്കോപ്റ്റർ അപകടം. നിർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമായ ഈ അപകടം നമ്മുടെ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിന്റെ ജീവനെടുത്തിരിക്കുന്നു. ദാരുണസംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉയർന്ന സേനാ ഒാഫീസർമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. രാജ്യം ഈ വാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.

സംയുക്ത സേനാ മേധാവി സഞ്ചരിച്ച ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടത് അസാധാരണ സംഭവമാണ്. റഷ്യൻ നിർമ്മിത ഹെലിക്കോപ്റ്ററാണ് കൂനൂരിനു സമീപം വനപ്രദേശത്ത് തകർന്നു വീണത്. പ്രാഥമിക നിഗമനത്തിൽ പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് കരുതപ്പെടുന്നെങ്കിലും അപകടത്തിന്റെ എല്ലാ വശങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കാരണം ഇതുപോലുള്ള അപകടങ്ങളിൽ സംശയത്തിന്റെ കണിക പോലും ആരിലും അവശേഷിക്കാൻ പാടില്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം എത്രയും വേഗം കൃത്യതയോടെ പൂർത്തിയാക്കി,​ അതിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാൻ കേന്ദ്ര സർക്കാർ ബാദ്ധ്യസ്ഥമാണ്.

കോയമ്പത്തൂരിൽ നിന്ന് 11.47ന് പറന്നുയർന്ന ഹെലിക്കോപ്റ്റർ ഉച്ചയോടെയാണ് തകർന്നുവീണത്. ലാൻഡിംഗിന് പത്തു കിലോമീറ്റർ മാത്രം അകലെയായിരുന്നു അപകടം. ബിപിൻ റാവത്ത് ഹെലിക്കോപ്റ്റർ അപകടത്തിൽ പെടുന്നത് രണ്ടാം തവണയാണ്. 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്റിലെ ദിമാപൂരിലുണ്ടായ കോപ്റ്റർ അപകടത്തിൽ അത്‌ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് പറന്നുയർന്ന ഉടനെ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ലഫ്‌റ്റനന്റ് ജനറലായിരുന്നു അന്ന് അദ്ദേഹം. 2019 ഡിസംബർ 30 നാണ് മൂന്ന് സേനാ വിഭാഗങ്ങളുടെയും തലവനായി ബിപിൻ റാവത്ത് നിയമിതനായത്.

കൂനൂരിൽ അപകടം നടന്ന സമയത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. തകർന്ന ഹെലിക്കോപ്റ്ററിന് ഉടൻ തീപിടിച്ചത് മരണസംഖ്യ ഉയരാനും രക്ഷാപ്രവർത്തനം തടസപ്പെടാനും ഇടയാക്കി. അപകടം നടന്ന പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങൾ ഉയർന്നിരുന്നു. ഒാടിക്കൂടിയ പരിസരവാസികളാണ് ആദ്യഘട്ടത്തിലെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉൗട്ടിയിലെ വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര. മോശം കാലാവസ്ഥ കാരണം വെല്ലിംഗ്ടണിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ ശ്രമിക്കാതെ തിരിച്ചു പറക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നും ആദ്യ റിപ്പോർട്ടുകളിൽ പറയുന്നു.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾ സഞ്ചരിക്കുന്ന,​ വ്യോമസേനയുടെ ഏറ്റവും ആധുനികവും ഏത് കാലാവസ്ഥയിലും ലാൻഡ് ചെയ്യാൻ ശേഷിയുള്ളതുമായ എം.ഐ - 17 വി 5 ഹെലിക്കോപ്റ്ററിന് അപകടമുണ്ടായത് സാങ്കേതിക വിദഗ്ദ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. 2019- ൽ ജമ്മു കാശ്മീരിൽ ഇൗ ശ്രേണിയിലുള്ള ഒരു ഹെലിക്കോപ്റ്റർ തകർന്നുവീണിരുന്നു. പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു അത്. പാക് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ ഭാഗത്തുനിന്നുള്ള ആക്രമണത്തിലാണ് അന്ന് ഹെലിക്കോപ്റ്റർ തകർന്നത്.

അപകട വിവരം പുറത്തുവന്നതിനു പിന്നാലെ ഡൽഹിയിൽ സർക്കാർ തലത്തിൽ ഉന്നത കൂടിയാലോചനകൾ നടക്കുകയാണ്. സേനയുടെ പ്രോട്ടോകാൾ പ്രകാരം അപകടത്തിന്റെ വിവരങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ഹെലിക്കോപ്റ്ററിന് സാങ്കേതിക പിഴവുണ്ടാകാനുള്ള സാദ്ധ്യത വിദൂരമാണ്. അതീവ സമർത്ഥരും പരിചയ സമ്പന്നരുമായ പൈലറ്റുമാരാണ് സേനാ മേധാവികളും മറ്റും സഞ്ചരിക്കുമ്പോൾ ഹെലിക്കോപ്റ്റർ പറത്തുക. അതിനാൽ പൈലറ്റിന്റെ ഭാഗത്തുനിന്ന് പിഴവുണ്ടാകാനുള്ള സാദ്ധ്യതയും തുലോം വിരളമാണ്.

അട്ടിമറി സാദ്ധ്യത ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് ന്യായമായും കണക്കാക്കാം. അതേസമയം ഇൗ അപകടവുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നിരവധി വ്യാജ വാർത്തകളും പ്രചാരണങ്ങളും നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാൽ ഇൗ അപകടത്തിന്റെ യഥാർത്ഥ വിവരങ്ങൾ എത്രയും വേഗം പുറത്തു വരേണ്ടത് ജനങ്ങളുടെ മനസിലെ സംശയങ്ങൾ ദുരീകരിക്കാൻ അനിവാര്യമാണ്.

സേനാ യൂണി​ഫോം ധരി​ക്കുന്ന ഏറ്റവും ഉയർന്ന പദവി​യി​ലുള്ള ഉദ്യോഗസ്ഥൻ സഞ്ചരി​ച്ച ഹെലിക്കോപ്റ്റ‌ർ അപകടത്തി​ൽപ്പെടുമ്പോൾ ജനങ്ങൾ പലവി​ധത്തി​ൽ ചി​ന്തി​ക്കുക സ്വാഭാവി​കമാണ്. അത് മുതലെടുക്കാനും ശ്രമങ്ങൾ നടന്നേക്കാം. അതിനൊന്നും അവസരം നൽകാത്ത വിധത്തിൽ അപകടം സംബന്ധിച്ച ശാസ്ത്രീയവും കൃത്യതയുമാർന്ന റിപ്പോർട്ട് അന്വേഷണസംഘം പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. നിർഭാഗ്യകരമായ ഇൗ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയും അഗാധദുഃഖത്തിൽ കേരളകൗമുദിയും പങ്കുചേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.