SignIn
Kerala Kaumudi Online
Thursday, 25 April 2024 11.36 AM IST

സ്‌കൂൾ ഉച്ചഭക്ഷണം സുരക്ഷിതമാക്കണം

kk

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നിരവധി കുട്ടികൾ ആശുപത്രിയിലായ സംഭവം ആശങ്കയുളവാക്കുന്നു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ തൽക്ഷണം ഇടപെട്ടത് സ്വാഗതാർഹമാണ്. കുട്ടികളുടെ കാര്യത്തിൽ കണക്കിലേറെ ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികം.

ഉച്ചഭക്ഷണ വിതരണമുള്ള സകല സ്കൂളുകളിലും അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, പൊതുവിതരണ, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധനയ്ക്കിറങ്ങുന്നത്. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തി പരിഹാര നടപടിയെടുക്കാൻ ഒട്ടും വൈകരുത്. തലസ്ഥാന ജില്ലയിലെ ഉച്ചക്കട എം.എം.എസ് എൽ.പി സ്കൂളിൽ അൻപതോളം കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ലാബ് പരിശോധനയിൽ നോറാ വൈറസാണ് കുഴപ്പക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിൽ നിന്നോ മറ്റോ ആകാം വൈറസ് ബാധയുണ്ടായതെന്നാണ് അനുമാനം. രണ്ടുദിവസത്തിനകം പരിശോധനാഫലം കിട്ടുമ്പോൾ അറിയാം ഭക്ഷ്യവിഷബാധയുടെ ഉറവിടം.

ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെല്ലാവരും തന്നെ ആശുപത്രികൾ വിട്ടെങ്കിലും ഇവർ പഠിച്ചിരുന്ന സ്കൂളുകൾക്ക് ഒന്നുരണ്ടു ദിവസത്തെ അവധി കൂടി നൽകിയിരിക്കുകയാണ്. കുട്ടികൾക്കിടയിൽ പടർന്നഭീതിയും ആശങ്കയും ശമിപ്പിക്കാൻ അത് ഉപകരിക്കും.

കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത് അതീവ ശ്രദ്ധയോടെയും ശുദ്ധിയോടെയും ചെയ്യേണ്ട ഒരു മഹത് പ്രവൃത്തിയാണ്. വെറുമൊരു കർമ്മാനുഷ്ഠാനമായി കരുതുമ്പോഴാണ് പിഞ്ചുകുട്ടികൾ അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. ഭക്ഷ്യവിഷബാധയുടെ വാർത്ത പുറത്തുവന്ന ഉടനെ ചില സ്കൂളുകളിൽ പാചകപ്പുരയിലും കലവറയിലും നിന്നു പുറത്തുവന്ന വാർത്തകൾ അത്ര ശുഭകരമല്ല. പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളും വൃത്തിയില്ലാത്ത പാചകപ്പുരകളും കാലഹരണപ്പെട്ട പാത്രങ്ങളും ഉത്തരവാദിത്വമില്ലായ്മയുടെ പ്രകടമായ ലക്ഷണങ്ങൾ തന്നെയാണ്. ഉപയോഗിക്കുന്ന ജലം, ഭക്ഷ്യപദാർത്ഥങ്ങൾ, ആഹാരം വച്ചുവിളമ്പുന്നവരുടെ ശുചിത്വം എല്ലാം ആക്ഷേപങ്ങൾക്കിട നൽകാത്ത വിധം കുറ്റമറ്റ നിലയിലാകണം. സിവിൽ സപ്ളൈസ് ഗോഡൗണുകളിൽ പുഴുവരിച്ചും കീടബാധയേറ്റും കിടക്കുന്ന അരിയും പലവ്യഞ്ജനങ്ങളുമാകരുത് സ്കൂൾ ഉച്ചഭക്ഷണത്തിനു നൽകേണ്ടത്. ഗുണനിലവാരമുള്ള സാധനങ്ങൾ മാത്രം എത്തിക്കണമെന്ന് നിഷ്കർഷിക്കണം. ഇതൊക്കെ പരിശോധിച്ച് ഉറപ്പുവരുത്താൻ വകുപ്പുദ്യോഗസ്ഥർക്ക് ചുമതലയുണ്ട്. കുട്ടികളെ അന്നമൂട്ടാൻ പാടുപെടുന്ന പാചകത്തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനും നടപടിയെടുക്കണം.

സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ സുരക്ഷിതത്വം അണുവിട തെറ്റാൻ പാടില്ലെന്നു ശഠിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്വം. ആരാധനാലയങ്ങളിലെ പ്രസാദ വിതരണത്തിനു പോലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അതികർക്കശമായ നിബന്ധനകളുണ്ട്. ഏതു ഭക്ഷ്യോത്പന്നങ്ങൾ പരിശോധിക്കാനും തെറ്റുകണ്ടാൽ ശിക്ഷിക്കാനും അവർക്ക് അധികാരവും നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന സ്കൂളുകളിൽ അവരുടെ കണ്ണ് എത്തുന്നുണ്ടോ എന്ന് നിശ്ചയമില്ല. പുതിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശ്രദ്ധയും ഇവിടേക്കു പതിയേണ്ടിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പരിശോധനകൾ പൂർത്തിയാകുമ്പോൾ സമർപ്പിക്കപ്പെടുന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയും വേണം. സ്കൂളുകളിൽ കുട്ടികൾക്കു നൽകുന്ന കുടിവെള്ളവും ശുദ്ധമായിരിക്കണം. പ്രധാനാദ്ധ്യാപകർ മാത്രമല്ല ഇടയ്ക്കിടെ ഇവയൊക്കെ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും ചുമതല നൽകണം. രക്ഷാകർതൃസമിതി പ്രതിനിധികൾക്കും ജനപ്രതിനിധികൾക്കുമെല്ലാം ഇക്കാര്യത്തിൽ വലിയ ബാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.