SignIn
Kerala Kaumudi Online
Friday, 19 April 2024 8.39 PM IST

പുതിയ ചരിത്രം കുറിക്കപ്പെടുന്നു

kk

ഇന്ത്യയിലെ ചില വിഭാഗങ്ങൾ നൂറ്റാണ്ടുകളായി പിന്നാക്കമായത് അവർക്ക് വിദ്യ അഭ്യസിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതുകൊണ്ടാണ്. ഉയർന്ന വിഭാഗക്കാരെന്ന് സ്വയം കരുതിയിരുന്നവരാകട്ടെ അറിവ് താഴേക്ക് പകരാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തുകയും ചെയ്തു. ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നവർ അടിമയാകാൻ തയാറാകില്ല. അജ്ഞതയിൽ ഉഴലുന്നവന് ചോദ്യങ്ങളുണ്ടാകില്ല. അവരെ കാലികൾക്ക് തുല്യരായി മുദ്രകുത്തി പുറംജോലികൾ ചെയ്യിക്കാം. അതാണ് കഴിഞ്ഞുപോയ നൂറ്റാണ്ടുകളുടെ ചരിത്രം. രാജ്യത്തിന്റെ അധിപയായി ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെടുമ്പോൾ അതിന് മറുചരിത്രം കുറിക്കപ്പെടുകയാണ്.

ദ്രൗപദി മുർമുവിനെ രാഷ്ട്രപതി പദവിയിലെത്തിച്ചതിന്റെ അടിസ്ഥാനശില വിദ്യാഭ്യാസമാണ്. ഇൗ ആധുനിക കാലത്തും വെെദ്യുതി എത്തിയിട്ടില്ലാത്ത അതീവ പിന്നാക്കമായ പ്രദേശത്താണ് അവർ ജനിച്ചത്. ഗ്രാമത്തിലെ സ്കൂളിൽ അഞ്ചാംതരത്തിനപ്പുറം പോകാൻ ഒരു വഴിയുമില്ലായിരുന്നു. പക്ഷേ കൊച്ചുദ്രൗപദിയുടെ മനസിൽ പഠിക്കണം, പഠിക്കണമെന്ന ചിന്ത മന്ത്രം പോലെ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. ജന്മനിയോഗങ്ങൾ പൂർത്തിയാകാതിരിക്കില്ലല്ലോ.

മയൂർബെഞ്ച് ജില്ലയിലെ റായ്‌രംഗപ്പൂർ എന്ന ചെറുപട്ടണത്തിൽ ഒരു മന്ത്രി പങ്കെടുക്കുന്ന ചടങ്ങ് കാണാൻ കുട്ടിയായ ദ്രൗപദിയെയും കൂട്ടിയാണ് അന്നൊരുദിനം അച്ഛൻ പോയത്. ചടങ്ങ് കഴിഞ്ഞയുടൻ അച്ഛന്റെ കെെവിട്ട് ആ കുട്ടി സ്റ്റേജിലേക്ക് ഒാടിക്കയറി. കെെയിലിരുന്ന സ്കൂൾ സർട്ടിഫിക്കറ്റ് മന്ത്രിയെ കാണിച്ച് എനിക്ക് ഭുവനേശ്വറിലെ ഏതെങ്കിലും സ്കൂളിൽ പഠിക്കണമെന്ന് നിഷ്കളങ്കമായി പറഞ്ഞു. കുട്ടിയുടെ ഉത്സാഹം കണ്ട് ഇഷ്ടപ്പെട്ട കാർത്തിക് മാജി എന്ന മന്ത്രി ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ച് ഭുവനേശ്വറിലെ സർക്കാർ സ്കൂളിൽ പ്രവേശനം ഉറപ്പാക്കാനുള്ള ഉത്തരവ് നൽകി. റെയ്സീനാകുന്നിലെ പ്രൗഢഗംഭീരമായ മന്ദിരത്തിലേക്കുള്ള മുർമുവിന്റെ യാത്രയുടെ തുടക്കം അവിടെ നിന്നാണ്. എന്തെങ്കിലുമൊക്കെ ത്യജിക്കാതെ ജീവിതത്തിൽ ആ‌ർക്കും ഒന്നുമാകാൻ കഴിയില്ല. അങ്ങനെ നോക്കുമ്പോൾ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച വനിതയാണ് ദ്രൗപദി മുർമു. ഇറിഗേഷൻ വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി ലഭിച്ച ജോലി രാജിവച്ച് വീടിന്റെ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാനായി അവർക്ക് ഭുവനേശ്വരിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അവിടെ അവർ അരബിന്ദോ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ പോയി. ഒരു പെെസ പോലും ശമ്പളമായി കെെപ്പറ്റിയില്ല. റിക്ഷക്കൂലി മാത്രമാണ് വാങ്ങിയത്. എന്തുകൊണ്ട് ശമ്പളം വാങ്ങുന്നില്ലെന്ന് മറ്റുള്ളവർ ചോദിച്ചപ്പോൾ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നത് ജോലിയല്ല,പൊതുസേവനമാണെന്നും കുടുംബത്തിന് അല്ലലില്ലാതെ കഴിയാൻ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ശമ്പളം മതിയെന്നുമായിരുന്നു ദ്രൗപദിയുടെ മറുപടി. 1997-ൽ പഞ്ചായത്ത് കൗൺസിലറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ഒരുപക്ഷേ അധികാരശ്രേണിയിലെ ഇങ്ങേത്തലപ്പിൽ നിന്ന് അങ്ങേത്തലപ്പിലെത്തിയ ആദ്യത്തെ വനിത കൂടിയാവും ദ്രൗപദി മുർമു. വ്യക്തിജീവിതത്തിൽ നിരവധി ക്രൂരമായ നഷ്ടങ്ങളിലൂടെയും അവർക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. 2009-ൽ മൂത്തമകൻ മരിച്ചു. ഏതാനും വർഷത്തിനുശേഷം രണ്ടാമത്തെ മകനും ഭർത്താവും മരിച്ചു. 'ഇനി എന്റെ ജീവിതം എന്തിന് ബാക്കിയെന്ന് ' കൂടെയുള്ളവരോട് അവർ കരഞ്ഞുകൊണ്ട് പറയുമായിരുന്നു . സാധാരണ നിലയിൽ ഏതൊരു സ്ത്രീക്കും അതിജീവിക്കാൻ കഴിയാത്ത ആ പ്രതിസന്ധി അസാധാരണമായ മനക്കരുത്തിന്റെ ബലത്തിൽ അവർ അതിജീവിക്കുകയും പിന്നീട് മുഴുവൻ സമയവും പൊതുസേവനത്തിനായി നീക്കിവയ്ക്കുകയും ചെയ്തു. പഞ്ചായത്ത് കൗൺസിലറായിരുന്ന കാലത്ത് മാലിന്യനിർമ്മാർജ്ജന ജോലികൾ നടത്തുന്ന തൊഴിലാളികളോടൊപ്പം സദാസമയം ചെലവഴിക്കുന്നതായിരുന്നു അവരുടെ രീതി. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം പ്രവൃത്തിയിലൂടെ അത് കാണിച്ചുകൊടുക്കുകയും ചെയ്‌തു അവർ. വാക്കും പ്രവൃത്തിയും തമ്മിൽ വലിയ അന്തരം പുലർത്തുന്ന ചില രാഷ്ട്രീയക്കാർക്ക് ഒരു അപവാദമാണ് ദ്രൗപദി മുർമുവിന്റെ രാഷ്ട്രീയജീവിതം. രണ്ട് തവണ എം.എൽ.എയും ഒരു തവണ മന്ത്രിയും പിന്നീട് ജാ‌ർഖണ്‌ഡ് ഗവർണറുമായി സേവനമനുഷ്ഠിച്ചു അവർ.

