SignIn
Kerala Kaumudi Online
Saturday, 20 April 2024 4.03 AM IST

പ്രവാചക നിന്ദയും നടപടിയും

kk

ഓരോ വ്യക്തിക്കും സ്വന്തം മതം വിലപ്പെട്ടതാണ്. മറ്റു മതസ്ഥർ അതിൽ കുറ്റവും കുറവും കണ്ടെത്തി വിമർശിക്കുന്നത് ഒരിക്കലും ആശ്വാസകരമല്ല. എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണ്. സ്നേഹവും ശാന്തിയുമാണ് എല്ലാ മതങ്ങളുടെയും അന്തഃസത്ത. ഓരോ മതത്തിന്റെയും വിശ്വാസത്തെ സമഗ്രതയിൽ വിലയിരുത്തിയാൽ മാത്രമേ അതിന്റെ പൂർണത ഉൾക്കൊള്ളാൻ കഴിയൂ. എന്നാൽ ചില പ്രത്യേക പ്രമാണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും മാത്രം അടർത്തിയെടുത്ത് വിമർശിക്കാനുള്ള പ്രവണത മതാന്ധത പുലർത്തുന്നവർ പിന്തുടരുന്ന ഏറ്റവും തെറ്റായ രീതിയാണ്. അന്ധർ ആനയെ സ്പർശിച്ച് മനസിലാക്കുന്നതുപോലെയാണ് ഇതെന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആനയുടെ ചെവി മാത്രം പരതി നോക്കുന്നയാൾക്ക് ആന പരന്ന ജീവിയാണെന്ന് തോന്നാം. കാലുകൾ മാത്രം പിടിച്ച് നോക്കുന്നയാൾക്ക് ആന തൂണുപോലിരിക്കും. എന്നാൽ ഇതു രണ്ടുമല്ല ആന. സമഗ്രമായി ആനയെക്കണ്ട് മനസിലാക്കിയാൽ മാത്രമേ ആനയുടെ രൂപം മനസിലാക്കാനാവൂ. ഇതിന് ശ്രമിക്കാതെ തങ്ങൾ മനസിലാക്കുന്ന രീതിയിൽ മാത്രം മറ്റ് മതങ്ങളെ വ്യാഖ്യാനിക്കാനും വിമർശിക്കാനും അപഹസിക്കാനും മറ്റും ശ്രമിച്ചതാണ് ലോക ചരിത്രത്തിൽ ഏറ്റവുമധികം യുദ്ധങ്ങൾക്കും കലാപങ്ങൾക്കും രക്തച്ചൊരിച്ചിലിനും മറ്റും ഇടയാക്കിയിട്ടുള്ളത്.

വിവിധ മതങ്ങളെക്കുറിച്ചും അതിന് അടിത്തറ പാകിയ മഹാത്മാക്കളെക്കുറിച്ചും തികഞ്ഞ അജ്ഞത പുലർത്തുന്നവർക്ക് മാത്രമേ തന്റേതല്ലാത്ത മതത്തെക്കുറിച്ച് നിന്ദ്യമായ പരാമർശങ്ങൾ നടത്താൻ കഴിയൂ. ഇങ്ങനെയുള്ള പരാമർശങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാൻ കഴിയുന്ന പൗരബോധമുള്ള ഒരാളും അതിന് തയ്യാറാവുകയുമില്ല. എന്നാൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ അതിന് തയ്യാറായത് താരതമ്യേന സൗഹൃദാന്തരീക്ഷത്തിൽ കഴിയുന്ന പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടതുമായി ബന്ധപ്പെട്ട ടിവി ചർച്ചയിൽ പ്രവാചകനെക്കുറിച്ച് നിന്ദ്യമായ പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർശർമ്മ, ട്വിറ്ററിൽ വർഗീയ പരാമർശം നടത്തിയ പാർട്ടിയുടെ ഡൽഹി ഘടകം മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാൽ എന്നിവരെ പാർട്ടി സസ്‌പെൻഡ് ചെയ്യാൻ തയ്യാറായത് പ്രതിഷേധങ്ങൾ കെട്ടടങ്ങാനിടയാക്കുമെന്ന് കരുതാം. ഇതുപോലെയുള്ളവരെ അതത് പാർട്ടികളിൽ നിന്ന് പുറത്താക്കുന്ന നടപടിയാണ് നേതൃത്വങ്ങൾ സ്വീകരിക്കേണ്ടത്. ഇല്ലെങ്കിൽ നാല് വോട്ടിന് വേണ്ടി എന്തും വിളിച്ചുപറയാൻ തയ്യാറാകുന്നവരുടെ എണ്ണം കൂടുകയേ ഉള്ളൂ.

പ്രവാചക നിന്ദയ്ക്കെതിരെ ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപകമായ പ്രതിഷേധവും അക്രമസംഭവങ്ങളും ഉണ്ടായി. ഇതിൽ നാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്ളിം സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തു. വിദേശരാജ്യങ്ങളായ ഖത്തറും കുവൈറ്റും പ്രതിഷേധം അറിയിക്കുക കൂടി ചെയ്തപ്പോൾ രാജ്യത്തിനകത്തും പുറത്തും ഇന്ത്യയുടെ യശസ്സിന് കോട്ടം തട്ടുന്ന വിഷയമായി ഇതുമാറി. ഇതുപോലുള്ള പരാമർശങ്ങൾ തടയുന്നതിൽ ടിവിയും സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രകടനത്തിലായാലും പ്രസംഗത്തിലായാലും ചർച്ചയിലായാലും വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം. അങ്ങനെയുള്ളവരെ കുറ്റവാളികളായിത്തന്നെ കണക്കാക്കണം. അവർ പാർക്കേണ്ടത് സമൂഹമദ്ധ്യത്തിലല്ല ജയിലറകളിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.