SignIn
Kerala Kaumudi Online
Thursday, 25 April 2024 2.18 PM IST

സമരത്തിനു വേണ്ടിയാകരുത് സമരം

krishnankutty

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുടെ പോക്കിൽ ആശങ്കയും ദുഃഖവും തോന്നാത്തവരായി ആരുമുണ്ടാവില്ല. സംഘടനാ സ്വാതന്ത്ര്യത്തിന്റെ പേരിൽ മാനേജ്‌‌മെന്റുകളെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന കെ.എസ്.ഇ.ബിയും കെ.എസ്.ആർ.ടി.സിയും വ്യത്യസ്ത കാരണങ്ങളാൽ സമരപാതയിലാണ്. സംഘടനാ നേതൃത്വങ്ങളുടെ തന്നിഷ്ടത്തിന് വഴങ്ങിക്കൊടുക്കുക എന്ന പഴയരീതി വിട്ട് സ്ഥാപനത്തിന്റെ നിലനില്പിനും ജനങ്ങൾക്ക് അവശ്യം ലഭിക്കേണ്ട സേവനങ്ങൾക്ക് തടസമുണ്ടാകാതെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും പ്രാധാന്യം നൽകുക എന്നതാണ് സർക്കാരിന്റെ പുതിയ സമീപനം. വൈദ്യുതി ബോർഡിൽ ഉന്നതപദവി വഹിക്കുന്ന എൻജിനിയർമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരമുറകളുടെ നേർക്ക് സർക്കാർ കൈക്കൊണ്ട ഉറച്ച നിലപാട് ഇതിനു മതിയായ തെളിവാണ്.
സമരത്തിനു നേതൃത്വം വഹിക്കുന്നത് ഭരണകക്ഷി യൂണിയനെങ്കിൽ എല്ലാം അവരുടെ ഇച്ഛയ്ക്കൊത്ത് നടക്കുമെന്ന ധാരണ തിരുത്തപ്പെടുകയാണ്. ജീവനക്കാരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയെന്ന യൂണിയനുകളുടെ അവകാശം അംഗീകരിക്കുമ്പോഴും നിസാരവും വ്യക്തിഗതവുമായ താത്പര്യങ്ങൾക്കുവേണ്ടി സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനം തടസപ്പെടുത്തുന്ന സമരത്തോട് ജനങ്ങൾ മുഖംതിരിഞ്ഞു നിൽക്കും. വൈദ്യുതി ബോർഡിൽ കൃത്യവിലോപത്തിന്റെ പേരിൽ നടപടിയുണ്ടാകുന്നത് ആദ്യമൊന്നുമല്ല. ചുമതല കൈമാറാതെ അവധിയിൽ പോയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ സസ്‌പെൻഡ് ചെയ്തതിനെച്ചൊല്ലി ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. സമരം കടുത്തതോടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഐ.എ. എസ് ഓഫീസറുടെ നേരെയായി രോഷം മുഴുവൻ. സമരം ചെയർമാന്റെ മുറിയിൽ വരെ കടന്നെത്തിയതോടെ സംഘടനാ നേതാവിനെ സസ്‌പെൻഡ് ചെയ്തു. ഏറെസ്വാധീനമുള്ള നേതാവ് മുന്നിലുള്ളപ്പോൾ എല്ലാം തങ്ങൾ നിശ്ചയിക്കുന്ന രീതിയിൽ പര്യവസാനിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് സർക്കാരിന്റെ ഉറച്ച നിലപാടിനെത്തുടർന്ന് തകർന്നത്. സസ്പെൻഷനുകൾ പിൻവലിച്ചതിനൊപ്പം നേതാവിനെ ദൂരേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

വൈദ്യുതി ബോർഡിന്റെ യശസ്സിനും വളർച്ചയ്ക്കും അനുഗുണമാകണം യൂണിയനുകളുടെ നിലപാടുകൾ. ഇതിനു വിരുദ്ധമായ നടപടികൾ യൂണിയൻ ഭാഗത്തുനിന്നുണ്ടായതു കൊണ്ടാകുമല്ലോ സമരത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈദ്യുതിമന്ത്രിക്കും ബോർഡ് മാനേജ്‌മെന്റിനും സർക്കാർ പൂർണാധികാരം നൽകിയത്. വളർച്ചയുടെയും വികസനത്തിന്റെയും പുതുവഴികളിലൂടെ നീങ്ങുമ്പോൾ വൈദ്യുതി ബോർഡ് പോലുള്ള തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനം എന്നും നീറിപ്പുകഞ്ഞ് നിൽക്കുന്നത് തെറ്റായ സന്ദേശമാകും നൽകുക. ബോർഡ് ആസ്ഥാനത്തിനു മുമ്പിൽ ആഴ്ചകളായി പ്രക്ഷോഭവും സത്യാഗ്രഹവുമൊക്കെ നടക്കുകയാണ്. ആകർഷകമായ ശമ്പളവും സേവന വ്യവസ്ഥകളുമെല്ലാമുള്ള ബോർഡിൽ എന്തെങ്കിലും പുതിയ ആനുകൂല്യങ്ങൾക്കു വേണ്ടിയല്ല ഈ സമര വേലിയേറ്റം.

കെ.എസ്.ഇ.ബി ഇപ്പോൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന ചെയർമാന്റെ അവകാശവാദം അംഗീകരിക്കാൻ യൂണിയനുകൾ തയ്യാറാകുന്നില്ല. ചെയർമാനോടുള്ള അരിശം തീരാതെ വകുപ്പുമന്ത്രിയെ അപഹസിക്കുന്നിടത്തോളം വളർന്നിരിക്കുന്നു കാര്യങ്ങൾ. സമരത്തിനാധാരമായ പ്രശ്നങ്ങളെക്കുറിച്ച് മന്ത്രിതല ചർച്ച അടുത്തയാഴ്ച ആദ്യം ഉണ്ടാകുമെന്നാണു സൂചന. സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സ്വേച്ഛാപരമായ സമീപനങ്ങൾക്കെതിരെ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുവരെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ദേശീയ പണിമുടക്കിന്റെ പേരിൽ സംസ്ഥാനം രണ്ടുദിവസം തുടർച്ചയായി സ്തംഭിപ്പിച്ചതിന്റെ ഫലമായി വ്യവസായ - വാണിജ്യ മേഖലകൾക്ക് 4400 കോടി രൂപയുടെ നഷ്ടം നേരിട്ടതായി അവരുടെ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊക്കെ സംസ്ഥാനത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കില്ല. പുതിയ നിക്ഷേപങ്ങൾക്കായി വെമ്പൽകൊള്ളുന്ന സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് ചൂണ്ടിക്കാണിക്കാൻ പറ്റിയ ഉദാഹരണവുമല്ല ഇതൊക്കെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.