SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.24 PM IST

കൈക്കൂലി വേവുന്ന അടുക്കളപ്പാത്രങ്ങൾ

photo

ടയർ റീട്രെഡിംഗ് സ്ഥാപനം നടത്തുന്ന വ്യക്തിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയറെ വിജിലൻസുകാർ കെണിയിൽപ്പെടുത്തിയ വാർത്ത ആദ്യ ദിനം പ്രത്യേകിച്ചൊരു കൗതുകവും ജനിപ്പിച്ചില്ല. വ്യാഴാഴ്ച ഇയാളുടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കലത്തിലും പ്രഷർകുക്കറിലും വരെ ഒളിപ്പിച്ച നിലയിൽ ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തതോടെയാണ് കൈക്കൂലിയുടെ ആഴം പരിശോധനാ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചത്. അലമാരകളിലും മേശയിലും മാത്രമല്ല അടുക്കളപ്പാത്രങ്ങളിൽ വരെ ഒളിപ്പിച്ചുവച്ചിരുന്ന കള്ളസമ്പാദ്യമാണ് പിടികൂടിയത്. കേവലമൊരു ടയർ റീട്രെഡിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കാൻ ഇരുപത്തയ്യായിരം രൂപയാണ് വിരമിക്കാൻ അധിക കാലമില്ലാത്ത ഈ ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇയാൾക്കു മുമ്പ് ഈ സ്ഥാനത്തിരുന്ന മഹാൻ കൈക്കൂലിയായി ഒരുലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്. നാട്ടിൽ മലിനീകരണ നിയന്ത്രണം എങ്ങനെയാണ് നടന്നിരുന്നത് എന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്. സംരംഭം തുടങ്ങാനും നിലനിറുത്താനും യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചെറിയ സ്ഥാപനത്തിന് ലൈസൻസ് പുതുക്കാൻ വൻതുക കോഴ നല്‌കേണ്ടിവരുന്നത്. നിശ്ചിത ഫീസടച്ചാൽ ഉടനെ നല്‌കാവുന്ന കാര്യത്തിന് ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെടാൻ കാരണം സർക്കാർ ഉണ്ടാക്കിവച്ചിരിക്കുന്ന നടപടിക്രമ നൂലാമാലകളാണ്. അനാവശ്യ തടസങ്ങളും നിയന്ത്രണങ്ങളും അധികാരികൾക്ക് വൻതോതിൽ കോഴ കൊയ്യാനുള്ള അവസരമൊരുക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡും വില്ലേജ് ഓഫീസും മോട്ടോർ വാഹന ഓഫീസും ഒക്കെ ഉദ്യോഗസ്ഥരുടെ ധനാർത്തി കാരണം ദുഷ്‌പ്പേരു സമ്പാദിച്ച സ്ഥാപനങ്ങളാണ്. അന്തസോടെ ജീവിക്കാനുള്ള ശമ്പളവും അനവധി ആനുകൂല്യങ്ങളും വാങ്ങുന്നവർ കൈക്കൂലിയുടെ പേരിൽ പൊതുജനങ്ങളെ പിഴിയുന്നതിനിടെ വല്ലപ്പോഴുമൊരിക്കലാണ് കുടുങ്ങുന്നത്. കോഴ നല്‌കില്ലെന്ന് വാശിയുള്ളവർ സധൈര്യം മുന്നോട്ടുവരുമ്പോൾ മാത്രമേ കൈക്കൂലിക്കാർ കുടുങ്ങാറുള്ളൂ. ഭൂരിപക്ഷവും കൈക്കൂലി നല്‌കി ആവശ്യങ്ങൾ സാധിക്കുകയാണ്.

കൈക്കൂലി ആവശ്യപ്പെട്ട് സേവനം വൈകിപ്പിക്കുന്നവരെ കണ്ടെത്തി കർശനമായി ശിക്ഷിച്ചാലേ ഈ സാമൂഹ്യതിന്മ നിയന്ത്രിക്കാനാവൂ. കൈക്കൂലി കേസിൽ പിടിയിലായ കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ എൻവയൺമെന്റ് എൻജിനിയറുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം അവിടെനിന്നു പിടിച്ചെടുത്ത നോട്ടുകൾ എണ്ണാൻ യന്ത്രം തന്നെ വരുത്തേണ്ടിവന്നുവത്രേ. കറൻസിക്കു പുറമെ അനധികൃത സമ്പാദ്യങ്ങളെക്കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്.

ചെക് പോസ്റ്റുകൾ,​ തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ വിഭാഗം എന്നിവയെപ്പോലെ മലിനീകരണ നിയന്ത്രണ ബോർഡും ഉദ്യോഗസ്ഥർക്ക് കറവപ്പശുവായി മാറുന്നെങ്കിൽ അതിനിടയാക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് പരിശോധിക്കപ്പെടേണ്ടത്. സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും തടസമാകുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കണം. മോട്ടോർ വാഹന വർക്ക്‌ഷോപ്പ് തുടങ്ങാൻ അനുമതി ലഭിക്കാത്തതിന്റെ പേരിൽ അതിനു ശ്രമിച്ചയാൾ ജീവനൊടുക്കിയ സംഭവം നടന്നിട്ട് അധിക കാലമായില്ല.

സമീപകാലത്ത് കിറ്റക്സ് കമ്പനി തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റുകൾ തെലുങ്കാനയിലേക്കു പറിച്ചുനടേണ്ടിവന്നതിനു പിന്നിലും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അനാവശ്യ ഇടപെടലുകളായിരുന്നു. പോക്കുവരവ് ചെയ്തുകൊടുക്കാൻ വില്ലേജ് ഓഫീസുകളിൽ കൈക്കൂലി ആവശ്യപ്പെടുന്ന ധാരാളം സംഭവങ്ങളുണ്ട്. വലയിലാകുന്നവർക്ക് പിന്നീടുള്ള ശിക്ഷ എന്താണെന്ന് ആരും അറിയാറില്ല. കേസുകൾ വർഷങ്ങളോളം നീണ്ടുപോകുമ്പോൾ പലരും രക്ഷപ്പെടുന്നു. വ്യക്തമായ തെളിവുസഹിതം കൈക്കൂലി കേസിൽ പിടിയിലാകുന്നവർ താമസംവിനാ ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടായാൽ മറ്റുള്ളവർക്ക് അത് ചൂണ്ടുപലകയാകും. കൈക്കൂലിയ്‌ക്ക് വളവും വെള്ളവും നല്‌കുന്ന അനാവശ്യ വ്യവസ്ഥകൾ എടുത്തുകളയാനും നടപടിയെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.