SignIn
Kerala Kaumudi Online
Saturday, 20 April 2024 3.57 AM IST

നിയമങ്ങൾ മനുഷ്യന് വേണ്ടിയാകുമ്പോൾ

photo

എത്ര കാർക്കശ്യമുള്ള നിയമമായാലും ആത്യന്തികമായി മനുഷ്യനു വേണ്ടിയുള്ളതാണെന്ന ബോധം ഭരണകർത്താക്കൾക്ക് ഉണ്ടാകുമ്പോഴാണ് ഏതു നിയമവും ജനങ്ങളോടു ചേർന്നുനിൽക്കുന്നത്. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട മികച്ച രണ്ടു തീരുമാനങ്ങൾ നിയമത്തിന്റെ ഉൽകൃഷ്ടത ബോദ്ധ്യപ്പെടുത്തുന്നു.

വനമേഖലകളോട് അടുത്തു താമസിക്കുന്ന കുടുംബങ്ങൾ മരണഭീതിയോടെ കാണുന്ന കാട്ടുപന്നിശല്യം കുറെനാളായി ആ പ്രദേശത്തുള്ളവരുടെ സ്വൈര്യം കെടുത്തുകയാണ്. ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ഔദ്യോഗികമായി വിവാഹ രജിസ്ട്രേഷൻ നടത്താതെ മരണപ്പെട്ടതിന്റെ പേരിൽ മാതാപിതാക്കളുടെ ഏക അവകാശിക്ക് ആശ്രിതപെൻഷൻ നിഷേധിക്കപ്പെട്ട സംഭവത്തിൽ വിവാഹ രജിസ്ട്രേഷൻ നിയമം ഇളവുചെയ്തുകൊണ്ട് രജിസ്ട്രേഷന് അനുമതി നൽകിയ തീരുമാനമാണ് ശ്ളാഘിക്കപ്പെടേണ്ട മറ്റൊരു ഭരണനടപടി.

വനാതിർത്തികളോടു ചേർന്നുള്ള തദ്ദേശസ്ഥാപനങ്ങൾക്കു മാത്രമായി കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം പരിമിതപ്പെടുത്തണമെന്ന വാദം മന്ത്രിസഭയിൽ ഉയർന്നുവന്നതാണ്. ചർച്ചകളിൽ ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചില്ല. കാട്ടുപന്നികളെ ക്ഷുദ്ര‌ജീവിയായി പ്രഖ്യാപിച്ച് നടപടിയെടുക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. വനാതിർത്തി പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമായിരിക്കുകയാണ്.

ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നൽകുന്ന അധികാരം വിവേചനപൂർവം വിനിയോഗിക്കണം. കാട്ടുപന്നികളുടെ മറവിൽ മറ്റു മൃഗങ്ങൾക്കും മനുഷ്യർക്ക് തന്നെയും അപകടകരമാകാതിരിക്കാനുള്ള കരുതലും വേണം.

അൻപത്തിമൂന്നു വർഷത്തിനു മുൻപ് വിവാഹിതരായ ദമ്പതികളുടെ മകന്റെ ആശ്രിത പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് രജിസ്ട്രേഷൻ വകുപ്പുമന്ത്രി എം.വി. ഗോവിന്ദന്റെ മനുഷ്യോചിതമായ ഇടപെടലുണ്ടായതും നിയമം ഇളവുചെയ്തും പഴയ വിവാഹം രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയതും. പാലക്കാട് ശേഖരീപുരം സ്വദേശികളായ ഭാസ്‌കരൻനായരും കമലവും തമ്മിലുള്ള വിവാഹം നിയമാനുസൃതം രജിസ്റ്റർ ചെയ്തിരുന്നില്ല. പട്ടാളക്കാരനായിരുന്ന ഭാസ്കരൻനായർ ഏഴുവർഷം മുൻപ് മരണമടഞ്ഞു. ഭാര്യ 1998-ൽ മരണപ്പെട്ടിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ജീവിക്കാൻ വഴിയില്ലാതായ ഏക മകൻ പിതാവിന്റെ ആശ്രിത പെൻഷനുവേണ്ടി അധികൃതരെ സമീപിച്ചപ്പോഴാണ് അവരുടെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. വിവാഹം നടന്ന കാലത്ത് രജിസ്ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ അതിനു തുനിഞ്ഞില്ല. ദമ്പതികളിലൊരാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ പൂർവകാല പ്രാബല്യത്തോടെ രജിസ്ട്രേഷൻ എടുക്കാൻ വകുപ്പുണ്ടെങ്കിലും ഇരുവരും മരണപ്പെട്ട സാഹചര്യത്തിൽ നിയമം അത് അനുവദിക്കുന്നില്ല. ഭിന്നശേഷിക്കാരനും വരുമാനമില്ലാത്തയാളുമായ മകന്റെ അപേക്ഷ മനുഷ്യത്വപരമായി കാണാൻ മന്ത്രി ഗോവിന്ദൻ തയ്യാറായി. അങ്ങനെയാണ് നിയമം ഇളവുചെയ്ത് ഭാസ്‌കരൻനായർ - കമല ദമ്പതികളുടെ വിവാഹ രജിസ്ട്രേഷന് അനുമതിയായത്. ഈ വിവാഹസർട്ടിഫിക്കറ്റ് ഹാജരാക്കി മകന് ഇനി ആശ്രിതപെൻഷൻ അവകാശപ്പെടാം. സാധാരണഗതിയിൽ ഇത്തരം അപേക്ഷകൾ ഏതു സർക്കാർ വകുപ്പിലും നിരാകരിക്കപ്പെടാറാണു പതിവ്. ശേഖരീപുരത്തെ ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ അൻപത്തിമൂന്നു വർഷത്തിനുശേഷം ഇരുവരുടെയും മരണശേഷവും നടത്തിക്കൊടുക്കാൻ സന്മനസു കാണിച്ച മന്ത്രി എം.വി. ഗോവിന്ദൻ ഉദാത്തമായ മനുഷ്യസ്നേഹമാണ് വെളിപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.