SignIn
Kerala Kaumudi Online
Friday, 29 March 2024 3.53 PM IST

നദികൾ കൂടുതൽ മെലിയുമ്പോൾ

photo

ജനുവരി എത്തിയപ്പോഴേക്കും അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് വേഗത്തിൽ കുറയുന്നത് ആശങ്കയ്ക്കു കാരണമാകുന്നു. സാധാരണ ലഭിക്കുന്ന മഴയിലും അറുപതു ശതമാനത്തിലധികം മഴ ഇക്കുറി ലഭിച്ചിട്ടും ഇതാണ് അവസ്ഥയെങ്കിൽ വേനൽ കടുക്കുമ്പോൾ എന്താവും സ്ഥിതി. ജലവാഹിനികളുടേയും അണക്കെട്ടുകളുടേയും സംരക്ഷണത്തിൽ സംസ്ഥാനം എത്രമാത്രം കെടുകാര്യസ്ഥതയും അലസതയുമാണ് പുലർത്തുന്നതെന്നു മനസിലാക്കാൻ വേറെ തെളിവൊന്നും വേണ്ട. കണക്കിലധികം മഴ പെയ്താലും വെള്ളമത്രയും വളരെവേഗം ഒഴുകി കടലിൽ പതിക്കുന്നു. പല കാരണങ്ങളാൽ നദികൾ കൂടുതൽ മെലിഞ്ഞുകൊണ്ടിരിക്കുന്നു. കവിഞ്ഞ തോതിൽ ജലം ഉൾക്കൊള്ളാനുള്ള അവയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. അണക്കെട്ടുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സംഭരണശേഷിയുടെ പകുതിപോലുമില്ല അണക്കെട്ടുകളിലെ ജലനിരപ്പ്.

ഒട്ടേറെ ഗ്രാമങ്ങളിൽ ജലവിതരണത്തിന് ഉപകരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു. വാമനപുരവും ചിറ്റാറും മെലിയാൻ തുടങ്ങിയത് ഒരു ഡസനോളം ശുദ്ധജലവിതരണ പദ്ധതിയെയാണ് ബാധിക്കുക. അതിവേഗം നീരൊഴുക്ക് കുറയുന്ന നദികൾ എല്ലാ ജില്ലകളിലുമുള്ള ശുദ്ധജല വിതരണ പദ്ധതികൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. അതിവർഷം ലഭിക്കുമ്പോഴും വേനലിൽ ജലസ്രോതസുകൾ വറ്റിവരളുമ്പോഴും ജലസംരക്ഷണത്തെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. കാലവർഷം സമ്മാനിക്കുന്ന ജലമത്രയും ഒഴുകിപ്പോകുന്നതു കണ്ടുനില്‌ക്കാനേ കഴിയാറുള്ളൂ. നദികൾ വറ്റിവരളുന്നതോടെ അവയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും അതിവേഗം താഴാൻ തുടങ്ങും. കുടിനീർക്ഷാമമാകും അതിന്റെ ഫലം. ചെറുകിട ജലവിതരണ പദ്ധതികൾ പലതും പ്രതിസന്ധിയിലാകുന്നതോടെ വലിയൊരു വിഭാഗം ആളുകൾ കുടിനീരിനായി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്. 45 നദികളും ശുദ്ധജല തടാകങ്ങളും ഒട്ടേറെ കായലുകളും കൊണ്ടു സമൃദ്ധമായ നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്. വാമനപുരം നദിയെ ആശ്രയിച്ചു മാത്രം 38 കുടിവെള്ള പദ്ധതികളാണുള്ളത്. നദിയിൽ ജലനിരപ്പ് കുറയുന്നതോടെ ഇവയിൽ പലതിന്റെയും പ്രവർത്തനം അവതാളത്തിലാകും. നദീതീരങ്ങളിലെ കൈയേറ്റവും അനധികൃത മണലൂറ്റുമെല്ലാം നദികളെ നാശത്തിലേക്കു നയിക്കുന്നു. വ്യാപകമായ തോതിലുള്ള മലിനീകരണമാണ് മറ്റൊന്ന്. ജലസ്രോതസുകളുടെ സംരക്ഷണത്തിന് ശക്തമായ നിയമനിർമ്മാണം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണു കേരളം. എന്നാൽ മലിനമാകാത്ത നദിയോ പുഴയോ ഇവിടെ നന്നേ കുറവാണ്. നദിയെ മലിനപ്പെടുത്തിയതിന്റെ പേരിൽ ആരെങ്കിലും നടപടിക്കു വിധേയരായതായി കേട്ടിട്ടുമില്ല.

അണക്കെട്ടുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കാനായാൽ വേനൽക്കാലത്തെ ജലക്ഷാമം നേരിടാനാകും. മാത്രമല്ല ഒരു പരിധിവരെ പ്രളയവും നിയന്ത്രിക്കാനാകും. ഈ ലക്ഷ്യത്തോടെയാണ് അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി കൂടുതൽ വെള്ളം സംഭരിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്. അണക്കെട്ടുകളിലെ മണൽ ശേഖരിച്ച് വിറ്റാൽ പ്രതിവർഷം ആയിരം കോടി രൂപയെങ്കിലും ഖജനാവിലെത്തുമായിരുന്നു. പത്തുപതിനഞ്ചു വർഷമായി കടലാസിൽ കിടക്കുന്ന പദ്ധതിക്കു ഇനിയും ജീവൻ വച്ചിട്ടില്ല. ഓരോ പ്രളയകാലത്തും കടുത്ത വേനൽക്കാലത്തും അവ പുനർജനിക്കാറുണ്ട്. ജലസമൃദ്ധിയുടെ നാളുകളിൽ അതു വിസ്‌മൃതമാവുകയും ചെയ്യും.

മുറതെറ്റാതെ എത്താറുള്ള പ്രകൃതിദുരന്തങ്ങൾ ഓർമ്മപ്പെടുത്തലായി കാണണമെന്നു പറയാറുണ്ട്. പ്രളയകാല ദുരനുഭവങ്ങൾ ഏറെ ഉണ്ടായിട്ടും അണക്കെട്ടുകളുടെയും നദികളുടെയും കാര്യത്തിൽ ആരോഗ്യകരമായ സമീപനം ഇനിയും ഉണ്ടായിട്ടില്ല. ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കിയും പുതിയവയ്ക്കു രൂപം നല്‌കിയും നദീസംരക്ഷണം കൂടുതൽ പ്രായോഗികമാക്കാൻ നടപടിയുണ്ടാകണം. ഇതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ നിലനില്പും വളർച്ചയും എന്ന വസ്തുത വിസ്മരിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.