SignIn
Kerala Kaumudi Online
Thursday, 18 April 2024 9.15 PM IST

ഈ തീക്കളി പടരരുത്

photo

സമൂഹത്തിൽ ഭൂരിപക്ഷം പേരും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിന് ജാതിഭേദ വ്യത്യാസമൊന്നുമില്ല. എന്നാൽ എല്ലാ മതങ്ങളിലും തീവ്രസ്വഭാവവും അന്യമത വിദ്വേഷവുമുള്ള ഒരു ചെറിയ വിഭാഗം നിലനിൽക്കുന്നുണ്ട്. ഇവരാകട്ടെ മതവിദ്വേഷം പ്രചരിപ്പിക്കാനായി വീണുകിട്ടുന്ന യാദൃച്ഛിക സംഭവങ്ങൾ പോലും ഉൗതിപ്പെരുപ്പിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. വിവിധ മതവിഭാഗങ്ങൾ ദശാബ്ദങ്ങളായി സമാധാനത്തോടെ ജീവിച്ചുവരുന്ന ഒരിടത്ത് കലാപമുണ്ടായാൽ ആ മുറിവുണങ്ങാൻ വർഷങ്ങൾ വേണ്ടിവരും. ഭിന്നിപ്പിച്ച് ചൂഷണം ചെയ്യുക എന്ന തന്ത്രമാണ് വിദ്വേഷം പരത്തുന്നവരുടെ ലക്ഷ്യം. അതിനാൽ കെട്ടടങ്ങിയ പ്രശ്നങ്ങൾ പോലും കുത്തിപ്പൊക്കാൻ ഇവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. കലാപത്തിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നതാകട്ടെ ഇരു മതവിഭാഗങ്ങളിലും ഉൾപ്പെട്ട സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ആയിരിക്കും.

പ്രവാചക നിന്ദയുടെ പേരിലുണ്ടായ പ്രതിഷേധങ്ങളും സംഘർഷങ്ങളും ഇന്ത്യയിൽ ഏതാണ്ട് കെട്ടടങ്ങിയതായിരുന്നു. മോശം പരാമർശം നടത്തിയ വ്യക്തിയെ ബി.ജെ.പി പുറത്താക്കുകയും ആ പരാമർശം തള്ളിക്കളയുകയും ചെയ്തിരുന്നു. രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കളും സമുദായനേതാക്കളും മതനേതാക്കളും ഇതിനെ അപലപിക്കുകയും ചെയ്തു. കേരളത്തിൽ സമാധാനപരമായ ഒട്ടേറെ പ്രതിഷേധ സമ്മേളനങ്ങളും നടന്നു. ജനാധിപത്യമര്യാദകൾ പാലിച്ചുകൊണ്ടാണ് ഇതെല്ലാം നടന്നത്. എന്നാൽ ഇന്റർനെറ്റിലൂടെ പല കേന്ദ്രങ്ങളും ഇത് സംബന്ധിച്ച വിവാദം ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതിന്റെ ഫലമെന്നു വേണം രാജസ്ഥാനിലെ ഉദയ്‌പൂർ നഗരത്തിലുണ്ടായ പൈശാചികമായ സംഭവത്തെ കാണേണ്ടത്. നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട തയ്യൽക്കാരനായ കനയ്യലാൽ എന്ന യുവാവിനെ പട്ടാപ്പകൽ രണ്ടുപേർ കടയിൽ കയറി തലവെട്ടിക്കൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ വികാരത്തിന്റെ പേരിൽ സംഭവിച്ചതാണെന്ന് കരുതാനാവില്ല. തികച്ചും ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിന്റെ പിന്നിൽ ദേശവിരുദ്ധ കേന്ദ്രങ്ങളുടെ ചരടുവലികൾ നടന്നിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഈ ക്രൂരമായ സംഭവം മൊബൈലിൽ ചിത്രീകരിച്ച് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചത് അതിന്റെ തെളിവാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പൗരബോധമുള്ള ഒരാളും കൈമാറില്ല. ഇത് തടയാൻ സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്നവർ അടിയന്തര നടപടി സ്വീകരിക്കണം. എല്ലാ രാഷ്ട്രീയകക്ഷികളും മതസംഘടനാ നേതാക്കളും ഇതിനെ അപലപിച്ച് പൊതുവേദിയിലെത്തണം. വിദ്വേഷക്കാരുടെ കൈയിലെ കളിപ്പാവകളാകാൻ സാധാരണക്കാരെ എറിഞ്ഞുകൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം ഭരണ- പ്രതിപക്ഷ ജാതി-മത ഭേദമെന്യെ എല്ലാവരും ഏറ്റെടുക്കണം. ഈ തീക്കളി പടരാൻ പാടില്ല. അതിനുള്ള സകല ജാഗ്രതയും ക്രമസമാധാനപാലകരും കൈക്കൊള്ളണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.