SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 AM IST

നാണം കെടുത്തുന്ന സർവകലാശാലകൾ

photo

പരീക്ഷകളുമായി ബന്ധപ്പെട്ട് നമ്മുടെ സർവകലാശാലകൾ കാണിക്കുന്ന വികൃതികൾ സംസ്ഥാനത്ത് ഒരൊറ്റ സർവകലാശാല ഉണ്ടായ കാലം മുതലേ സാധാരണമായിരുന്നു. സർവകലാശാലകൾ പലതു വരികയും വർഷത്തിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസവും ഏതെങ്കിലുമൊക്കെ പരീക്ഷ നടക്കുകയും ചെയ്യുന്ന ഇക്കാലത്ത് പരീക്ഷകളിലെ ക്രമക്കേടുകളും പരീക്ഷാ നടത്തിപ്പിലെ പാളിച്ചകളും സർവസാധാരണമായിക്കഴിഞ്ഞു. എന്നാൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഒന്നിനു പിറകേ ഒന്നായി പരീക്ഷാ വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. വടക്ക് കണ്ണൂർ സർവകലാശാല മുതൽ തെക്ക് കേരള സർവകലാശാല വരെ മത്സരിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്.

മുൻവർഷത്തെ ചോദ്യപേപ്പർ തന്നെ ഇപ്പോഴത്തെ പരീക്ഷയ്‌ക്കും ആവർത്തിച്ച് കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാലകൾ ഒരേ സമയം ജനശ്രദ്ധ നേടിയിരിക്കുകയാണ്. ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക വിദ്യാർത്ഥിക്കു നൽകി പരീക്ഷ നടത്താൻ ശ്രമിച്ച കേരള യൂണിവേഴ്സിറ്റി ആ ഇനത്തിലും പുതുമ സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ കണ്ടുംകേട്ടും സഹികെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളോട് വിശദീകരണം തേടിയിരിക്കുകയാണ്. ചാൻസലറായ ഗവർണർക്ക് അതല്ലേ ചെയ്യാനാവൂ. ഗവർണർ സർവകലാശാലകളുടെ ചാൻസലർ സ്ഥാനം വഹിക്കുന്നതിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ എതിർപ്പും വിമർശനവും ശക്തിപ്പെടുന്നതിനിടയിലാണ് ഗവർണറുടെ ഇടപെടൽ എന്നതുകൊണ്ടുതന്നെ എന്തെങ്കിലും നടപടി ഉണ്ടാകാൻ സാദ്ധ്യത കുറവാണ്.

രാജ്യവ്യാപകമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ പല പരിഷ്കാരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ സർവകലാശാലകളും അതിന്റെ ഭാഗമാകേണ്ടതാണ്. എന്നാൽ പരീക്ഷകൾ നേരെ ചൊവ്വേ നടത്താനറിയാത്ത അവർ ഈ വിദ്യാഭ്യാസ വിപ്ളവത്തിൽ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് പുതിയ പാതകളൊരുക്കാൻ പോകുന്നതെന്ന് സന്ദേഹത്തോടെയാണു കാണേണ്ടത്. കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറിൽ നിന്ന് അറുപതു ശതമാനം ചോദ്യങ്ങൾ അതേപടി ആവർത്തിക്കുകയായിരുന്നു. കേരള സർവകലാശാലയുടെ ബി.എ ഇംഗ്ളീഷ് അവസാന സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനമുണ്ടായത്. കണ്ണൂരിൽ രണ്ടു പരീക്ഷകളാണ് ചോദ്യപേപ്പറിലെ ആവർത്തനം കാരണം റദ്ദാക്കേണ്ടിവന്നത്. കാലിക്കറ്റ് സർവകലാശാലയിലും ബിരുദ രണ്ടാം സെമസ്റ്റർ പരീക്ഷ സമാന സാഹചര്യത്തിൽ മാറ്റിവയ്ക്കേണ്ടിവന്നു.

നാലു സർവകലാശാലകളിലും ചോദ്യക്കടലാസുകളിൽ ആവർത്തനങ്ങൾ വന്നെങ്കിൽ അതിനു കാരണം ചുമതലപ്പെട്ടവരുടെ വീഴ്ച തന്നെയാണ്. എത്ര ലാഘവത്തോടെയാണു അവർ പരീക്ഷാജോലികളിൽ ഏർപ്പെടുന്നതെന്ന് ഇതിൽനിന്നു ബോദ്ധ്യമാകും. കുട്ടികളോട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ തീർത്തും അലക്ഷ്യമായി പരീക്ഷാവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരെ താത്‌കാലികമായി അത്തരം ചുമതലകളിൽനിന്നു മാറ്റിനിറുത്തിയതു കൊണ്ട് ഫലമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ഈ രംഗത്തുള്ള മറ്റുള്ളവർക്കു കൂടി മാതൃകയാകത്തക്ക വിധം ശിക്ഷാനടപടികളെടുത്താലേ കാര്യങ്ങൾ നേരെയാവൂ. സർവകലാശാലകളുടെ പരീക്ഷാവിഭാഗത്തിൽ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചപോലും അനേകം കുട്ടികളെ ദോഷകരമായി ബാധിക്കും. അധികൃത വീഴ്ച മൂലം വീണ്ടും പരീക്ഷ നടത്തേണ്ടിവരുന്നതിലുണ്ടാകുന്ന അധികച്ചെലവും മറ്റു പ്രയാസങ്ങളും തീരെ നിസാരമല്ല. ചോദ്യക്കടലാസ് തയ്യാറാക്കുന്നതു മുതൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം വരെയുള്ള വിവിധ ഘട്ടങ്ങൾ തികഞ്ഞ ഗൗരവത്തിലും അവധാനതയോടെയും ചെയ്യേണ്ട കാര്യങ്ങളാണ്. അതിലുണ്ടാകുന്ന പിഴവുകൾ പരീക്ഷാ സംവിധാനത്തെത്തന്നെയാണ് തകർക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.