SignIn
Kerala Kaumudi Online
Thursday, 25 April 2024 7.21 PM IST

ഇവിടെയുമാകാം സ്വകാര്യ സർവകലാശാലകൾ

kkk

നാടോടുമ്പോൾ നടുവേ ഓടണമെന്നാണ് ചൊല്ലെങ്കിലും പല കാര്യങ്ങളിലും കേരളം വളരെ പിന്നാലെ ഓടുന്ന ശീലമാണു പുലർത്താറുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങളിലൊന്ന് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ മടിച്ചതാണെന്ന് പറയാം. അയൽ സംസ്ഥാനങ്ങൾ സ്വാശ്രയ കോളേജുകളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലെത്തിയപ്പോഴാണ് നമുക്കും ആ പാതയിലൂടെ പോകാൻ താത്‌പര്യം ജനിച്ചത്. മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനിയറിംഗ്, ബി.എഡ് തുടങ്ങിയ വിഷയങ്ങൾക്ക് പരിമിതമായ സർക്കാർ സ്ഥാപനങ്ങൾ മാത്രം പോരെന്നും സ്വാശ്രയ മേഖലയിലും അവ നല്ല നിലയിൽ പ്രവർത്തിക്കുമെന്നും ബോദ്ധ്യമാകാൻ ഏറെ വർഷങ്ങളെടുത്തു.

ഇപ്പോൾ ഇതുപറയാൻ കാരണം ഇതുവരെ നിഷിദ്ധമെന്നു കരുതിപ്പോന്ന സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിൽ സർക്കാർ ഒരു പുനർ വിചിന്തനത്തിനൊരുങ്ങുന്നതായ സൂചന പുറത്തുവന്നതാണ്. സ്വകാര്യ മേഖലയെ പടിക്കു പുറത്തേ നിറുത്തുകയുള്ളൂ എന്ന വാശികൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ലെന്ന് എൽ.ഡി.എഫ് സർക്കാരിനും തോന്നിത്തുടങ്ങിയിരിക്കുന്നു . സ്വകാര്യ കല്പിത സർവകലാശാലകൾ തുടങ്ങുന്നതിന് അനുമതി നല്കുന്ന വിഷയത്തിൽ പഠിച്ച് റിപ്പോർട്ട് നല്‌കാൻ ഉന്നതവിദ്യാഭ്യാസ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഏറെക്കാലം ഇടതു പാർട്ടികൾ സ്വകാര്യ സർവകലാശാലകൾ വരുന്നതിനെ നഖശിഖാന്തം എതിർത്തുവരികയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകാനുള്ള നീക്കമുണ്ടായപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ പ്രക്ഷോഭം തന്നെ നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനെ കോവളത്ത് പരസ്യമായി ഇടതു വിദ്യാർത്ഥി സംഘടനാ നേതാക്കൾ മർദ്ദിക്കുകപോലും ചെയ്തു. സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് കൗൺസിൽ സർക്കാരിന് റിപ്പോർട്ട് നൽകിയതിന്റെ പേരിലായിരുന്നു നയതന്ത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖല വളർന്നു വികസിക്കുന്നതു കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്ത അഭിവന്ദ്യനായ ശ്രീനിവാസന് മർദ്ദനമേല്‌ക്കേണ്ടിവന്നത്. കല്പിത സർവകലാശാലകൾ വിദ്യാഭ്യാസ വാണിജ്യവത്‌കരണത്തിന് ഇടയാക്കുമെന്ന ന്യായം പറഞ്ഞാണ് പ്രധാനമായും ഇടതു പാർട്ടികൾ അതിനെ എതിർത്തുപോന്നത്. എന്നാൽ പഠനാവശ്യങ്ങൾക്ക് എത്ര പണം ചെലവിടാനും ത്രാണിയുള്ള ഏറെപ്പേർ ഉള്ളപ്പോൾ എന്തിന് അവർക്ക് അതിനുള്ള അവസരങ്ങൾ കൊട്ടിയടയ്ക്കണം എന്ന ചോദ്യം പ്രസക്തമാണ്. ഇവിടെ അതിനു സൗകര്യമില്ലെങ്കിൽ അവ ഉള്ളിടങ്ങളിൽ പോയി കുട്ടികൾ പഠിക്കും. സ്വാശ്രയ കോളേജുകൾ ഇവിടെ വരുന്നതിന് മുൻപ് അതാണല്ലോ കുട്ടികൾ ചെയ്തുകൊണ്ടിരുന്നത്. സ്വാശ്രയ മേഖലയോടുള്ള അയിത്തം ഉപേക്ഷിച്ചപ്പോൾ സംസ്ഥാനത്ത് നൂറ്റിയൻപതോളം സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളാണ് പിറവിയെടുത്തത്. രണ്ടു ഡസനടുത്ത് മെഡിക്കൽ കോളേജുകളും നിലവിൽവന്നു. പാരാമെഡിക്കൽ സ്ഥാപനങ്ങളും അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളും നിയമപഠന കേന്ദ്രങ്ങളും അനവധി ഉണ്ടായി. ഇവയ്ക്കൊപ്പം സ്വകാര്യ സർവകലാശാലകളും വന്നതുകൊണ്ട് ദോഷമൊന്നുമുണ്ടാകാൻ പോകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ പുഷ്ടിപ്പെടുകയേ ഉള്ളൂ. വിജ്ഞാനത്തിന്റെ ചക്രവാളങ്ങളെ വേലികെട്ടി നിയന്ത്രിക്കുന്നതിനു പകരം കൂടുതൽ വികസിക്കാൻ അവസരമൊരുക്കുകയാണു വേണ്ടത്. എല്ലാം സർക്കാർ തന്നെ ചെയ്യണമെന്നു നിർബന്ധം പിടിക്കുന്നത് കാലത്തിനിണങ്ങുന്ന കാര്യമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.