SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.30 PM IST

വൈദ്യുതി മേഖലയിലെ സ്വകാര്യ നിക്ഷേപം

kseb

എല്ലാ വികസിത രാജ്യങ്ങളിലും വികസനം വന്നത് സർക്കാർ മാത്രം മുതൽ മുടക്കിയിട്ടല്ല. സർക്കാരിനൊപ്പമോ അതിൽ കൂടുതലോ സ്വകാര്യമേഖല നിക്ഷേപം നടത്തുമ്പോഴാണ് സമഗ്ര വികസനം സാദ്ധ്യമാകുക. ഇതല്ലെങ്കിൽ വികസനം സാദ്ധ്യമാകാൻ വിദേശനിക്ഷേപം വരണം. ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും വികസനം കൗമാരദശയിൽ പോലും എത്തിയിട്ടില്ല. അതിന്റെ പ്രധാന കാരണം എല്ലാ വികസനവും സർക്കാരിന്റെ മാത്രം മേൽനോട്ടത്തിൽ വന്നാൽമതി എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടാണ്. ഇതിന്റെ ഭാഗമായാണ് പഞ്ചവത്സര പദ്ധതികളും മറ്റും തുടങ്ങിയത്. എന്നാൽ സർക്കാർ കാര്യം മുറപോലെ എന്ന മട്ടിലാണ് എല്ലാ വികസനവും മുന്നോട്ട് നീങ്ങിയത്. നിക്ഷേപവുമായി മുന്നോട്ട് വരുന്ന സ്വകാര്യമേഖലയെ തടയുന്നതിന് ലൈസൻസ് രാജ് ഏർപ്പെടുത്തുകയും ചെയ്തു. പൊതുവേ ഇത് സാധാരണ ജനങ്ങൾക്ക് ആദ്യം സ്വീകാര്യമായി തോന്നിയെങ്കിലും ഭാവിയിൽ രാജ്യത്തിന്റെ വളർച്ച മുരടിപ്പിക്കുകയാണ് ഉണ്ടായത്. എൺപതുകളിൽ വിദേശനിക്ഷേപത്തിന് വാതിൽ തുറന്നുകൊടുത്ത ചൈനയാകട്ടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു. എല്ലാ സർക്കാരുകളെയും അത് കേന്ദ്രമായാലും സംസ്ഥാനമായാലും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം പണത്തിന്റെ കുറവാണ്. ഇത് പരിഹരിക്കാനുള്ള ഏക മാർഗം വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നത് മാത്രമാണ്. കേരളത്തിൽ വൈദ്യുതി ബോർഡിൽ ആദ്യമായി സ്വകാര്യവത്‌ക്കരണത്തിന് വാതിൽ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. പാരമ്പര്യേതര ഉൗർജ്ജ ഉത്‌പാദനവുമായി ബന്ധപ്പെട്ട 2400 കോടി രൂപയുടെ പദ്ധതികളാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്.

സംരംഭകരെ കണ്ടെത്താൻ ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് നിക്ഷേപ സംഗമം നടത്തുകയാണ്. നിർമ്മാണം പൂർത്തിയാക്കി 25 വർഷം സ്വന്തമായി നടത്തി മുടക്കുമുതൽ തിരിച്ചുപിടിച്ചശേഷം കൈമാറുന്ന ബിൽഡ് ഓൺ ആൻഡ് ഓപ്പറേറ്റ് രീതിയിലാണ് സ്വകാര്യവത്‌ക്കരണം നടപ്പാക്കുന്നത്. ഇപ്പോൾത്തന്നെ വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ് മുന്നോട്ടുപോകുന്നത്. സ്വകാര്യമേഖല വന്നാൽ ജനങ്ങളെ കൊള്ളയടിക്കും എന്ന ഒരു ആശങ്ക ജനങ്ങൾക്കിടയിൽ വർഷങ്ങളായി നിലനില്‌ക്കുന്നുണ്ട്. എന്നാൽ ടെലികോമിന്റെയും മറ്റും അനുഭവത്തിൽ ഇത് തെറ്റാണെന്നും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വകാര്യമേഖല വഴിതെറ്റുന്ന ദിശയിലേക്ക് പോകുകയാണെങ്കിൽ നിയന്ത്രിക്കേണ്ട ചുമതല മാത്രമാണ് സർക്കാർ ഏറ്റെടുക്കേണ്ടത്. വൈദ്യുതി മേഖലയിൽ മാത്രമല്ല നിക്ഷേപം ആവശ്യമുള്ള മറ്റ് പൊതുമേഖലകളിലും സ്വകാര്യനിക്ഷേപത്തിന് സർക്കാർ പച്ചക്കൊടി കാണിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.