SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.48 AM IST

ഗുണ്ടാവേട്ട പാഴ്‌വേലയാകരുത്

goon-attack

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വൈരജീവിതം തകർക്കുന്നവിധം സംഘടിതമായ അക്രമസംഭവങ്ങൾ പെരുകിയ പശ്ചാത്തലത്തിലാണ് ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധന്മാർക്കുമെതിരെ പൊലീസ് നടപടി തുടങ്ങിയത്. കഴിഞ്ഞ പത്തുദിവസത്തിനിടെ 7674 ഗുണ്ടകളും സാമൂഹ്യവിരുദ്ധന്മാരും അഴിക്കുള്ളിലായി . ഓപ്പറേഷൻ കാവൽ എന്ന പേരിൽ തുടങ്ങിയ ഗുണ്ടാവേട്ട ഇപ്പോഴും തുടരുകയാണ്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ കീഴിൽ പുതുതായി ജില്ലാ ടാസ്ക്ഫോഴ്സുകൾ രൂപീകരിച്ചു നടപടികൾ കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ആറുമാസം മുമ്പുതന്നെ ഉന്നത പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ദൗത്യം ആരംഭിച്ചിരുന്നു. ആ ടാസ്ക് ഫോഴ്സ് നിലനിൽക്കെ തന്നെയാണ് സമീപദിവസങ്ങളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയത്. പട്ടാപ്പകൽപോലും ആക്രമണങ്ങളും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും നടന്നിരുന്നു. എല്ലാത്തരം സംഘടിതകുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ടാസ്ക് ഫോഴ്സ് ഓരോ ജില്ലയിലും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധന്മാരെയും അഴിഞ്ഞാടാൻ വിടുന്നത് നിയമവാഴ്ചയുടെ പരാജയമാണ്. അത്തരക്കാരെ ഒതുക്കാൻ ഏറെ അക്രമസംഭവങ്ങൾ വേണ്ടിവന്നു എന്നത് തീർച്ചയായും അഭിമാനിക്കത്തക്ക സംഗതിയല്ല.

യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന ലഹരിമാഫിയ സംസ്ഥാനത്തെമ്പാടും കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്. സംഘടിതമായ പല അക്രമസംഭവങ്ങൾക്കു പിന്നിലും ഇത്തരം ക്രിമിനൽ സംഘങ്ങളാണെന്ന് വ്യക്തമാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിനും കൊലപാതകങ്ങൾക്കുവരെയും ലഹരിക്കച്ചവടം കാരണമാകുന്നുണ്ട്. പൊലീസ് ടാസ്ക് ഫോഴ്സ് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നതും ഇത്തരം സംഘങ്ങളിൽ നിന്നാകും. എന്തിനും പോന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് വളരാനും വിലസാനും പറ്റിയ സാഹചര്യങ്ങൾ ഇന്ന് ഏറെയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഏറെ വളക്കൂറുള്ള മണ്ണായി സംസ്ഥാനം മാറിയിട്ടുണ്ട്. കൊള്ളപ്പലിശക്കാരും അവരുടെ സ്ഥാപനങ്ങളും നിലനിൽക്കുന്നതുതന്നെ ഇത്തരം സംഘങ്ങളുടെ തണലിലാണ്.

ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഉയരുമ്പോൾ മാത്രം സാമൂഹ്യവിരുദ്ധന്മാർക്കെതിരെ നടപടി എടുത്തതുകൊണ്ടായില്ല. സ്ഥിരം സംവിധാനമായി അത് നിലനിന്നാലേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പത്തുദിവസം കൊണ്ട് പിടികൂടിയ ഏഴായിരത്തി അറുന്നൂറിലധികം പേരെ കുറച്ചുദിവസം ജയിലിലടച്ചതുകൊണ്ടുമാത്രം രംഗം ശുദ്ധമാകണമെന്നില്ല. ഇവരുടെ ക്രിമിനൽ പശ്ചാത്തലം കൃത്യമായി പരിശോധിച്ച് കുറ്റം ചുമത്തി തക്കതായ ശിക്ഷ ഉറപ്പാക്കുമ്പോഴേ പൊലീസ് നടപടി വിജയത്തിലെത്തി എന്നു പറയാനാവൂ. സാധാരണഗതിയിൽ ഇങ്ങനെ കൂട്ടത്തോടെ പിടിച്ച് അകത്തിടുന്നവർ ഏതാനും ദിവസം കഴിയുമ്പോൾ സ്വതന്ത്രരായി പുറത്തിറങ്ങി പഴയ കർമ്മമേഖലകളിൽ ഊർജ്ജസ്വലരായി വിളയാടുന്ന കാഴ്ചയാണ് കാണാറുള്ളത്. ഓപ്പറേഷൻ കാവൽ അത്തരത്തിൽ പ്രഹസനമാകാതിരിക്കാൻ പൊലീസ് തലപ്പത്തുള്ളവർ മിടുക്കുകാണിക്കണം. വിപുലമായ ദൗത്യങ്ങളാണ് പുതിയ ടാസ്ക്ഫോഴ്സിന് നൽകിയിട്ടുള്ളത്. ലഹരിക്കടത്തും​ വില്പനയും ​ മണ്ണുകടത്ത്, സ്വർണക്കടത്ത്, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങി സംഘടിതമായി നടക്കുന്ന എല്ലാത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും പിടികൂടാൻ ദൗത്യസംഘങ്ങൾക്ക് കഴിയണം. സാമൂഹ്യവിരുദ്ധന്മാരെയും ഗുണ്ടകളെയും അമർച്ചചെയ്യാനുള്ള ശ്രമത്തിനിടെ നിരപരാധികൾ പെടാതിരിക്കാൻ വേണ്ട ജാഗ്രതയും കാണിക്കണം. വാഹനപരിശോധനാവേളയിലും നിരപരാധികൾ കുടുങ്ങാനിടവരരുത്.

കഴിഞ്ഞ പത്തുദിവസത്തിനിടെ പിടികൂടിയ 7674 പേരിൽ 5413 പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നിയമത്തിന്റെ വലയിൽ കുടുങ്ങാതെ ഇവർ പുറത്ത് സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നല്ലേ ഇതിനർത്ഥം. പൊലീസിന്റെ ഭാഗത്തു കാണുന്ന അനാസ്ഥയാണ് പലപ്പോഴും ഇക്കൂട്ടർക്ക് സഹായമാകുന്നതെന്നു പറയാം. നിരന്തരമായ നിരീക്ഷണവും തുടർനടപടികളും ഉണ്ടെങ്കിലേ സാമൂഹ്യവിരുദ്ധശക്തികളെ നിലയ്ക്കു നിറുത്താനാകൂ. അതുകൊണ്ട് ഇപ്പോൾ പിടികൂടിയവരെ അവർ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് കുറ്റപത്രം തയ്യാറാക്കി നീതിപീഠത്തിനു മുമ്പിലെത്തിക്കാൻ കഴിയണം. അതിനു കഴിഞ്ഞില്ലെങ്കിൽ ഇതൊക്കെ വീണ്ടും പാഴ്‌വേലയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.