SignIn
Kerala Kaumudi Online
Saturday, 20 April 2024 12.32 AM IST

നിയമ വീഥിയിലെ സൗമ്യമുഖം

kk

നിയമകാര്യങ്ങളിൽ അഗാധമായ അറിവും ഉന്നത നീതിബോധവും പുലർത്തിയ പ്രഗത്ഭനായ നിയമജ്ഞനെയാണ് സി.പി.സുധാകരപ്രസാദിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സർക്കാരിന്റെ അഭിഭാഷകനായിരിക്കുമ്പോൾത്തന്നെ നിയമോപദേശങ്ങൾ നൽകുന്നതിൽ പക്ഷപാതമോ, രാഷ്ട്രീയവീക്ഷണമോ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ അഭിപ്രായങ്ങൾ വിശ്വസനീയവുമായിരുന്നു. ഏത് കേസിലായാലും പ്രതിപക്ഷബഹുമാനത്തോടെ മാത്രമേ പെരുമാറിയിരുന്നുള്ളൂ. കോടതിയുടെ ചിട്ടവട്ടങ്ങളും അന്തസ്സും പാലിക്കുന്നതിൽ എപ്പോഴും ജാഗ്രത പാലിച്ചിരുന്നു.

വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006 മുതൽ 2011 വരെയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016 മുതൽ 2021വരെയും അദ്ദേഹം അഡ്വക്കേറ്റ് ജനറലായിരുന്നു. ഈ പത്തുവർഷവും വിവാദങ്ങളിലൊന്നും പെടാതെ തികച്ചും മാന്യമായിട്ടാണ് തന്റെ സേവനം അദ്ദേഹം നിർവഹിച്ചത്. ഇടതുപക്ഷ സഹയാത്രികൻ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഏവർക്കും സ്വീകാര്യമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സൗമ്യമായ പെരുമാറ്റവും ആകർഷകമായ സംഭാഷണവും സുധാകരപ്രസാദിന്റെ പ്രത്യേകതയായിരുന്നു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ സംസ്ഥാനപ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ മുന്നോട്ടു നയിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്കും വഹിച്ചു.

സർവീസ് , ഭരണഘടനാ നിയമങ്ങളിലും ക്രിമിനൽ നിയമത്തിലും അതീവ പ്രാവീണ്യം പ്രകടമാക്കിയിരുന്നു. സർവീസ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ അതികായനെന്നു പറയാവുന്ന അപൂർവം അഭിഭാഷകരിൽ ഒരാളായിരുന്നു സുധാകരപ്രസാദ്. വി.എസ്.സർക്കാരിന്റെ കാലത്ത് സ്മാർട്ട്സിറ്റി, എച്ച്.എം.ടി ,ഗോൾഫ് ക്ളബ്ബ് ഏറ്റെടുക്കൽ തുടങ്ങിയ നിർണായക കേസുകളിൽ എ.ജി എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിൽ എസ്.എൻ.സി ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകരുതെന്ന അദ്ദേഹത്തിന്റെ നിയമോപദേശം പിൽക്കാലത്ത് ശരിയാണെന്ന് തെളിഞ്ഞത് എടുത്തുപറയേണ്ടതാണ് .

ശ്രീനാരായണഗുരുദേവനെ ചികിത്സിച്ച പാരമ്പര്യമുള്ള തിരവനന്തപുരം വർക്കലയിലെ ചാവർകോട് മഹാവൈദ്യന്മാരുടെ തറവാട്ടിലാണ് സുധാകരപ്രസാദ് ജനിച്ചത്. തിരുവനന്തപുരം ലാ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 1964 നവംബറിൽ എൻറോൾ ചെയ്ത് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. കൊല്ലത്ത് അഡ്വ. സി.വി. പരമേശ്വരൻ പിള്ളയുടെ ജൂനിയറായി സിവിൽ കേസുകളിലും പ്രമുഖ രാഷ്ട്രീയ നേതാവും മുൻമന്ത്രിയുമായ അഡ്വ.സി.വി.പദ്മരാജന്റെ ജൂനിയറായി ക്രിമിനൽ കേസുകളിലും പ്രാക്ടീസ് ചെയ്തു. പിന്നീട് കേരള ഹൈക്കോടതിയിൽ പി.സുബ്രഹ്മണ്യം പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതി ജഡ്ജിയായതോടെ മുൻ അഡ്വക്കേറ്റ് ജനറൽ കെ.സുധാകരനൊപ്പം അഭിഭാഷകനായി. തൊണ്ണൂറുകളുടെ ഒടുവിൽ സീനിയർ അഭിഭാഷകനായി.

കേസുകൾ നന്നായി പഠിച്ചേ അദ്ദേഹം കോടതിയിൽ ഹാജരാകുമായിരുന്നുള്ളൂ. സുധാകരപ്രസാദിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യാൻ അഭിഭാഷകർ താത്‌പര്യം കാണിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയുടെ മികവ് കാരണമായിരുന്നു. അങ്ങനെ വന്ന ശിഷ്യഗണങ്ങളിൽ ഹൈക്കോടതി ജഡ്ജിമാരായവരുമുണ്ട്.

എന്നും കേരളകൗമുദിയുടെ അഭ്യുദയകാംക്ഷിയും ആത്മമിത്രവുമായിരുന്നു സുധാകരപ്രസാദ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ ഞങ്ങൾ പങ്കുചേരുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.