SignIn
Kerala Kaumudi Online
Saturday, 20 April 2024 12.16 AM IST

പകർച്ചപ്പനി ;കൂടുതൽ കരുതൽ വേണം

photo

രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിട്ടും അപ്രതീക്ഷിതമായി തലപൊക്കുന്ന പകർച്ചവ്യാധികൾ കേരളത്തിന് വെല്ലുവിളി ഉയർത്തുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം ജില്ലയിൽ ഏതാനും ദിവസത്തെ ഇടവേളയിൽ ചെള്ളുപനി ബാധിച്ച് രണ്ടുപേർ മരണമടഞ്ഞു. വർക്കല ചെറുന്നിയൂരിൽ പത്താം ക്ളാസ് വിദ്യാർത്ഥിനി ചെള്ളുപനി മൂർച്ഛിച്ച് മരണപ്പെട്ടതാണു ആദ്യ സംഭവം. ഞായറാഴ്ച പാറശാലയിൽ സുബിത എന്ന മുപ്പത്തെട്ടുകാരിയാണ് ചെള്ളുപനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രോഗം തിരിച്ചറിയാൻ വൈകിയതാണ് രണ്ടുപേരെയും മരണത്തിലേക്കു നയിച്ചത്. രോഗി അത്യാസന്ന നിലയിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. കൂടുതൽ പരിശോധനയും നിരീക്ഷണവും വേണ്ടിവരുന്നു എന്നതാണ് പുതിയ സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നത്. ഒരു പനിയും നിസാരമായി തള്ളിക്കളയരുതെന്ന് സാരം. രണ്ട് ആശുപത്രികളിലെ ചികിത്സകൊണ്ടു രോഗം കുറയാതെ വന്നപ്പോഴാണ് പാറശാലയിലെ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്കാർ വിദഗ്ദ്ധ പരിശോധനയ്ക്കു മുതിർന്നിരുന്നെങ്കിൽ ആദ്യഘട്ടത്തിൽത്തന്നെ രോഗം കണ്ടെത്താൻ കഴിയുമായിരുന്നു. സാധാരണ പനിയെന്ന നിഗമനത്തിൽ കാര്യങ്ങൾ ലഘുവായി കണ്ടതിനു നൽകേണ്ടിവന്നത് വലിയ വിലയാണ്.

മഴക്കാലം കൂടി തുടങ്ങിയതോടെ സംസ്ഥാനത്താകെ പകർച്ചവ്യാധികൾ വർദ്ധിച്ചിട്ടുണ്ട്. ശുചിത്വവും ജാഗ്രതയും പരമാവധി പുലർത്തുക മാത്രമാണ് രോഗപ്രതിരോധത്തിനുള്ള വഴി. കുടിക്കാനുള്ള വെള്ളവും ശ്വസിക്കാനുള്ള വായുവും വരെ ഏറെ മലിനപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അവരവർ തന്നെ പരമാവധി ശ്രദ്ധ പുലർത്തുകയേ വഴിയുള്ളൂ. പിഞ്ചുകുട്ടികൾക്കു നൽകേണ്ട സ്കൂൾ ഉച്ചഭക്ഷണം പോലും പൂർണമായും സുരക്ഷിതമെന്നു പറയാനാകാത്ത സ്ഥിതിയാണ്. പച്ചക്കറികളിൽ, മത്സ്യത്തിൽ, മാംസത്തിൽ, പലവ്യഞ്ജനങ്ങളിൽ എല്ലാം കൂടിയോ കുറഞ്ഞോ വിഷം അടങ്ങിയിരിക്കുന്നു. ഹോട്ടലിൽനിന്ന് ഷവർമ്മ വാങ്ങിക്കഴിച്ച് രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യശാലകളിൽ വിപുലമായ പരിശോധനകൾ നടന്നു. വൃത്തിഹീനമായി കണ്ടെത്തിയ പല ഭക്ഷണശാലകളും അധികൃതർ അടപ്പിച്ചു. പലർക്കും പിഴ ചുമത്തി. ആദ്യ ആരവം അടങ്ങിയതോടെ എല്ലാം പഴയപടിയായിട്ടുണ്ട്.

കൊതുകുജന്യരോഗങ്ങൾ നാട്ടിലെമ്പാടുമുണ്ട്. ഓരോ വർഷവും ഡെങ്കിയും ചിക്കുൻഗുനിയയും ആയിരക്കണക്കിനാളുകളെയാണ് പിടികൂടുന്നത്. മാലിന്യനിർമ്മാർജ്ജനവും കൊതുകു നശീകരണവും ഇപ്പോഴും അധികൃതർക്ക് ഗൗരവമുള്ള വിഷയമായി തോന്നിയിട്ടില്ല. രോഗംവന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധ പ്രവർത്തനമാണെന്നു പറയാറുണ്ട്. പകർച്ചവ്യാധികൾ കാലാകാലങ്ങളിൽ വൻതോതിൽ പൊട്ടിപ്പുറപ്പെടാൻ കാരണം യഥാർത്ഥരോഗം അറിയാതെയുള്ള ചികിത്സ തന്നെ.

കുരങ്ങുപനി, തക്കാളിപ്പനി, ചെള്ളുപനി, ഷിഗെല്ല തുടങ്ങിയവയെക്കുറിച്ചൊക്കെ കേട്ടുകേൾവി പോലുമില്ലായിരുന്നു. ഈ അടുത്തകാലത്താണ് ഇവയൊക്കെ നമുക്കു ചുറ്റിലും ഉണ്ടെന്നറിയുന്നത്. ലോകത്തെ തളർത്തിയ മഹാമാരിയെ കഠിനാദ്ധ്വാനത്തിലൂടെ അമർച്ച ചെയ്യാൻ ഒരുവിധം കഴിഞ്ഞെന്നു ആശ്വസിച്ചിരിക്കുമ്പോഴാണ് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും വീണ്ടും രോഗം തലപൊക്കുന്നതായി വാർത്ത വരുന്നത്. ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും പഴയ ജാഗ്രതയും കരുതലുമൊക്കെ തുടരണമെന്നുമാണ് ഇത് ഓർമ്മിപ്പിക്കുന്നത്. പുതിയ പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്തെ ആശുപത്രികളും കൂടുതൽ സജ്ജമാകേണ്ടതുണ്ടെന്നാണ് ചെള്ളുപനി മരണങ്ങൾ വിളിച്ചോതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.