SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.31 PM IST

ഇച്ഛാശക്തി പ്രകടമായ നടപടികൾ

p-rajeev

ഭരണം നിയന്ത്രിക്കുന്നവർ കർമ്മശേഷിയുള്ളവരും ഇച്ഛാശക്തിയോടെ നടപടി സ്വീകരിക്കാൻ പ്രാപ്തരുമാണെങ്കിൽ ഓരോ ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകളെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും എന്നതിന്റെ തെളിവുകളാണ് വ്യവസായമന്ത്രി പി.രാജീവും പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട രണ്ട് വ്യത്യസ്‌ത നടപടികൾ സൂചിപ്പിക്കുന്നത്.

വ്യവസായസംരംഭം തുടങ്ങാനുള്ള ലൈസൻസിനായി കൊച്ചി കോർപറേഷൻ ഓഫീസിലെത്തിയ പള്ളുരുത്തി സ്വദേശി മിനി ജോസി എന്ന വനിതയെ കൈക്കൂലി ചോദിച്ച് വട്ടംകറക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി രാജീവ് കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ സസ്പെൻഷൻ നടപടി സ്വീകരിക്കാനും അപേക്ഷകയ്ക്ക് ആവശ്യമായ രേഖകൾ കോർപറേഷൻ ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തിക്കാനും നിർദ്ദേശിച്ചു. കുവൈറ്റിലെ പതിനാല് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മിനി വീടിനോട് ചേർന്ന് അരിപ്പൊടി,​ കറിപ്പൊടി എന്നിവ തയാറാക്കാനുള്ള സ്ഥാപനം തുടങ്ങുന്നതിന് മുദ്രാ ലോണിനുവേണ്ടിയാണ് പള്ളുരുത്തിയിലെ കോർപറേഷൻ ഓഫീസിൽ കഴിഞ്ഞ ഒന്നരമാസമായി കയറിയിറങ്ങിയത്. എന്നാൽ പള്ളുരുത്തി കച്ചേരിപ്പടി ഹെൽത്ത് വിഭാഗം ഓഫീസിലെ ഒരു ജീവനക്കാരൻ മിനിയോട് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് അഞ്ച് സഹപ്രവർത്തകരുമായി വീതം വയ്ക്കാനാണെന്നും അയാൾ പറഞ്ഞു. കൂടാതെ മറ്റൊരു ഓഫീസിലെ ക്ളർക്കും കൈക്കൂലി ചോദിച്ചു. സഹികെട്ട മിനി 16000 രൂപ മുടക്കി കരസ്ഥമാക്കിയ സർട്ടിഫിക്കറ്റുകളെല്ലാം ഉദ്യോഗസ്ഥരുടെ മുന്നിൽവച്ച് കീറിക്കളഞ്ഞു. വിവരം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. ഇതേത്തുടർന്നാണ് മന്ത്രി രാജീവ് മിനിയെ നേരിട്ട് വിളിച്ചതും നടപടികൾ കൈക്കൊണ്ടതും. സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ പ്രതിദിനം അരങ്ങേറുന്ന അഴിമതിയുടെ തനിയാവർത്തനമാണ് മിനിക്ക് നേരിടേണ്ടിവന്നത്. എല്ലാക്കാര്യങ്ങളും മന്ത്രിമാരുടെ കൺമുന്നിൽ നടക്കുന്നതല്ലെങ്കിലും ഇത്തരം തീരുമാനങ്ങൾ മറ്റുള്ളവർക്കും വലിയസന്ദേശം പ്രദാനം ചെയ്യുന്നതാണ്. കൈക്കൂലി വാങ്ങിയാൽ ചോദിക്കാനും പറയാനും ആളുണ്ട് എന്ന പ്രതീതി ഉണ്ടാകുന്നത് വളരെ പ്രധാനപ്പെട്ടതാണ്.

പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്കാകെ ഗുണപാഠമാകുന്ന നടപടിയാണ് മന്ത്രി റിയാസിന്റെ ഭാഗത്തുനിന്നുണ്ടായത്. കൊല്ലം ജില്ലയിലെ അടിസ്ഥാന സൗകര്യവികസന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറോട് കെട്ടിട നിർമ്മാണങ്ങൾ മുടങ്ങിക്കിടക്കുന്നതിന്റെ കാരണം മന്ത്രി ആരാഞ്ഞു. എന്നാൽ ഒരു വിഷയത്തിലും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ലെന്നു മാത്രമല്ല തെറ്റായ വിവരങ്ങളിലൂടെ യോഗത്തെ കബളിപ്പിക്കാനും ശ്രമിച്ചു. ജില്ലാ കളക്ടറേറ്റിലെ നിർമ്മാണ പ്രവർത്തനങ്ങൾ പലതും കെട്ടിടവിഭാഗം ഉഴപ്പുന്നതായി ജില്ലാ കളക്ടർ യോഗത്തിൽ തുറന്നടിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ കെടുകാര്യസ്ഥത തിരിച്ചറിഞ്ഞ മന്ത്രി റിയാസ് യോഗം അവസാനിച്ച് ഒരു മണിക്കൂറാകും മുമ്പെ പ്രസ്തുത എൻജിനിയറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. മുഖം നോക്കാതെ സ്വീകരിക്കുന്ന ഇത്തരം നടപടികളിലൂടെ മാത്രമേ ഭരണം കാര്യക്ഷമമാക്കാൻ കഴിയുകയുള്ളൂ.

വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു പങ്കും ആത്മാർത്ഥതയുള്ളവരും ജനങ്ങളോട് സഹകരണ മനോഭാവം പ്രകടമാക്കുന്നവരുമാണ്. എന്നാൽ ന്യൂനപക്ഷമാണ് കൈക്കൂലി വാങ്ങുകയും ജനങ്ങളെ ചുവപ്പുനാടയിൽ കുരുക്കി വലയ്ക്കുകയും ചെയ്യുന്നത്. ഇവരിൽ പലർക്കും സംഘടനകളുടെ പിൻബലം കൂടി ഉണ്ടാകുമെന്നതിനാൽ ഇരിക്കുന്ന കസേരയിൽത്തന്നെ വിരമിക്കും വരെ തുടരുകയും ചെയ്യും. രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമേ ഇതിനെയെല്ലാം നേരിടാൻ കഴിയൂ. മന്ത്രിമാരായ രാജീവിന്റെയും റിയാസിന്റെയും നടപടികൾ അതിനുള്ള തുടക്കമാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.