ജാർഖണ്‌ഡ് ഗവർണറായിരിക്കെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി തുറന്നിട്ട വാതിലുകളായിരുന്നു രാജ്ഭവന്റേത്. 2015-ൽ ഗവർണറായിരുന്ന കാലത്ത് ഒരു വിവാദത്തിലും അവർ കഥാപാത്രമായില്ല. ഗവർണറായിരിക്കെ നാട്ടിലെ റെയിൽവേ വികസനത്തിന് നിവേദനം നൽകാൻ പ്രതിനിധി സംഘത്തോടൊപ്പം കേന്ദ്രമന്ത്രിയെ പോയികാണുകയും ചെയ്തു. പ്രോട്ടോക്കോളല്ല ജനങ്ങളുടെ ആവശ്യങ്ങളാണ് പ്രധാനം എന്നതായിരുന്നു അവരുടെ കാഴ്‌ചപ്പാട്. 2017-ൽ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മുർമുവിനെ പരിഗണിച്ചിരുന്നു. എന്നാൽ ഇത്തവണയാണ് അതിന്റെ സമയമായത്. പേര് പ്രഖ്യാപിച്ച അന്നുതന്നെ വിജയം ഉറപ്പാക്കിയ സ്ഥാനാർത്ഥികൂടിയാണ് ദ്രൗപദി മുർമു. മമതാ ബാനർജിക്ക് പോലും സ്വന്തം പാർട്ടിക്കാരനായ യശ്വന്ത് സിൻഹയ്ക്ക് വേണ്ടി വീറോടെ വോട്ട് ചോദിക്കാനായില്ല. ദ്രൗപദി മുർമുവാണ് സ്ഥാനാർത്ഥിയെന്ന് അറിഞ്ഞിരുന്നെങ്കിൽ തങ്ങൾ സ്ഥാനാർത്ഥിയെ നിറുത്തില്ലായിരുന്നെന്നാണ് അവർ പ്രതികരിച്ചത്. ആദിവാസി ഗോത്രത്തിൽ പിറന്ന ഒരംഗത്തെ രാഷ്ട്രപതിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നതിന് പകരം നിന്ദിക്കാൻ ചിലരെങ്കിലും ശ്രമിച്ചതിന് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം എന്ന് കവി പാടിയതിനപ്പുറം എന്തുപറയാൻ. ദ്രൗപദി മുർമുവിന്റെ രാഷ്ട്രപതി പദവി ഇന്ത്യയിൽ ഒരു പുതിയ ചരിത്രത്തിന്റെ ഉദയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.