SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 PM IST

കർഷക രക്ഷയ്ക്ക് നടപടി വേണം

kk

കടക്കെണിയിൽപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ അത്ര വ്യാപകമല്ലെങ്കിലും ഇടയ്ക്കിടെ അതുണ്ടാകുന്നുണ്ട്. കർഷകരുടെ ക്ഷേമത്തിനും ഈ രംഗത്ത് അവരെ ഉറപ്പിച്ചുനിറുത്താനും സർക്കാർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും അവർക്കു നിരത്താൻ പരാതികളേ ഉള്ളൂ. വേനൽമഴയിൽ നെൽകൃഷി നശിച്ചതിനെത്തുടർന്ന് തിരുവല്ല നിരണത്ത് രാജീവൻ എന്ന നാല്പത്തൊമ്പതുകാരൻ പാടവരമ്പത്തെ മരത്തിൽ ഒരു മുഴം കയറിൽ ജീവനൊടുക്കി. ഈ സംഭവം ഒരിക്കൽക്കൂടി സംസ്ഥാനത്തെ കർഷകർ നേരിടുന്ന ദുരവസ്ഥ തുറന്നുകാണിക്കുന്നു. കൃഷി നശിച്ചതു മാത്രമല്ല ഈ ഗൃഹനാഥനെ ആത്മഹത്യയിലേക്കു നയിച്ചത്. പലയിടത്തുനിന്നായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതും കാരണമായിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ വർഷവും കാലം തെറ്റി വന്ന വേനൽമഴ രാജീവന് വലിയ നഷ്ടം വരുത്തിവച്ചിരുന്നു.

നിലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവർക്ക് കൃഷിനാശം സംഭവിച്ചാലുണ്ടാകാവുന്ന നഷ്ടം പലപ്പോഴും താങ്ങാനാവാത്തതാകും. കൃഷി ചെയ്യണമെങ്കിൽ വായ്പാ സഹായം കൂടിയേ തീരൂ. ബാങ്കുകൾ നൽകുന്ന വായ്പ തികയാതെ വന്നാൽ മറ്റു സ്രോതസുകൾ തേടിപ്പോകേണ്ടിവരും. പലിശയും കൂടുതലായിരിക്കും. തിരിച്ചടവ് മുടങ്ങുന്നതോടൊപ്പം കൃഷി കൂടി പിഴച്ചാലുണ്ടാകാവുന്ന സമ്മർദ്ദം വലുതായിരിക്കും. നിരണത്തെ രാജീവൻ എന്ന കർഷകൻ ഈ ഗണത്തിൽപ്പെട്ട ആളായിരുന്നു.

കൃഷിനാശം നേരിടുന്ന കർഷകരെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിള ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നത്. പദ്ധതി ഉണ്ടായതുകൊണ്ടു മാത്രമായില്ലല്ലോ. യഥാർത്ഥ നഷ്ടത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ആനുകൂല്യമായി ലഭിക്കൂ. അത് കിട്ടാൻ പോലും കൃഷി ഓഫീസുകളിൽ എത്രയോ തവണ കയറിയിറങ്ങേണ്ടിവരും. 2018-ലെ മഹാപ്രളയത്തിലുണ്ടായ നഷ്ടത്തിന് ഇതുവരെ ഒരു പൈസയുടെ ആനുകൂല്യം ലഭിക്കാത്ത കർഷകർ ഇവിടെയുണ്ട്. 2018-ലെ പ്രളയത്തെത്തുടർന്ന് പിടിച്ചുനിൽക്കാനാവാതെ സംസ്ഥാനത്ത് 21 കർഷകരാണ് ജീവനൊടുക്കിയത്. കർഷകൻ ആത്മഹത്യ ചെയ്യുമ്പോഴാണ് സർക്കാർ ഉണരാറുള്ളത്. സഹായവാഗ്ദാനങ്ങളും പ്രസ്താവനകളും മരിച്ചയാളുടെ ഗൃഹസന്ദർശനവുമൊക്കെ മുറപോലെ നടക്കും. അന്തരീക്ഷം തണുക്കുമ്പോൾ എല്ലാം പഴയപടിയാവുകയും ചെയ്യും. വിള ഇൻഷ്വറൻസ് പദ്ധതി കാലാനുസൃതമായി പരിഷ്കരിക്കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം ഇക്കുറിയും ഉണ്ടായി. കൃഷിമേഖലയുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ പാഴാകാതിരിക്കട്ടെ.

സംസ്ഥാനത്തെ പാടശേഖരങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി കടുത്ത വേനൽമഴയുടെ ആഘാതം നേരിടേണ്ടിവരുന്നു. കൊയ്യാറായ പാടശേഖരങ്ങൾ കനത്ത മഴയിൽ സർവതും നശിച്ചുനിൽക്കുന്ന ദുരന്തകാഴ്ച കാണേണ്ടിവരുന്നു. കൊയ്തുവച്ച കറ്റകൾ മാറ്റാൻ പോലുമാകാതെ വരമ്പത്തിരുന്നുതന്നെ നശിക്കേണ്ട സ്ഥിതി പലയിടത്തുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയിലെ മഴയിൽ 261കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് സർക്കാർ കണക്ക്. നെൽകൃഷി കഴിഞ്ഞാൽ ഏറ്റവുമധികം നാശമുണ്ടായത് വാഴകൃഷിക്കാണ്. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ അറിയിപ്പ്.

കൃഷി വലിയൊരു ഭാഗ്യപരീക്ഷണമാകാതിരിക്കാൻ സർക്കാരിന്റെ ഇടപെടൽ കൂടുതൽ ശക്തമാവുകതന്നെ വേണം. എല്ലാ ഭക്ഷ്യാവശ്യങ്ങൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന് അവശേഷിച്ച കൃഷിയെങ്കിലും നിലനിറുത്തേണ്ടത് അനിവാര്യമാണ്. അതിനു സഹായകമായ നിലപാടുകളാണ് ഉണ്ടാകേണ്ടത്. വിള ഇൻഷ്വറൻസ് പദ്ധതികൊണ്ട് നഷ്ടം പൂർണമായും ഇല്ലാതാക്കാനാവില്ല. എന്നിരുന്നാലും അത്രയെങ്കിലും കർഷകർക്ക് അത് ആശ്വാസമാകും. മുഴുവൻ കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി ഉണ്ടാകണം. കൃഷിനാശമുണ്ടായാൽ സഹായം വൈകാതിരിക്കാനും ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.