SignIn
Kerala Kaumudi Online
Friday, 19 April 2024 7.40 AM IST

സ്വാതന്ത്ര്യ‌ത്തിന്റെ 75 വർഷങ്ങൾ

kk

ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണപതാക ഉയർത്തുമ്പോൾ ഇന്ത്യ സാഭിമാനം ഇന്ന് സ്വാതന്ത്ര്യ‌ത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. വിഭജനത്തിന്റെ മുറിവുമായി ബ്രിട്ടീഷുകാരനിൽ നിന്ന് തിരിച്ചുകിട്ടിയ ഇന്ത്യയിൽ ഭൗതികമായി നമുക്ക് അഭിമാനിക്കാൻ കാര്യമായ ശേഷിപ്പുകളൊന്നുമില്ലായിരുന്നു. എന്നാൽ പട്ടിണിയും കണ്ണീരും ആവോളമുണ്ടായിരുന്നു. അത്യധികം നിരപ്പായ ആ തുടക്കത്തിൽ നിന്ന് മുന്നോട്ട് ഗമിക്കാൻ ഇന്ത്യയ്ക്ക് ബലം പകർന്നത് സ്വാതന്ത്ര്യ‌സമരത്തിന്റെ സഹന കഥകളും ആ സമരം നയിച്ച നേതാക്കൾ പകർന്നുതന്ന ഇച്ഛാശക്തിയും മാത്രമായിരുന്നു.

1857-ലെ ഒന്നാം സ്വാതന്ത്ര്യ‌സമരമാണ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ അടിസ്ഥാനശില. അതുകഴിഞ്ഞ് നൂറ് വർഷം തികയും മുമ്പ് ഇന്ത്യ സ്വതന്ത്രമായപ്പോൾ അതിനായി ഇന്ത്യൻ ജനത അവലംബിച്ച മാർഗം ലോകത്ത് അന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത അഹിംസയുടെയും സഹനത്തിന്റെയും വഴിയായിരുന്നു. വാളിന്റെ മൂർച്ചയിലൂടെയോ തോക്കിന്റെ കുഴലുകളിലൂടെയോ അല്ലാതെ അതുവരെ ആരും ഒരു രാജ്യം വെട്ടിപ്പിടിക്കുകയോ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ലായിരുന്നു. മനഃശക്തിയുടെ മുന്നിൽ ശരീരത്തിന്റെ കരുത്ത് ഒന്നുമല്ലെന്ന് തെളിയിച്ച ആ പാഠം ഇന്ത്യയുടെ യഥാർത്ഥ സംസ്കാരത്തിന്റെ പാഠഭേദം കൂടിയാണ്. അതിനാൽ , ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഉരുവിട്ട് അർദ്ധനഗ്നനായി സ്വാതന്ത്ര്യസമരത്തിന്റെ മുന്നിൽനടന്ന മഹാത്മാഗാന്ധിയുടെ പ്രസക്തി ഇന്ത്യയിൽ അസ്‌തമിക്കില്ല. അതേസമയം സായുധ പോരാട്ടത്തിലൂടെയാണ് ബ്രിട്ടീഷുകാരെ ഇറക്കിവിടേണ്ടതെന്ന് വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്ത സുഭാഷ് ചന്ദ്രബോസിനെയും ഇന്ത്യയ്ക്ക് മറക്കാനാവില്ല. ഒരു നാണയത്തിന്റെ ഇരുവശങ്ങൾപോലെ ഈ രണ്ട് ഭാവങ്ങളും ചേർന്നാണ് എന്നത്തെയും ഇന്ത്യ. ലോകത്തെ സമാധാനപരമായ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നില ഇന്ന് നമ്മൾ കൈവരിച്ചതിന്റെ പിന്നിൽ സ്വാതന്ത്ര്യ സമരം നയിച്ച പൂർവസൂരികൾ തെളിച്ച വേറിട്ട പാതയുടെ സ്വാധീനം അതിശക്തമായി നിലകൊള്ളുന്നു. ഇന്ത്യയുടെ മതേതര സങ്കല്പത്തിനും ശാസ്ത്ര സാങ്കേതിക ബഹിരാകാശ ഗവേഷണങ്ങൾക്കും അടിത്തറപാകിയ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവനകൾ വിമർശനത്തിന്റെ കാർമേഘങ്ങൾകൊണ്ട് ആർക്കും മറയ്ക്കാൻ കഴിയുന്നതുമല്ല. ഫെഡറൽ ഇന്ത്യയെ സൃഷ്ടിക്കാൻ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ നയചാതുരിയോടെ കൂട്ടിച്ചേർത്ത സർദ്ദാർ വല്ലഭായ് പട്ടേലിന്റെ ഉയരം ഏതു പ്രതിമയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്.

