SignIn
Kerala Kaumudi Online
Thursday, 25 April 2024 1.19 AM IST

സഹകരണ രംഗത്തെ രാഷ്ട്രീയാതിപ്രസരം

high-court

തൊടുപുഴ പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായ ചില പരാമർശങ്ങൾ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും രാഷ്ട്രീയത്തിന്റെ ഇരകളാണെന്നാണ് നീതിപീഠത്തിൽ നിന്നുണ്ടായ പരാമർശം. രാഷ്ട്രീയക്കാരുടെ നഗ്നമായ ഇടപെടലുകൾ സഹകരണമെന്ന സങ്കല്പം പോലും ഇല്ലാതാക്കുന്ന അനേകം സംഘങ്ങളുണ്ട്. ഈ അമിത രാഷ്ട്രീയവത്‌‌ക്കരണം വൻതോതിലുള്ള അഴിമതിക്കും ക്രമക്കേടുകൾക്കും കാരണമാകുന്നു. സമീപകാലത്തെ വലിയ സഹകരണബാങ്ക് തട്ടിപ്പുകൾക്കെല്ലാം പിന്നിൽ രാഷ്ട്രീയ കൈകടത്തലുകളുണ്ടായിരുന്നു. ക്രമക്കേടുകളും പണാപഹരണങ്ങളും എങ്ങനെയും മൂടിവയ്ക്കാനും അതിലുൾപ്പെട്ടവരെ രക്ഷിക്കാനും കൂട്ടുനിൽക്കുന്നതും രാഷ്ട്രീയക്കാർ തന്നെയാണ്.

രാഷ്ട്രീയം കടന്നുകയറാതിരുന്ന ഒരു കാലത്താണ് സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം പിറവിയെടുത്തതും തഴച്ചുവളർന്നതും. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള സഹകരണ സ്ഥാപനങ്ങൾ എന്ന പേരുണ്ടാക്കാൻ നമ്മുടെ സഹകരണ സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും കഴിഞ്ഞു. രാഷ്ട്രീയക്കാർ പതിയെ സഹകരണ മേഖലയിലും പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് ചിത്രം മാറിയത്.

സഹകരണസംഘങ്ങളിൽ ജനാധിപത്യ സംവിധാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ സഹകരണ പ്രസ്ഥാനത്തിനു തന്നെ അവമതിയുണ്ടാക്കുന്ന തരത്തിൽ അവയിൽ രാഷ്ട്രീയം കുത്തിനിറച്ച് അംഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും അതതു കാലത്തെ ഭരണക്കാർ തന്നെയാണ്. സഹകരണ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് യുദ്ധസമാനമായ സാഹചര്യമാണ് പലേടത്തും ഉരുണ്ടുകൂടാറുള്ളത്. പൊലീസ് സംരക്ഷണയിലല്ലാതെ ഒരിടത്തും തിരഞ്ഞെടുപ്പു നടക്കുകയില്ലെന്ന സ്ഥിതിയും വന്നുചേർന്നിട്ടുണ്ട്. ലാത്തിച്ചാർജ് മാത്രമല്ല വെടിവയ്പു പോലും വേണ്ടിവന്ന അവസരങ്ങളുമുണ്ട്. പ്രൊഫഷണൽ മാനേജ്‌മെന്റ് ഇല്ലാത്തതിനാൽ കണക്കുസൂക്ഷിപ്പും ചിട്ടയോടെയുള്ള ഭരണവും പല സംഘങ്ങളിലും അസാദ്ധ്യമാണ്. ആസൂത്രിതമായ പണം വെട്ടിപ്പിന്റെ പേരിൽ എത്രയോ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനത്തിലായിട്ടുണ്ട്. അതിന്റെ പേരിൽ ഭരണസമിതിക്കാരും ഉദ്യോഗസ്ഥരുമടക്കം അനവധി പേർ നിയമനടപടികൾ നേരിടുന്നു.

ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് സഹകരണ പ്രസ്ഥാനം ഉറച്ച അടിത്തറയോടെ നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം അതിനെ നയിക്കുന്നവർ മറക്കരുത്. സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സഹകരണ സംഘങ്ങൾ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ചാൽ ജനങ്ങൾ അവയെ കൈവിടും.

രാഷ്ട്രീയാതിപ്രസരത്തിൽനിന്ന് സഹകരണ സ്ഥാപനങ്ങളെ വിടർത്തിയെടുക്കാൻ ഇനി സാദ്ധ്യമാണെന്നു തോന്നുന്നില്ല. അതേസമയം കാര്യക്ഷമതയോടെയും സത്യസന്ധമായും അവയെ നേർവഴിക്കു കൊണ്ടുപോകാൻ രാഷ്ട്രീയക്കാർ വിചാരിച്ചാലും കഴിയും. അതിനുവേണ്ട ആർജ്ജവവും പ്രവർത്തന മികവും ഉള്ളവരെ മാത്രം ഭരണസമിതിയിലേക്കു തിരഞ്ഞെടുക്കാനാകണം. ഗൂഢലക്ഷ്യവുമായി ഭരണസമിതിയിൽ കടന്നുകൂടാൻ വരുന്നവരെ അകറ്റിനിറുത്താനാകണം. അക്രമത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം പിടിക്കാൻ അവസരം നൽകരുത്. കോടതി നിർദ്ദേശമുണ്ടായിട്ടും തൊടുപുഴ കാർഷികസംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ അക്രമം അരങ്ങേറി. ഈ വിഷയമാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടപെടലിലേക്കു നയിച്ചത്. അക്രമം തടയാൻ ഇടപെടാതിരുന്ന പൊലീസ് നടപടിയെയും കോടതി നിശിതമായി വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.