SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.47 AM IST

വടക്ക് കിഴക്കൻ മേഖലയുടെ സമാധാനം

photo

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രത്യേക സായുധ സൈനികാധികാര നിയമം പല മേഖലകളിൽ നിന്നും കേന്ദ്രം പിൻവലിച്ചിരിക്കുന്നു. ഏറെ എതിർപ്പിന് ഇടയാക്കിയ പട്ടാള നിയമമായ അഫ്‌സ്‌പ അസമിലെ 22 ജില്ലകളിൽ നിന്ന് പൂർണമായി പിൻവലിച്ചു. നാഗാലാൻഡിലെ ഏഴു ജില്ലകൾ, മണിപ്പൂരിലെ ആറ് ജില്ലകൾ എന്നിവിടങ്ങളിൽ നിന്നും ഭാഗികമായി മാറ്റി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദവും തീവ്രവാദവും ശക്തമായിരുന്ന നാളുകളിലാണ് ഈ നിയമം ഏർപ്പെടുത്തിയത്. ആ മേഖലകൾ സമാധാനത്തിലേക്ക് മടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവായി നിയമം ഒഴിവാക്കാനുള്ള തീരുമാനത്തെ വിലയിരുത്താം. അതോടൊപ്പം അസമും മേഘാലയയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കം പരിഹരിക്കാനും കരാറായി.

884 കിലോമീറ്റർ നീളുന്ന അതിർത്തിയിലെ തർക്കങ്ങൾ പലപ്പോഴും സംഘർഷങ്ങൾക്കും ജനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും ഇടയാക്കിയിരുന്നു. അഞ്ച് ദശാബ്ദമായി തുടർന്നുവന്ന തർക്കത്തിനാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സംഗ്‌മയും തമ്മിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാറിലൂടെ പരിഹാരമായത്. അഫ്‌സ്‌പ നിയമപ്രകാരം ക്രമസമാധാനപാലനത്തിന് ഉചിതമായ നടപടി എടുക്കാനുള്ള അധികാരം പട്ടാളത്തിനായിരുന്നു. പട്ടാളത്തിന്റെ പല നടപടികളും ജനങ്ങളുടെ കടുത്ത എതിർപ്പിനും ഇടയാക്കിയിരുന്നു. വാറണ്ടില്ലാതെ എവിടെയും പരിശോധന നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും വേണ്ടിവന്നാൽ വെടിവയ്‌ക്കാനും കെട്ടിടം തകർക്കാനും പട്ടാളത്തിന് അധികാരം നൽകിയിരുന്നു. അസമിൽ 1990 മുതലും നാഗാലാൻഡിൽ 1995 മുതലുമാണ് സായുധനിയമം ഏർപ്പെടുത്തിയത്.

കഴിഞ്ഞ വർഷം നാഗാലാൻഡിലെ ഒരു ജില്ലയിൽ സംശയത്തിന്റെ പേരിൽ 13 പേരെ പട്ടാളം വെടിവച്ച് കൊന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മണിപ്പൂരിലെ ഒരു സംഘം യുവതികൾ നഗ്‌നരായി അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് മാർച്ച് നടത്തിയത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു യുവതിയെ പട്ടാളക്കാർ മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന ആരോപണവുമായാണ് അവർ മാർച്ച് നടത്തിയത്. അഫ്‌സ്‌പ നിയമത്തിന്റെ പേരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് 18 വർഷം നിരാഹാര സമരം നടത്തിയ ഇറോം ശർമ്മിളയുടെ പോരാട്ടവും ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രമസമാധാനം മെച്ചപ്പെട്ടതിനാൽ ത്രിപുര, മേഘാലയ, മിസോറാം, അരുണാചൽപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നേരത്തെ തന്നെ നിയമം പിൻവലിച്ചിരുന്നു. ഈ മേഖലകളിലെ വിഘടനവാദ സംഘടനകൾ അക്രമത്തിന്റെ തോത് വളരെയധികം കുറച്ചതും സമാധാനത്തിന്റെ പാത സ്വീകരിക്കാൻ തയ്യാറായതുമാണ് നിയമം പിൻവലിക്കുന്നതിൽ നിർണായകമായത്. മാത്രമല്ല ബഹുഭൂരിപക്ഷം തീവ്രവാദികളും ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ചെയ്തിരുന്നു. വിവിധ സംഘടനകളുമായി സമാധാന കരാർ ഉണ്ടാക്കാനും സർക്കാരുകൾക്ക് കഴിഞ്ഞു. അതുപോലെ അസമിന്റെ കർബി മേഖലയിൽ സമാധാനം സ്ഥാപിക്കാൻ കഴിഞ്ഞവർഷം ഒപ്പിട്ട കരാറിലൂടെ കേന്ദ്ര സർക്കാരിന് കഴിഞ്ഞിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വീശുന്ന സമാധാനത്തിന്റെ കാറ്റ് അവിടെ പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പാത സൃഷ്ടിക്കാൻ ഉതകട്ടെ എന്ന് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.