SignIn
Kerala Kaumudi Online
Saturday, 20 April 2024 7.45 AM IST

അഭിമാനകരം ഈ വിജയം

uma-udf

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസിന്റെ അതിഗംഭീര വിജയം എൽ.ഡി.എഫ് നേതൃത്വത്തിലും അണികൾക്കിടയിലും അമ്പരപ്പും അവിശ്വസനീയതയും സൃഷ്ടിച്ചതിൽ അത്ഭുതമൊന്നുമില്ല. കാരണം ഇങ്ങനെയൊരു പരാജയം അവർ പ്രതീക്ഷിച്ചതല്ല. നിയമസഭയിൽ 140 സീറ്റിൽ 99 സീറ്റു നേടി ഏറ്റവും സുരക്ഷിതമായി രണ്ടാമൂഴം തുടരുന്ന പിണറായി സർക്കാരിന് തൃക്കാക്കരയിലെ വിജയം നൂറിന്റെ നിറവിലെത്താമെന്നതിനപ്പുറം അത്ര നിർണായകമായിരുന്നില്ല. കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ വേർപാടിനെത്തുടർന്ന് ഒഴിവുവന്ന തൃക്കാക്കര സീറ്റ് നിലനിറുത്തുക യു.ഡി.എഫിന് വളരെയധികം നിർണായകവുമായിരുന്നു. ആ ദൗത്യത്തിൽ അവർ അത്യുജ്ജ്വല വിജയം നേടിയെന്നു മാത്രമല്ല എഴുതിത്തള്ളേണ്ടവരല്ല തങ്ങളെന്ന് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തു.

വിവാദങ്ങൾക്ക് അതീതനും പാർട്ടി ഭേദമെന്യേ ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനുമായിരുന്നു പി.ടി.തോമസ്. അദ്ദേഹത്തിന്റെ സഹധർമ്മിണി ഉമാതോമസ് തൃക്കാക്കരയിൽ കാഴ്ചവച്ച റെക്കാഡ് വിജയം സമാനതകളില്ലാത്തതാണെന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. കേവലം സഹതാപതരംഗത്തിന്റെ ചിറകിലേറിയാണ് യു.ഡി.എഫ് ഈ നേട്ടമുണ്ടാക്കിയതെന്ന് ആർക്കും പറയാനാവില്ല. ഏതു നിലയിൽ നോക്കിയാലും യു.ഡി.എഫിന്റെ വലിയൊരു രാഷ്ട്രീയവിജയം തന്നെയാണിത്. മണ്ഡലം യു.ഡി.എഫിനു ഏറെ മുൻതൂക്കമുള്ളതാണെന്നു പറയാമെങ്കിലും അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ സകല അനുകൂല സൗകര്യങ്ങളും എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ തുണയ്ക്കാൻ ഒപ്പമുണ്ടായിരുന്നു. ഭരണയന്ത്രം ഒന്നാകെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ സഹായത്തിനെത്തിയിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ഇത്രയേറെ നേതാക്കൾ ഒരേസമയം പ്രചാരണത്തിനിറങ്ങിയ ഒരു തിരഞ്ഞെടുപ്പ് കേരളം ആദ്യമായാണ് കാണുന്നത്.

