SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 AM IST

വരട്ടെ, പുതിയ മെഡിക്കൽ കോളേജുകൾ

photo

യുദ്ധപശ്ചാത്തലത്തിൽ യുക്രെയിനിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ധാരാളം മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലേക്കു മടങ്ങിവന്നപ്പോഴാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ മുരടിപ്പ് ബോദ്ധ്യപ്പെട്ടത്. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ സർക്കാർ കുറച്ചുകാലമായി മുന്നോട്ടുവരുന്നില്ല. ഉള്ളത് നേരെ നയിക്കാൻ കഴിയാത്തതാകാം കാരണം.

മെഡിക്കൽ സീറ്റ് തരപ്പെടുത്താൻ കുട്ടികളും രക്ഷാകർത്താക്കളും നെട്ടോട്ടമോടുകയാണ്. സംസ്ഥാനത്ത് എം.ബി.ബി.എസിന് 4100 സീറ്റുകൾ മാത്രമാണുള്ളത്. അതിന്റെ എത്രയോ മടങ്ങുണ്ട് ആവശ്യക്കാർ. കാശുള്ളവർ അന്യസംസ്ഥാനങ്ങളിൽ സീറ്റ് വാങ്ങുമായിരുന്നു. എന്നാൽ ഏകീകൃത പ്രവേശനപരീക്ഷ വന്നതോടെ തലവര വാങ്ങിയുള്ള പ്രവേശനം ഇല്ലാതായി. ഉയർന്ന ഫീസ് നൽകാനാവാതെ പിൻവാങ്ങുന്ന ഒഴിവുകളിൽ കയറിപ്പറ്റാൻ ഇപ്പോഴും പഴുതുകളുണ്ട്. ദുർവഹമായ ഫീസ് നൽകണമെന്നുമാത്രം. മാർഗമില്ലാത്തവർ വിദേശ സർവകലാശാലകൾ തേടിപോകും. ഇന്ത്യൻ വിദ്യാർത്ഥികൾ ചൈന, യുക്രെയിൻ, ഉസ്‌ബകിസ്ഥാൻ,ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിൽ മെഡിസിൻ പഠിക്കാൻ പോകാൻ തുടങ്ങിയതിന്റെ പശ്ചാത്തലമിതാണ്.

ആദ്യമൊക്കെ 25 ഏക്കറെങ്കിലും ഉണ്ടെങ്കിലേ പുതിയ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ അനുമതി നൽകുമായിരുന്നുള്ളൂ. പിന്നീട് പത്തേക്കർ മതിയെന്നായി. ഇപ്പോഴിതാ അഞ്ചേക്കർ ഭൂമിയിലും മെഡിക്കൽകോളേജ് സ്ഥാപിക്കാമെന്ന നിലയിലേക്ക് മെഡിക്കൽ കൗൺസിൽ ഇറങ്ങിവന്നിരിക്കുന്നു.

മെഡിക്കൽ കോഴ്‌സിന് ആഗ്രഹമുള്ള കുട്ടികളുടെ ആധിക്യം പരിഗണിക്കുമ്പോൾ കോളേജ് തുടങ്ങാനുള്ള നിബന്ധനകളിലെ പുതിയ ഇളവുകൾ കേരളത്തിന് സഹായകമാകുമെന്നു തീർച്ച. ഈ അവസരം പ്രയോജനപ്പെടുത്താൻ സ്വാശ്രയമേഖല മുന്നോട്ടുവരണം. സർക്കാരും മാറിനിൽക്കേണ്ട കാര്യമില്ല. ഞങ്ങൾ ഈ വിഷയം ഈ പംക്തിയിൽ എഴുതിയിരുന്നതാണ്. സംസ്ഥാനത്ത് സർക്കാരിന്റേതുൾപ്പെടെ നിരവധി മെഡിക്കൽ കോളേജുകൾക്കു സാദ്ധ്യതയുണ്ട്.

സ്വാശ്രയ മെഡിക്കൽ കോളേജുകളെ കണ്ണടച്ച് എതിർത്തിരുന്നവർ പോലും ഇന്ന് കുട്ടികൾക്ക് അവിടെ സീറ്റ് തരപ്പെടുത്താൻ ഓടിനടക്കുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് തുടങ്ങാൻ മുന്നോട്ടുവരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരമാവധി സഹായ സഹകരണം നൽകുക എന്നതായിരിക്കണം സർക്കാരിന്റെ സമീപനം. ഇങ്ങനെ ആരംഭിക്കുന്ന കോളേജുകൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും ചുമതലയാണ്. ഫീസ് നിർണയച്ചുമതല ഇപ്പോഴും സർക്കാരിൽ നിക്ഷിപ്തമായതിനാൽ ഒരു സ്ഥാപനത്തിനും തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാനാവില്ല. പ്രവേശനകാര്യത്തിലും മെഡിക്കൽ കൗൺസിലിന്റെ ശക്തമായ മാർഗനിർദ്ദേശമുള്ളതിനാൽ തിരിമറികൾക്കും ക്രമക്കേടിനും സാദ്ധ്യത നന്നേകുറവാണ്.

പുതിയ മെഡിക്കൽ കോളേജുകൾ അനിവാര്യമാണെന്ന് ബോദ്ധ്യമായതുകൊണ്ടാകാം അപേക്ഷ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യസർവകലാശാല. സംസ്ഥാന സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതിയുണ്ടെങ്കിലേ പുതിയ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ അനുവാദം നൽകൂ. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ വലിയ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. വേണ്ടത്ര പശ്ചാത്തല സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് ഈ രംഗത്തേക്കു കടന്നുവരാം. സർക്കാർ അതിനു സഹായങ്ങൾ നൽകണം. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പകുതി സീറ്റുകളിൽ സർക്കാർ കോളേജിലെ ഫീസേ ഈടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ സാധാരണക്കാരുടെ മക്കൾക്കും പുതിയ മെഡിക്കൽ കോളേജുകൾ ഏറെ ഗുണകരമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.