ബാലഗംഗാധര തിലകൻ, ദാദാബായ് നവ്‌‌റോജി, ഗോപാൽകൃഷ്ണ ഗോഖലെ, ഡോ. രാജേന്ദ്രപ്രസാദ്, മൗലാനാ അബ്ദുൾകലാം ആസാദ്, അംബേദ്‌കർ, ഇൻക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ചുകൊണ്ട് കഴുമരത്തിലേക്ക് നടന്നുപോയ ഭഗത്‌സിംഗ്... അങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയെത്ര വീരന്മാരുടെ ഇതിഹാസ തുല്യമായ ത്യാഗമാണ് പാരതന്ത്ര്യ‌ത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത്. 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയപ്പോൾ കാരണവന്മാർ കടത്തിലാക്കിയ, ക്ഷയിച്ച ഒരു തറവാടു പോലെയായിരുന്നു ഇന്ത്യ. സ്വന്തമായി ഭരണഘടന പോലുമില്ല. ശക്തമായ സായുധസേനയില്ല. കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളൊക്കെ തകർന്നുകിടക്കുന്നു. ജനങ്ങളിൽ മുപ്പത് ശതമാനത്തിന് പോലും സാക്ഷരത ഇല്ല. അമേരിക്കയിൽ നിന്ന് ഗോതമ്പ് കപ്പലിൽ വരുന്നതും കാത്ത് ഭരണാധികാരികൾക്ക് നിൽക്കേണ്ടിവന്ന ആ കാലത്തു നിന്നാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പിന്റെ തുടക്കമായ ഹരിതവിപ്ളവം ആരംഭിക്കുന്നത്. പിന്നീട് വന്ന വ്യാവസായിക മുന്നേറ്റത്തിന് വേഗത ഉണ്ടായില്ലെന്ന് ഖേദപൂർവം പറയേണ്ടിവരും. അതുകഴിഞ്ഞ് വർഷങ്ങൾക്കിപ്പുറവും റോക്കറ്റ് സൈക്കിളിൽ കെട്ടിവച്ചുകൊണ്ടാണ് ഡോ. എ.പി.ജെ അബ്ദുൾകലാം തിരുവനന്തപുരത്തിന്റെ വഴികളിലൂടെ നടന്നുപോയത്.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് നാമാവശേഷമായ ജർമ്മനി, ജപ്പാൻ തുടങ്ങിയ പല രാജ്യങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ വമ്പൻ സാമ്പത്തിക ശക്തികളായപ്പോൾ ഇന്ത്യ കിതച്ചുകൊണ്ടാണ് മുന്നോട്ട് നീങ്ങിയത്. വികസനത്തിനപ്പുറം രാഷ്ട്രീയത്തിന് മേൽക്കൈ ലഭിച്ച കാലമായിരുന്നു ഇന്ദിരാഗാന്ധിയുടെ ഭരണകാലമെങ്കിലും എല്ലാ രംഗങ്ങളിലും പുരോഗതിയുടെ ചിഹ്നങ്ങൾ പതിക്കാനും ഏറ്റവും വലിയ സായുധശക്തികളിലൊന്നായി ഇന്ത്യയെ മാറ്റാനും അവർക്ക് കഴിഞ്ഞു. രാഷ്ട്രീയത്തിൽ നിന്നും തിരിച്ച് സാമ്പത്തിക അജണ്ടയിലേക്ക് ഇന്ത്യയെ മാറ്റുന്നതിന്റെ തുടക്കം രാജീവ്‌ഗാന്ധിയുടെ കാലത്താണെങ്കിലും വിപ്ളവകരമായ മാറ്റങ്ങളിലൂടെ ഫലവത്തായ രീതിയിൽ അത് പൂർത്തീകരിച്ചത് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയും മൻമോഹൻസിംഗ് ധനകാര്യമന്ത്രിയും ആയിരുന്ന കാലയളവിലാണ്. ഇതിനിടയിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഭരണനടപടി മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതിലൂടെ വി.പി. സിംഗ് സാദ്ധ്യമാക്കുകയും ചെയ്തു. ബാബ്റി മസ്ജിദ് തകർക്കൽ, ഡൽഹിയിലും ഗുജറാത്തിലും നടന്ന വംശീയകലാപങ്ങൾ, മുംബയ് ഭീകരാക്രമണം തുടങ്ങി ചോരപൊടിഞ്ഞ, മറക്കാനാകാത്ത ഏടുകളും ഇതിനിടയിൽ ഉണ്ടായി.

75 വർഷം പിന്നിടുമ്പോൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇപ്പോൾ അതിശക്തമായ ഒരു ഇന്ത്യയാണ് ഉയർന്നുവരുന്നത്. എല്ലാ രംഗങ്ങളിലും സമഗ്രമായ മുന്നേറ്റവും ആധിപത്യവും നേടാൻ ഇന്ത്യയ്ക്കാവുമെന്ന പ്രതീക്ഷയാണ് ഉണർന്നിരിക്കുന്നത്. മതേതരത്വത്തിലും ജനാധിപത്യത്തിലും വേരുകളൂന്നി നിൽക്കുന്ന അതിശക്തമായ ഒരു ഭരണഘടനയും വൈരുദ്ധ്യങ്ങളുടെ അത്ഭുതാവഹമായ സമന്വയവും ഉള്ളതിനാൽ ഇന്ത്യയുടെ യാത്ര മുന്നോട്ടാണെന്ന് മാത്രമല്ല മുന്നിലേക്കാണെന്നും നിസംശയം കണക്കാക്കാം. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്നായ അഴിമതി സജീവമായി നിലനിൽക്കുന്നത് നമ്മൾ ജനങ്ങൾ പരിഹരിക്കേണ്ട ഏറ്റവും വലിയ വെല്ലുവിളിയായി ഇപ്പോഴും മുന്നിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.