SignIn
Kerala Kaumudi Online
Thursday, 28 March 2024 10.11 PM IST

വേണമെന്നുവച്ചാൽ ചെയ്യാനുമറിയാം

photo

വേണമെന്നു വിചാരിച്ചാൽ സർക്കാർ ഓഫീസിലും മണിക്കൂറുകൾ കൊണ്ട് തീരുമാനവും നടപടിയുമൊക്കെ ഉണ്ടാകും. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ കാര്യമാണ് പറയുന്നത്. പരമോന്നത കോടതി നൽകാൻ കല്പിച്ച അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം ലഭിക്കാൻ മാസങ്ങളായി അവർ കാത്തിരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പുതുക്കിയും ഫയലുകളുടെ പുറത്ത് അടയിരുന്നും സഹായവിതരണം വച്ചുതാമസിപ്പിച്ചു കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ. ദുരിതബാധിതരുടെ ഈ ദുരിതം ഞങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവന്ന് മണിക്കൂറിനകം അപേക്ഷകരിൽ 450 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ സഹായധനമെത്തിക്കാൻ നടപടിയുണ്ടായത് അഭിനന്ദനീയമാണ്.

അതിനു സഹായിച്ച സകല ഉദ്യോഗസ്ഥരെയും ഞങ്ങൾ ഹൃദയംഗമമായി അനുമോദിക്കുന്നു. സഹായം ലഭിച്ച ദുരിതബാധിതർ മനസുനിറഞ്ഞ് അവരോട് ഇതിനു കടപ്പെട്ടിരിക്കുമെന്നും തീർച്ചയാണ്. 3260 പേർ സഹായത്തിനായി ഇനിയും കാത്തിരിപ്പുണ്ട്. അവധി ദിവസം കൂടി ജോലിചെയ്ത് എത്രയും വേഗം എല്ലാവർക്കും സഹായത്തുക നൽകാനുള്ള തീവ്രശ്രമമാണ് കളക്ടറേറ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനായി മുൻകൈയെടുത്ത തദ്ദേശവകുപ്പ് മന്ത്രിയും ജില്ലാകളക്ടറും എൻഡോസൾഫാൻ സെല്ലിലെ ഉദ്യോഗസ്ഥരും അഭിനന്ദനമർഹിക്കുന്നു.

അതീവ ദുഃഖകരമായ ശാരീരിക സ്ഥിതിയും രോഗങ്ങളുമായി കഴിയുന്നവരാണ് എൻഡോസൾഫാൻ ഇരകൾ. ദീർഘനാൾ നീണ്ട ശ്രമഫലമായാണ് സുപ്രീംകോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയും ഇടപെടലുകളെത്തുടർന്ന് നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. അധികൃതർ അത് യഥാസമയം പാലിക്കാതിരുന്നപ്പോൾ പരമോന്നതകോടതി മൂന്നുവട്ടമാണ് പ്രശ്നത്തിലിടപെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് പുറപ്പെടുവിച്ച ഉത്തരവിൽ നഷ്ടപരിഹാരത്തുക നാലാഴ്ചയ്ക്കകം നൽകാൻ കർക്കശമായി നിർദ്ദേശിച്ചതാണ്. അതിനുശേഷവും അനുകൂല നടപടി ഉണ്ടാകാതിരുന്നത് പ്രതിഷേധമുയർത്തിയിരുന്നു. കാര്യങ്ങൾക്ക് ഗതിവേഗമുണ്ടാക്കാൻ ഞങ്ങളുടെ റിപ്പോർട്ടിലൂടെ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.

ദീർഘനാളത്തെ തെളിവെടുപ്പിനും സർവേയ്ക്കും അഭിമുഖത്തിനുമൊക്കെ ശേഷമാണ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയത്. സർക്കാരും മനുഷ്യാവകാശ കമ്മിഷനുമൊക്കെ അത് അംഗീകരിച്ചതുമാണ്. നഷ്ടപരിഹാരത്തിനായി ഇവരെല്ലാവരും അപേക്ഷ നൽകിയതുമാണ്. പുതിയ നടപടിക്രമങ്ങൾ നിശ്ചയിച്ചതാണ് ഇത്രയധികം കാലതാമസമുണ്ടാക്കിയത്. പത്രത്തിൽ വാർത്ത വന്നയുടനെ 450 പേർക്ക് സഹായം വിതരണം ചെയ്യാനായെങ്കിൽ ഇത് നേരത്തെയും നടക്കുമായിരുന്നല്ലോ. ഉദ്യോഗസ്ഥ സമീപനമാണ് പ്രശ്നം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കാര്യമാകുമ്പോൾ ഉത്സാഹം കുറയും. വർഷങ്ങളായി കൊടുംദുരിത സാഹചര്യങ്ങളിൽ കഴിയുന്നവരാണ് എൻഡോസൾഫാൻ ഇരകളെന്ന കാര്യം ഓർത്തിരുന്നെങ്കിൽ സഹായ വിതരണത്തിൽ തടസങ്ങൾ തലപൊക്കുമായിരുന്നില്ല.

ഇവരെപ്പോലെ സർക്കാരിന്റെ അർഹമായ ആനുകൂല്യങ്ങൾ കാത്ത് അനവധിപേർ സമൂഹത്തിലുണ്ട്. ഔദ്യോഗിക സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചാലേ കാലതാമസമില്ലാതെ സേവനം പ്രാപ്യമാവൂ. ഭരണാധികാരികൾ ഇക്കാര്യം അവസരം കിട്ടുമ്പോഴെല്ലാം ജീവനക്കാരെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന ശീലങ്ങളിൽനിന്ന് സിവിൽ സർവീസ് ഇതുവരെ മോചിതമായിട്ടില്ല. കാസർകോട് കളക്ടറേറ്റിൽ ഇപ്പോൾ ദൃശ്യമായ ചുമതലാബോധവും ഉൗർജ്ജസ്വലതയും അവശ്യസന്ദർഭങ്ങളിൽ മറ്റിടങ്ങളിലും മാതൃകയാക്കാവുന്നതേയുള്ളൂ. സേവനം ഒട്ടും കാലതാമസമില്ലാതെ അപേക്ഷകനിലെത്തുമ്പോഴാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ മൂല്യം അറിയാനാകുന്നത്. അപേക്ഷ സമർപ്പിച്ച് തീരുമാനവും കാത്തുകഴിയുന്ന പതിനായിരക്കണക്കിനു പേരെ ഓഫീസ് വരാന്തകളിൽ കാണാനാകും. എല്ലാം വേഗത്തിൽ ചെയ്തുകൊടുക്കാൻ പല കാരണങ്ങളാൽ കഴിഞ്ഞില്ലെന്നുവരാം. ഏറ്റവും അർഹതയുള്ള കേസുകളെങ്കിലും അടിയന്തരമായി ചെയ്തുകൊടുക്കാനാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.