SignIn
Kerala Kaumudi Online
Friday, 29 March 2024 12.34 PM IST

കൈക്കൂലി വാങ്ങാത്തതിന് 'മരണശിക്ഷ"

photo

മാനന്തവാടി സബ് ആർ.ടി ഓഫീസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്മഹത്യ ഇത്തരം ഓഫീസുകളിൽ മാറ്റമില്ലാതെ തുടരുന്ന കൈക്കൂലിയെന്ന മഹാശാപം ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുകയാണ്. ആർ.ടി ഓഫീസുകൾ അഴിമതിമുക്തമാക്കാൻ കൈക്കൊണ്ട സർക്കാർ നടപടികൾക്കു കണക്കില്ല. സേവനങ്ങൾ പലതും ഓൺലൈനാക്കി. ഇടനിലക്കാരെയും ഏജൻസികളെയും ഒഴിവാക്കി. ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടിൽ കൈക്കൂലിയും അഴിമതിയും നല്ലതോതിൽ ഇപ്പോഴും അവിടെ നടക്കുന്നു. മാനന്തവാടി സബ് ആർ.ടി ഓഫീസിൽ സീനിയർ ക്ളാർക്കായി ജോലിചെയ്തിരുന്ന സിന്ധു ബുധനാഴ്ച പുലർച്ചെ സഹോദരന്റെ വീട്ടിൽ തൂങ്ങിമരിച്ചത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷമാണ്. കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സഹപ്രവർത്തകർക്കൊപ്പം മേലധികാരിയും തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പ്. സമ്മർദ്ദം താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഈ നാല്പതുകാരി നേരത്തെ എഴുതിയ ഡയറിക്കുറിപ്പുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങാതിരിക്കുകയും അതിനു കൂട്ടുനിൽക്കാതിരിക്കുകയും ചെയ്‌തതിനാണ് ഓഫീസിൽ സിന്ധുവിനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയത്. ഓഫീസിൽ നടക്കുന്ന അഹിതമായ കാര്യങ്ങളെക്കുറിച്ച് ഇക്കഴിഞ്ഞ മൂന്നാം തീയതി അവർ വയനാട് ആർ.ടി.ഒയെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു നടപടിയുമുണ്ടായില്ല.

സിന്ധുവിന്റെ ആത്മഹത്യ വിവാദമായതോടെ സംഭവത്തിൽ ഗതാഗതമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രാൻസ്‌പോർട്ട് ജോയിന്റ് കമ്മിഷണർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.

പൂച്ച എങ്ങനെ വീണാലും നാലുകാലിൽ എന്നു പറഞ്ഞതുപോലെയാണ് ഇത്തരം ഓഫീസുകളുടെ സ്ഥിതി. ആവശ്യങ്ങൾ എന്തുമാകട്ടെ കൈക്കൂലിയുടെ മേമ്പൊടി കൂടിയുണ്ടെങ്കിലേ എളുപ്പത്തിൽ കാര്യം നടക്കൂ എന്നതാണ് രീതി. ഒരു കണക്കിൽ ജനങ്ങൾ തന്നെയാണ് ഈ ദുഷ്‌‌പ്രവണത വളർത്തിയതെന്നു പറയാം. സർക്കാരിലേക്ക് വാഹന നികുതി അടയ്ക്കാൻ പോലും ശുപാർശയും കൈക്കൂലിയും നൽകേണ്ടിവന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മറ്റ് സേവനങ്ങളുടെ കാര്യം പിന്നെ പറയാനുണ്ടോ. പുതിയ സംവിധാനങ്ങളുടെ വരവോടെ ആർ.ടി ഓഫീസ് സേവനങ്ങളിൽ പലതും അവിടം സന്ദർശിക്കാതെ തന്നെ ആവശ്യക്കാർക്ക് ലഭ്യമാണ്. എന്നിരുന്നാലും പലതിനും നേരിട്ടുതന്നെ ഹാജരാകേണ്ട സ്ഥിതിയുമുണ്ട്.

ജനങ്ങൾക്ക് സൗജന്യമായി സേവനം നൽകേണ്ടവയാണ് സർക്കാർ ഓഫീസുകൾ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷവേളയിലും സാധാരണക്കാരും ദുർബല വിഭാഗങ്ങളും ആവശ്യങ്ങൾക്കായി ഇന്നും കുചേലന്മാരെപ്പോലെ പഞ്ചപുച്ഛമടക്കി സർക്കാർ ഓഫീസുകളുടെ പടവുകൾ പലവുരു കയറിയിറങ്ങണം. ശിപായിമാർക്കുവരെ നല്ല വേതനം ലഭ്യമാക്കിയിട്ടും അപേക്ഷയുമായി എത്തുന്ന ദരിദ്ര‌നാരായണന്മാരുടെ മുമ്പിൽ പോലും കൈക്കൂലിക്കുവേണ്ടി കൈനീട്ടുന്നവർ കുറവല്ല. സ്വന്തം അവകാശങ്ങൾക്കുവേണ്ടി ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുന്ന സർവീസ് സംഘടനകൾ ഈ ശാപത്തിനെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? ഓഫീസ് മേധാവികൾ ജാഗ്രതയും ശുഷ്‌കാന്തിയും പുലർത്തിയാൽ ഓഫീസ് പ്രവർത്തനം വീഴ്ചയില്ലാതെ നടക്കും. എന്തുവന്നാലും കൈക്കൂലി നൽകുകയില്ലെന്ന് ജനങ്ങളും പ്രതിജ്ഞയെടുക്കണം. സേവനം വൈകിയാൽ പരാതിപ്പെടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താവുന്നതാണ്. ഇവർക്കു മേലെയും വേണം പരാതി പരിഹാര സമിതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.