ഉമാ തോമസിന്റെ 25016 വോട്ടിന്റെ ഭൂരിപക്ഷം തിരഞ്ഞെടുപ്പു പണ്ഡിതരെപ്പോലും അത്ഭുതപരതന്ത്രരാക്കുന്നു. വോട്ടെണ്ണലിന്റെ തലേന്നു പോലും രാഷ്ട്രീയവൃത്തങ്ങളിൽ നിലനിന്നത് തികഞ്ഞ ആശങ്കകളാണ്. വോട്ടിംഗ് ശതമാനം പ്രതീക്ഷപോലെ ഉയരാതിരുന്നതിന്റെ അങ്കലാപ്പ് ഇരുപക്ഷത്തും പ്രകടമായിരുന്നു. വോട്ടർമാരുടെ യഥാർത്ഥ മനസളക്കാൻ സ്ഥിരം ഫലപ്രവചന വിദഗ്ദ്ധർക്കു പോലും കഴിഞ്ഞില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. അന്തരിച്ച നേതാവിനോടുള്ള സ്നേഹാദരങ്ങളോ നവാഗതയായി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിന്റെ പത്നിയോടുള്ള സ്നേഹവായ്‌പോ എൽ.ഡി.എഫ് സർക്കാരിന്റെ ചില ഭരണനടപടികളോടുള്ള നിശബ്ദ പ്രതിഷേധമോ ഒക്കെയാവാം വോട്ടർമാരുടെ മനസിനെ സ്വാധീനിച്ചിരിക്കുക. വോട്ടെണ്ണൽ മൂന്നു റൗണ്ട് കഴിഞ്ഞപ്പോൾത്തന്നെ സി.പി.എം ജില്ലാ നേതൃത്വം പരാജയം സമ്മതിച്ച് പരസ്യപ്രതികരണത്തിനു തയാറായത് അപൂർവകാഴ്ചയായി. അപ്പോൾത്തന്നെ ഉമാതോമസ് ഒൻപതിനായിരത്തിലേറെ ലീഡ് നേടി മുന്നേറുന്നുണ്ടായിരുന്നു. ഒരിക്കൽപ്പോലും ഈ ലീഡ് മറികടക്കാനോ അടുത്തെങ്ങും എത്താനോ പോലും എതിരാളിക്കു കഴിഞ്ഞില്ല. എല്ലാ അർത്ഥത്തിലും ആധികാരികവും സുവ്യക്തവുമായ വിജയമാണ് രാഷ്ട്രീയത്തിലെ ഈ കന്നിക്കാരി കോൺഗ്രസിനും യു.ഡി.എഫിനും സമ്മാനിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ പതിവിൽനിന്നു വ്യത്യസ്തമായി യു.ഡി.എഫ് കാണിച്ച ഔചിത്യവും ഗതിവേഗവും ആദ്യഘട്ടത്തിൽ തന്നെ എതിരാളികളെ നിഷ്‌പ്രഭരാക്കാൻ പോന്നതായിരുന്നു. ഇലക്‌ഷൻ കമ്മിഷൻ വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം ഉമാ തോമസായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം പുറത്തുവന്നു. ചിട്ടയോടു കൂടിയ പ്രചാരണം അന്നുമുതൽ തന്നെ തുടങ്ങാനും കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ എൽ.ഡി.എഫ് കാണിച്ച പിഴവ് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ജില്ലാനേതൃത്വം കണ്ടെത്തിയ ആളെ പിൻവലിച്ചാണ് ഡോ. ജോ ജോസഫിന് ടിക്കറ്റ് നൽകിയത്. കുറെ വിവാദങ്ങൾക്കും അതിടയാക്കി. പക്ഷേ ഇതൊന്നും ഉമാതോമസിന്റെ അഭൂതപൂർവമായ വിജയത്തെ കണക്കറ്റു സഹായിച്ചെന്നു പറയാനാകില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അഭിമാനപൂർവം തന്നെ യു.ഡി.എഫിന് ഉയർത്തിക്കാട്ടാനാവുന്ന വിജയം തന്നെയാണിത്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വോട്ടുകച്ചവടം, വോട്ടുമറിപ്പ് തുടങ്ങി സാധാരണ ഉയരാറുള്ള ആക്ഷേപങ്ങൾ തൃക്കാക്കരയിൽ നിന്ന് ഇതുവരെ കേട്ടില്ല. യു.ഡി.എഫ് തൃക്കാക്കരയിൽ മുൻകാലത്തു നേടിയിട്ടുള്ള ഭൂരിപക്ഷത്തെ കവച്ചുവച്ച വിജയമാണ് ഉമാതോമസ് കാഴ്ചവച്ചിട്ടുള്ളത്. പ്രചാരണത്തിനു നേതൃത്വം വഹിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറ്റു യു.ഡി.എഫ് നേതാക്കൾക്കും ആഹ്ളാദവും ഒപ്പം ആശ്വാസവും നൽകുന്ന വിജയമാണിത്.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപനം കഴിഞ്ഞയുടൻ പുറത്തുവന്ന തൃക്കാക്കര തിരഞ്ഞെടുപ്പുഫലം സർക്കാരിനെതിരായ വിധിയെഴുത്തായി വിശേഷിപ്പിക്കുന്നത് മൗഢ്യമാകും. രാഷ്ട്രീയമായ ഈ വിധി സർക്കാരിനു കുറച്ചു ക്ഷീണമാണെന്നു സമ്മതിക്കേണ്ടിവരും. യു.ഡി.എഫിന്റെ കൈവശമിരുന്ന സീറ്റ് അവർ നിലനിറുത്തിയെന്നു സമാധാനിക്കുകയുമാകാം. അതേസമയം വോട്ടർമാരിൽ നിന്നുണ്ടായ പ്രതികൂല പ്രതികരണം സർക്കാർ കാണാതെ പോകയുമരുത്. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ വെറുപ്പിച്ചുകൊണ്ടുള്ള ഏതു നടപടിയും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കും. തൃക്കാക്കര തിരഞ്ഞെടുപ്പ് സർക്കാരിന്റെ കെ - റെയിൽ പദ്ധതിയുടെ ഉരകല്ലായിരിക്കുമെന്ന് പ്രതിപക്ഷം വാദമുയർത്തിയിരുന്നു. തൃക്കാക്കരയും അതിവേഗ റെയിലും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും കാമ്പുള്ള ഒരു പ്രചാരണ വിഷയമായി അത് ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കി നടപ്പാക്കുമ്പോഴാണ് അത് കൂടുതൽ ജനകീയമാകുന്നത്.

അതേസമയം എൽ.ഡി.എഫിന് തോൽവി ഉണ്ടായെങ്കിലും വോട്ടുനിലയിൽ വലിയ നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണു കണക്കുകൾ കാണിക്കുന്നത്. പതിവുപോലെ ജനകീയാടിത്തറ കൂടുതൽ നഷ്ടമായത് ബി.ജെ.പിക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 15483 വോട്ടിൽ നിന്ന് ഏറെ താഴെയാണ് ഇപ്പോഴത്തെ നില. ഒരേവിഷയത്തിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്ന പൊലീസിന്റെ നിലപാടും വിമ‌‌‌ർശനാത്മകമായാണ് ജനങ്ങൾ വിലയിരുത്തിയത്. ആദ്യനാളുകളിലെല്ലാം തികഞ്ഞ സംയമനവും മാന്യതയും പുലർത്തിയ പ്രചാരണം അവസാനമായപ്പോഴേക്കും വഴിമാറി അഴുക്കിലൂടെ പോയത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കു മേൽ കരിനിഴൽ വീഴ്‌ത്തി. വൃത്തികെട്ട വ്യക്തിഹത്യയിലേക്കു വരെ അത് ചെന്നെത്തുകയും ചെയ്തു. കേസും അറസ്റ്റുമെല്ലാം ഉണ്ടായെങ്കിലും മുളയിലേ നുള്ളേണ്ട ദുഷ്‌‌പ്രവണതയാണിത്. ചുരുക്കിപ്പറഞ്ഞാൽ ഇരുമുന്നണികൾക്കും മെച്ചപ്പെടാനും തിരുത്താനുമുള്ള പാഠങ്ങൾ പകർന്ന ഫലമാണ് തൃക്കാക്കരയിലേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.